ഇറാന്‍, ഈജിപ്ത്, ഇന്ത്യ: നിയന്ത്രണങ്ങളുടെ രാഷ്ട്രീയം

കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബ്രോഡ്കാസ്റ്റ് എന്‍ജിനീയര്‍ കണ്‍സല്‍ട്ടന്റ്‌സ് ഇന്ത്യാ ലിമിറ്റഡ് ആണ് സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാനുള്ള സോഫ്റ്റ്‌വെയര്‍ പ്രൊജക്ട് വികസിപ്പിച്ചത്. ഇത് നിലവില്‍ വരുന്നതോടെ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും ജില്ലാ അടിസ്ഥാനത്തില്‍ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെ മുഴുവന്‍ സാമൂഹിക മാധ്യമങ്ങളെയും സ്ഥിരമായി നിരീക്ഷിക്കാനുള്ള സംവിധാനവും ജോലിക്കാരുമുണ്ടാകും. സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ വിലയിരുത്താനും വര്‍ഗീകരിക്കാനുമുള്ള ഈ സ്ഥിരം സംവിധാനം പൂര്‍ണമായും നിയന്ത്രിക്കുന്നത് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയമായിരിക്കും.
Posted on: July 24, 2018 10:24 pm | Last updated: July 24, 2018 at 10:24 pm
SHARE

സോഷ്യല്‍ മീഡിയ ഉപയോഗിച്ച നാല്‍പ്പത് പേരെ കഴിഞ്ഞ ദിവസം ഇറാന്‍ അറസ്റ്റ് ചെയ്തത് മാന്യതയില്ലാത്ത ചില ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനാലായിരുന്നു. രാജ്യത്തെ പൊതുതാത്പര്യത്തിനെതിരെ അശ്ലീലമായ ഉള്ളടക്കം വ്യാപകമായി പോസ്റ്റ് ചെയ്തതിനും പങ്കുവെച്ചതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഐ ആര്‍ എന്‍ എ ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്. അശ്ലീല വസ്ത്രധാരണം നടത്തി ഡാന്‍സ് ചെയ്ത വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തതിന് 88,000 ഫോളോവേഴ്‌സുള്ള മാദി ഹൊജാബ്‌റി എന്ന മോഡലിനെ ഇറാന്‍ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഡാന്‍സ് കളിക്കുന്ന പടങ്ങള്‍ തുടര്‍ച്ചയായി പോസ്റ്റ് ചെയ്ത യുവതികളാണ് സ്ത്രീ വസ്ത്രധാരണത്തില്‍ കര്‍ശന നിയമങ്ങള്‍ പിന്തുടരുന്ന ഇറാനില്‍ ഇപ്പോള്‍ അറസ്റ്റിലായത്.

ജനകീയ സാമൂഹിക മാധ്യമങ്ങളെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഈജിപ്ഷ്യന്‍ പാര്‍ലിമെന്റ് ജൂണ്‍ പതിനെട്ടിന് പാസ്സാക്കിയതും ശ്രദ്ധേയമായ മാറ്റമാണ്. വ്യാജ വാര്‍ത്തകള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഈജിപ്ത് സര്‍ക്കാര്‍ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. വ്യാജ വാര്‍ത്തകള്‍ രാജ്യത്തിന്റെ ഔദ്യോഗിക അനൗദ്യോഗിക രംഗങ്ങളില്‍ സൃഷ്ടിക്കുന്ന ദൂരവ്യാപകമായ സ്വാധീനം കണക്കിലെടുത്ത് അഞ്ച് വര്‍ഷം മുമ്പ് തന്നെ സോഷ്യല്‍ മീഡിയ നിരോധിക്കാന്‍ ഈജിപ്ത് നീക്കങ്ങള്‍ ആരംഭിച്ചിരുന്നു.

അബ്ദുല്‍ ഫത്താഹ് അല്‍ സിസി സര്‍ക്കാറിന്റെ കരുതല്‍ നടപടിയുടെ ഭാഗമായുള്ള ഈ നീക്കം ലോകരാജ്യങ്ങളിലെ മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ 180ല്‍ 161ാം സ്ഥാനത്തേക്ക് ഈജിപ്ത് താഴാന്‍ കാരണമായി. ജനകീയ അട്ടിമറികളും ഭരണസ്തംഭനവും മുന്നില്‍ കണ്ടാണ് ഈ നീക്കമെന്നും വ്യാജ വാര്‍ത്ത വെറും പേരിനുമാത്രം മുന്നില്‍ വെക്കുന്ന കാരണമാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അയ്യായിരം ഫോളോവേഴ്‌സുള്ള ഫേസ്ബുക്ക് പേജുകള്‍ നേരത്തേ തന്നെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഈജിപ്ത് നിരോധിച്ചത് അഞ്ഞൂറിലധികം വെബ്‌സൈറ്റുകളാണ്. ഇതില്‍ രാജ്യത്ത് സജീവമായി ഇടപെടുന്ന ജനകീയ മാധ്യമ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളും ഉള്‍പ്പെടും. തീവ്രവാദവും വ്യാജവാര്‍ത്തയുമായിരുന്നു ഈ നിരോധനത്തിലേക്ക് നയിച്ചതെന്നാണ് സര്‍ക്കാര്‍ നിലപാട്.

പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ ഈ ബില്ലിനെതിരെ രംഗത്ത് വന്നുകഴിഞ്ഞു. ഭരണഘടനാവിരുദ്ധവും പത്രസ്വാതന്ത്ര്യത്തിന് വിലങ്ങണിയിക്കുന്നതുമായ നീക്കമാണ് ഈജിപ്ഷ്യന്‍ സര്‍ക്കാറിന്റെതെന്ന് ഈജിപ്തിലെ ജേണലിസ്റ്റ് യൂനിയന്‍ പ്രസിഡന്റ് അബ്ദുല്‍ മുഹ്‌സിന്‍ സലാമ കുറ്റപ്പെടുത്തി. സോഷ്യല്‍ മീഡിയയെ പൂര്‍ണമായി വരുതിയിലാക്കാനും സാമൂഹിക വിഷയങ്ങളിലെ ജനകീയ ഇടപെടലുകള്‍ നിയന്ത്രിക്കാനുമുള്ള നീക്കമാണിതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ആരോപിക്കുകയും ചെയ്തു. പുതിയ ബില്‍ നിരപരാധികളായ മാധ്യമപ്രവര്‍ത്തകരെ അനാവശ്യമായി അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിക്കുമെന്ന് മറ്റൊരു ഈജിപ്ഷ്യന്‍ ജേണലിസ്റ്റായ യഹ്‌യ കാലാഷ് കഴിഞ്ഞ ദിവസം തുറന്നടിക്കുകയുണ്ടായി. സര്‍ക്കാര്‍ നിലപാടുകളിലെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരെ ഓണ്‍ലൈനില്‍ സജീവമായി എഴുതുന്ന യുവ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വെച്ചാണ് ഈ അനീതിയെന്നും അദ്ദേഹം ആരോപിക്കുന്നു.

കേന്ദ്ര സര്‍ക്കാറിന്റെ സോഷ്യല്‍ മീഡിയ ഹബ്

താരതമ്യേന മാധ്യമ സാന്ദ്രതയും സ്വാതന്ത്ര്യവുമുള്ള ഇന്ത്യയിലും സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള വ്യക്തമായ നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയില്‍ നിലവിലുള്ള മുഴുവന്‍ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കുകളിലെയും സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാനും സ്ഥിരമായി നിരീക്ഷണം ഏര്‍പ്പെടുത്താനും നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുമായാണ് മോദി സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ ഹബ് പ്രൊജക്ട് നടപ്പിലാക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബ്രോഡ്കാസ്റ്റ് എന്‍ജിനീയര്‍ കണ്‍സല്‍ട്ടന്റ്‌സ് ഇന്ത്യാ ലിമിറ്റഡ് ആണ് സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാനുള്ള സോഫ്റ്റ്‌വെയര്‍ പ്രൊജക്ട് വികസിപ്പിച്ചത്. ഇത് നിലവില്‍ വരുന്നതോടെ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും ജില്ലാ അടിസ്ഥാനത്തില്‍ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെ മുഴുവന്‍ സാമൂഹിക മാധ്യമങ്ങളെയും സ്ഥിരമായി നിരീക്ഷിക്കാനുള്ള സംവിധാനവും ജോലിക്കാരുമുണ്ടാകും. സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ വിലയിരുത്താനും വര്‍ഗീകരിക്കാനുമുള്ള ഈ സ്ഥിരം സംവിധാനം പൂര്‍ണമായും നിയന്ത്രിക്കുന്നത് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയമായിരിക്കും. ഇംഗ്ലീഷിന് പുറമെ ഹിന്ദി, ഉറുദു, തെലുഗു, മലയാളം, കന്നട, ബംഗാളി, പഞ്ചാബി, തമിഴ് ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളിലുള്ള സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും സോഷ്യല്‍ മീഡിയ ഹബ് പ്രൊജക്ടില്‍ സംവിധാനങ്ങളുണ്ട്.

കേന്ദ്ര സര്‍ക്കാറിന്റെ ഈ നീക്കത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് വിമര്‍ശനങ്ങള്‍ വന്നുകഴിഞ്ഞു. വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണോ സോഷ്യല്‍ മീഡിയ ഹബ് കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് സുപ്രീം കോടതിയും കഴിഞ്ഞ ദിവസം ചോദിക്കുകയുണ്ടായി. അതിനിടെ, കേന്ദ്ര സര്‍ക്കാറിന്റെ മാധ്യമ നിലപാടുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ജനകീയ വിഷയങ്ങളില്‍ നടക്കുന്ന സാമൂഹിക മാധ്യമങ്ങളിലെ ക്യാമ്പയിനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കമാണിതെന്ന് വിവിധ കോണുകളില്‍ നിന്ന് പ്രതികരണങ്ങള്‍ വന്നുകഴിഞ്ഞു. 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നീക്കമാണിതെന്നാണ് വ്യാപക വിലയിരുത്തല്‍. സോഷ്യല്‍ മീഡിയ വിവരങ്ങള്‍ ഉപയോഗപ്പെടുത്തി വോട്ടുബേങ്ക് അട്ടിമറിക്കാനും സര്‍ക്കാര്‍ അനുകൂല തരംഗം കൃത്രിമമായി സൃഷ്ടിക്കാനുമുള്ള പദ്ധതി തന്നെയാണ് സോഷ്യല്‍ മീഡിയ ഹബ് എന്നാണ് പ്രമുഖരുടെ വിലയിരുത്തല്‍.
.

LEAVE A REPLY

Please enter your comment!
Please enter your name here