Connect with us

Kerala

ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു; ഡാം തുറന്നാല്‍ എന്ത് സംഭവിക്കും? സര്‍വേ തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം: അതിവര്‍ഷത്തെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ വെള്ളം തുറന്നുവിട്ടാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സര്‍ക്കാര്‍ കണക്കെടുപ്പ് തുടങ്ങി. എത്ര പേരെ ബാധിക്കുമെന്നും സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെക്കുറിച്ചും വിശദമായ കണക്കെടുപ്പ് തുടങ്ങി.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെ തീരുമാനം അനുസരിച്ചാണ് നടപടി.
ഇന്നലെ വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് ഇടുക്കി അണക്കെട്ടില്‍ 2,392 അടി വെള്ളമുണ്ട്. റിസര്‍വോയറില്‍ സംഭരിക്കാവുന്നത് 2,403 അടി വെള്ളമാണ്. മഴ തുടരുന്നതിനാല്‍ ശക്തമായ നീരൊഴുക്കാണ്. സംഭരണിയിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വെള്ളം തുറന്നുവിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.
ഇടുക്കി അണക്കെട്ടിലെ വെള്ളം തുറന്നുവിടുകയാണെങ്കില്‍ എത്ര താമസക്കാരെ ബാധിക്കുമെന്നും വെള്ളം ഒഴുകിപ്പോകുന്ന ചാലുകളിലെ തടസ്സങ്ങള്‍ എന്തൊക്കെയാണെന്നും മനസ്സിലാക്കുന്നതിനാണ് സര്‍വേ. പുഴയുടെ ഇരു വശങ്ങളിലും നൂറ് മീറ്ററിനുള്ളിലുള്ള കെട്ടിടങ്ങള്‍ സംബന്ധിച്ച വിവരം ദുരന്തനിവാരണ അതോറിറ്റി അതിസൂക്ഷ്മ ഉപഗ്രഹചിത്രങ്ങളില്‍ നിന്ന് തയ്യാറാക്കിയിട്ടുണ്ട്. ഇത് കൂടി അടിസ്ഥാനമാക്കി ഈ കെട്ടിടങ്ങളില്‍ താമസിക്കുന്നവരെക്കുറിച്ചുളള വിവരം അടിയന്തരമായി ശേഖരിക്കാന്‍ ഉന്നതതലയോഗം നിര്‍ദേശം നല്‍കി.

റവന്യൂ, ജലവിഭവ വകുപ്പുകളും കെ എസ് ഇ ബിയും ചേര്‍ന്നാണ് സര്‍വേ നടത്തുക. ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ ഇടുക്കി, എറണാകുളം ജില്ലാ കലക്ടര്‍മാരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. യോഗത്തില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, ജലവിഭവ മന്ത്രി മാത്യു ടി തോമസ്, റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍, വൈദ്യുതി ബോര്‍ഡ് സി എം ഡി. എന്‍ എസ് പിള്ള, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest