Connect with us

Kerala

വെള്ളപ്പൊക്കം: ദേശീയ ദുരന്തനിവാരണ സേന ഇന്നെത്തും

Published

|

Last Updated

ആലപ്പുഴ/കുട്ടനാട്: രൂക്ഷമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട് കിടക്കുന്ന കുട്ടനാട്ടില്‍ രക്ഷാ പ്രവര്‍ത്തനം നടത്താന്‍ ദേശീയ ദുരന്തനിവാരണ സേന ഇന്ന് ആലപ്പുഴയിലെത്തും. ഇന്നലെ രണ്ട് പേര്‍ കൂടി ജില്ലയില്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. ഇതോടെ കാലവര്‍ഷം ആരംഭിച്ചത് മുതല്‍ കെടുതിയില്‍ പെട്ട് മരിച്ചവരുടെ എണ്ണം എട്ടായി. കുട്ടനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിന് കരസേനയുടെയും നാവിക സേനയുടെയും സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എം പിയും സംസ്ഥാന സര്‍ക്കാറും കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്ത് നല്‍കി. കുട്ടനാട്ടിലെ വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്നവരെ മാറ്റി പാര്‍പ്പിക്കാന്‍ കരസേനയുടെയും നേവിയുടെയും സഹായം ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് കത്ത് നല്‍കിയതായി കൊടിക്കുന്നില്‍ അറിയിച്ചു.

കൊച്ചിയിലെ നേവി ആസ്ഥാനത്ത് നിന്നും ഫൈബര്‍ ബോട്ടുകളും മറ്റ് ഉപകരണങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് എത്തിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം പി കേന്ദ്ര പ്രതിരോധ മന്ത്രിയോട് അഭ്യര്‍ഥിച്ചു. കഴിഞ്ഞ ഒരാഴ്ചയായി തുടര്‍ച്ചയായി പെയ്യുന്ന മഴ കാരണം കുട്ടനാട് താലൂക്ക് പൂര്‍ണമായും അപ്പര്‍ കുട്ടനാടിന്റെ ഭൂരിഭാഗം ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. വിവിധ തുരുത്തുകളില്‍ ഒറ്റപ്പെട്ട് കഴിയുന്ന ആളുകളെ സുരക്ഷാ സ്ഥലങ്ങളില്‍ എത്തിക്കാന്‍ ആര്‍മിയുടെയും നേവിയുടെയും സഹായം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെള്ളപ്പൊക്ക പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിന് ജില്ലാ കലക്ടറും നേവിയുടെ സഹായം തേടിയിട്ടുണ്ട്.

കുട്ടനാട് താലൂക്കിലെ 13 പഞ്ചായത്തുകളിലും വെള്ളം കയറിയതിനാല്‍ വീടുകളില്‍ താമസിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. റോഡുകളിലൂടെയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. റോഡ്, ജല ഗതാഗത സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിയതോടെ കുട്ടനാട്ടുകാര്‍ വീടുകളില്‍ ഒറ്റപ്പെട്ട സ്ഥിതിയാണ്. വൈദ്യുതി ബന്ധം പൂര്‍ണമായും തകരാറിലായിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. രാത്രി കാലങ്ങളില്‍ ഇരുട്ടിലാണ് കുട്ടനാട്ടുകാര്‍ കഴിയുന്നത്. ഭക്ഷ്യ വസ്തുക്കളുടെ വിതരണത്തിനായി 375 കേന്ദ്രങ്ങള്‍ ഇവിടെ ആരംഭിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ 22,120 കുടുംബങ്ങളില്‍ നിന്നുള്ള 86,839 പേര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു വരുന്നതായി റവന്യൂ അധികൃതര്‍ അറിയിച്ചു. കനത്ത മഴയില്‍ കുട്ടനാട്ടിലെ ബഹുഭൂരിപക്ഷം പാടശേഖരങ്ങളും മടവീഴ്ചയുണ്ടായി നെല്‍കൃഷി വെള്ളത്തില്‍ ഒലിച്ചു പോയി. രണ്ടാം കൃഷി ആരംഭിച്ച് ആഴ്ചകള്‍ മാത്രം കഴിഞ്ഞപ്പോഴാണ് പതിനഞ്ച് വര്‍ഷത്തിനിടെയു ണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന് കുട്ടനാട് സാക്ഷ്യം വഹിക്കുന്നത്. ആയിരക്കണക്കിന് ഹെക്ടര്‍ നെല്‍കൃഷിയാണ് മടവീഴ്ച മൂലം കര്‍ഷകര്‍ക്ക് നഷ്ടമായത്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ക്ക് ഉണ്ടായിട്ടുള്ളത്.
കാര്‍ഷിക നഷ്ടത്തിന്റെ കണക്കെടുക്കുന്നതിന് തന്നെ ഏറെ നാളുകളെടുക്കുമെന്ന സ്ഥിതിയാണ്. ജില്ലയില്‍ ഇന്നലെ മാത്രം അഞ്ച് കോടിയോളം രൂപയുടെ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിലധികവും കാര്‍ഷിക മേഖലയിലാണ്. നാല് വീടുകള്‍ പൂര്‍ണമായും 61 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

കാലവര്‍ഷം ആരംഭിച്ചത് മുതല്‍ ഇന്നലെ വരെ ജില്ലയില്‍ 17 കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് റവന്യൂ അധികൃതര്‍ കണക്കാക്കിയിട്ടുള്ളത്. ഇതില്‍ 15.55 കോടിയോളം കാര്‍ഷിക മേഖലയിലെ മാത്രം നഷ്ടമാണ്.