ദയാവധം: ജില്ലാതലത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പാനല്‍ വേണമെന്ന് സമിതി

Posted on: July 23, 2018 10:02 am | Last updated: July 23, 2018 at 10:56 am
SHARE

തിരുവനന്തപുരം: ദയാവധത്തിന് സുപ്രീംകോടതി അനുമതി നല്‍കിയതിന് പിന്നാലെ സംസ്ഥാനത്ത് ദയാവധം അനുവദിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘം മാര്‍ഗ രേഖയുടെ കരട് രൂപം തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചു. ഡോ. എം ആര്‍ രാജഗോപാലിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ദയാവധത്തിന് അനുമതി നല്‍കുന്നതിന് ജില്ലാതലത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പ്രത്യേക പാനല്‍ രൂപവത്ക്കരിക്കണമെന്നതുമുള്‍പ്പെടെയുള്ള ശിപാര്‍ശകള്‍ക്കൊപ്പം മാര്‍ഗ രേഖയുടെ കരട് രൂപം സക്കാറിന് സമര്‍പ്പിച്ചിരിക്കുന്നത്.

ദയാവധവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതിന് ഓരോ ജില്ലയിലും കുറഞ്ഞത് വിദഗ്ധരായ 25 ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന പാനല്‍ രൂപവത്കരിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. മുന്‍കൂര്‍ ചികിത്സാ വില്‍പ്പത്രം തയ്യാറാക്കണമെന്നും നിയമ കുരുക്കുകളും കാലതാമസവും ഒഴിവാക്കാന്‍ പ്രത്യേക നിയമ നിര്‍മാണം നടത്തണമെന്നും ശിപാര്‍ശ ചെയ്യുന്നു.
കരടില്‍ രോഗി തന്നെ മുന്‍കൂര്‍ ചികിത്സാ വില്‍പ്പത്രം തയ്യാറാക്കിയിരിക്കണമെന്നും വില്‍പത്രം നടപ്പാക്കണമെങ്കില്‍ ആദ്യം ചികിത്സിക്കുന്ന ഡോക്ടറോ അല്ലെങ്കില്‍ രോഗി കഴിയുന്ന ആശുപത്രി വകുപ്പ് മേധാവിയോ ഉള്‍പ്പെടെ മൂന്ന് വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡ് അനുമതി നല്‍കണമെന്ന് വിശദീകരിക്കുന്നുണ്ട്. ഇതിനായി ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അധ്യക്ഷനായ മെഡിക്കല്‍ ബോര്‍ഡ് രൂപവത്ക്കരിച്ച ശേഷം അവര്‍ രോഗിയെ പരിശോധിച്ച് സ്ഥിതി വിലയിരുത്തി ആദ്യ ബോര്‍ഡിന്റെ നിലപാടിനോട് യോജിക്കുന്നുവോയെന്ന് വ്യക്തമാക്കണം. അതേസമയം, ഈ നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നേരിട്ട് കണ്ട് സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ ദയാവധം നടപ്പാക്കാനാകൂവെന്നും കരട് രേഖ വ്യക്തമാക്കുന്നുണ്ട്.
സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്തവര്‍ക്ക് ദുരിത ജീവിതം വലിച്ചുനീട്ടാതെ ചികിത്സയും കൃത്രിമ ജീവന്‍രക്ഷാ മാര്‍ഗങ്ങളും ഒഴിവാക്കുന്നതിനാണ് ദയാവധമെന്ന പേരില്‍ കഴിഞ്ഞ മാര്‍ച്ച് എട്ടിന് സുപ്രീംകോടതി അനുമതി നല്‍കിയത്.
അന്തസ്സോടെയുള്ള മരണം പൗരന്റെ ഭരണഘടനാപരമായ അവകാശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മെഡിക്കല്‍ ബോര്‍ഡിന്റെയും ഹൈക്കോടതിയുടെയും അനുമതിയോടെ ദയാവധമാകാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.

ആയുസ്സ് നീട്ടുന്നതിനുള്ള മരുന്നും ഉപകരണങ്ങളും വേണ്ടെന്ന് വെക്കാമെന്നും എന്നാല്‍ മരുന്ന് കുത്തിവച്ച് പെട്ടെന്ന് മരിക്കാന്‍ അനുവാദം നല്‍കില്ലെന്നും വിധിയില്‍ പറഞ്ഞിരുന്നു. ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ നേതൃത്വം നല്‍കുന്ന കോമണ്‍ കോസ് എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്.
അതേസമയം, കേരളത്തില്‍ ദയാവധം അനുവദിച്ചുകൊണ്ടുള്ള കരട് നിയമത്തിന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള നിയമ പരിഷ്‌ക്കരണ കമ്മീഷന് പത്ത് വര്‍ഷം മുമ്പ് രൂപം നല്‍കിയെങ്കിലും അത് നിയമമായിരുന്നില്ല. ഇതിനിടെ പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ദയാവധം സംബന്ധിച്ച ബില്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ സര്‍ക്കാര്‍ പരിഷ്‌ക്കരിച്ചിരുന്നു.
ദയാവധത്തിന് അനുമതി നല്‍കാന്‍ ആശുപത്രികളില്‍ സമിതികള്‍ വേണമെന്നും സമിതി മുമ്പാകെ തെറ്റായ വിവരം നല്‍കിയാല്‍ കടുത്ത ശിക്ഷ നല്‍കണമെന്നും മറ്റും വ്യവസ്ഥ ചെയ്യുന്നതായിരുന്നു ‘മാനേജ്‌മെന്റ് ഓഫ് പേഷ്യന്റ്‌സ് വിത് ടെര്‍മിനല്‍ ഇല്‍നസ് വിത്‌ഡ്രോവല്‍ ഓഫ് മെഡിക്കല്‍ ലൈഫ് സപ്പോര്‍ട്ട്’ എന്ന പുതുക്കിയ ബില്‍.

LEAVE A REPLY

Please enter your comment!
Please enter your name here