Connect with us

Editorial

പശുഭീകരതക്കെതിരെ സുപ്രീം കോടതി

Published

|

Last Updated

ഗോഹത്യയുടെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതില്‍ അധികൃതരുടെ അനാസ്ഥക്കെതിരെ ശക്തിയായ താക്കീതാണ് ചൊവ്വാഴ്ചത്തെ സുപ്രീം കോടതി വിധി. രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷത്തിന് കടുത്ത ഭീഷണിയാണ് രാജ്യത്തുടനീളം നടക്കുന്ന “ഗോരക്ഷക”രുടെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍. മുഹമ്മദ് അഖ്‌ലാഖിനെ നിഷ്ഠൂരമായി വധിച്ചു കൊണ്ട് തുടക്കമിട്ട പശുഭീകരത മൂന്ന് വര്‍ഷത്തിനുള്ളില്‍ 65 പേരുടെ ജീവനാണ് അപഹരിച്ചത്. ഗോസംരക്ഷണ ആക്രമണങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും തടയുന്നതില്‍ നിരുത്തരവാദ സമീപനമാണ് സര്‍ക്കാറുകള്‍ കൈക്കൊള്ളുന്നത്. ഈ സാഹചര്യത്തിലാണ് ഭരണകൂട നിലപാടിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചതും അത് തടയുന്നതിന് പ്രത്യേക നിയമം കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതും.

പശു ഭീകരരുടെ അക്രമങ്ങള്‍ മാത്രം അന്വേഷിക്കാനും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാനും എല്ലാ ജില്ലകളിലും നോഡല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ നേരത്തെ ഇടക്കാല ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ ബി ജെ പി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ച് മഹാത്മാ ഗാന്ധിയുടെ പ്രപൗത്രന്‍ തുഷാര്‍ ഗാന്ധി കോടതിയലക്ഷ്യ ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജിയില്‍ മൂന്ന് സംസ്ഥാനങ്ങളോടും കോടതി വിശദീകരണം തേടിയിട്ടുമുണ്ട്.
ഗോ സംരക്ഷണത്തിന്റെ പേരിലാണ് അഴിഞ്ഞാട്ടമെങ്കിലും യഥാര്‍ഥ ലക്ഷ്യം മതന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമിടയില്‍ അരക്ഷിത ബോധം സൃഷ്ടിക്കലാണ്. സംഘ്പരിവാറിന്റെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കിരയായവരെല്ലാം ഈ വിഭാഗങ്ങളില്‍ പെട്ടവരാണെന്നത് യാദൃച്ഛികമല്ല. ഗുജറാത്തില്‍ തുടക്കമിട്ട വംശീയ ഉന്മൂലനത്തിന്റെ തുടര്‍ച്ചയായുള്ള ഇത്തരം അതിക്രമങ്ങളെ ആള്‍ക്കൂട്ട ഭീകരത, കാട്ടുനീതിയെന്നൊക്കെയാണ് പരമോന്നത കോടതി വിശേഷിപ്പിച്ചത്. ജനക്കൂട്ടം ഒരാളെ ക്രൂരമായി തല്ലിച്ചതക്കുന്നത് അപരിഷ്‌കൃതവും അപമാനകരവുമാണ്. ആള്‍ക്കൂട്ടങ്ങള്‍ നിയമം കൈയിലെടുക്കുന്നത് അനുവദിക്കാനാകില്ല. ഭരണഘടനയുടെ 142ാം അനുച്ഛേദപ്രകാരമുള്ള സവിശേഷാധികാരം ഉപയോഗിച്ച് ഗോരക്ഷയുടെ പേരിലുള്ള കൊലപാതകങ്ങള്‍ തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് നാലാഴ്ചക്കകം വിവരമറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക്മിശ്ര, എം എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബഞ്ച് നിര്‍ദേശിച്ചു. ജില്ലാ തലങ്ങളിലെ നിരീക്ഷണ സംവിധാനം, വ്യാജപ്രചാരണം തടയല്‍, നഷ്ടപരിഹാരം, വേഗത്തിലുള്ള വിചാരണ എന്നീ വ്യവസ്ഥകളോടെ അതിക്രമങ്ങള്‍ തടയാനും ശിക്ഷിക്കാനും പരിഹരിക്കാനുമുള്ള വിശദമായ മാര്‍ഗരേഖ കോടതി പുറപ്പെടുവിക്കുകയും ചെയ്തു. ഇത്തരം കേസുകള്‍ പരിഗണിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാനും കോടതി നിര്‍ദേശിക്കുന്നു.

എന്നാല്‍ നിയമ നിര്‍മാണങ്ങള്‍ കൊണ്ടു മാത്രം തടയാനാകുമോ പശുഭീകരത? പൊതുജനം നിയമം കൈയിലെടുക്കുന്നത് ചെറുക്കാന്‍ രാജ്യത്ത് നിലവില്‍ തന്നെ നിയമങ്ങളുണ്ട്. എന്നാല്‍ ഹിന്ദുത്വ തീവ്രവാദികളെ പ്രീണിപ്പിക്കുന്നതിനായി അത്തരം നിയമങ്ങളുടെ പ്രയോഗവത്കരണത്തില്‍ സര്‍ക്കാര്‍ മനഃപൂര്‍വം അനാസ്ഥ കാണിക്കുകയാണ്. വിശ്വാസത്തിന്റെ പേരില്‍ സൃഷ്ടിക്കുന്ന വൈകാരികതയില്‍ നിന്നും വര്‍ഗീയതയില്‍ നിന്നുമാണ് പശുഭീകരത ഉടലെടുക്കുന്നത്. മറ്റു മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു പ്രത്യേകതയുമില്ല പശുവിന്. പശുവിനെ അറുക്കുന്നതിനോ മാംസം ഭക്ഷിക്കുന്നതിനോ ഹൈന്ദവ പൂരാണങ്ങളടക്കം ഒരു വേദഗ്രന്ഥവും തടസ്സം പറഞ്ഞിട്ടില്ല.
രാജ്യത്തെ ഹൈന്ദവരില്‍ ഭൂരിഭാഗവും ഇന്നും കാളയുടെയും പശുവിന്റെയും മാംസം ഭക്ഷിക്കുന്നവരാണ്. ഗോമാംസം തിന്നാത്തവര്‍ രാജ്യത്ത് വളരെ ന്യൂനപക്ഷമാണ്. പിന്നെ എവിടെ നിന്നു കിട്ടി ഈ പശുമാഹാത്മ്യമെന്ന് പരതുമ്പോള്‍ ഹിന്ദുത്വ ഫാസിസത്തിന്റെ ഹിഡന്‍ അജന്‍ഡയാണ് അതെന്നാണ് കണ്ടെത്താനാകുന്നത്. “പശുവിനെ രക്ഷിക്കേണ്ടതു തന്നെ, പക്ഷേ അതു നമ്മുടെ സഹോദരരെ കൊന്നിട്ടുവേണോ” എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകളല്ല; പശുവിന്റെ ചോരയൊഴുക്കുന്ന മുസ്‌ലിമിന്റെ കഴുത്തരിയണം എന്ന അശോക്‌സിംഗാളിന്റെ വിഷലിപ്തമായ വാക്കുകളാണ് ഇവര്‍ക്ക് വേദവാക്യം. കാര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്താതെയും രാഷ്ട്രീയ ലക്ഷ്യത്തോടെയും ഭരണകൂടങ്ങളും ചിലപ്പോള്‍ കോടതികള്‍ തന്നെയും ഇത്തരം അബദ്ധ ധാരണകളെ പ്രോത്സാഹിപ്പിക്കുകയാണ്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും ഗോവധത്തിന് നിയമപരമായ ശിക്ഷ മൂന്ന് വര്‍ഷത്തില്‍ നിന്ന് ആജീവനാന്ത തടവ് ശിക്ഷയാക്കി ഉയര്‍ത്തണമെന്നും ശിപാര്‍ശ ചെയ്തത് ജയ്പൂര്‍ ഹൈക്കോടതിയായിരുന്നല്ലോ. നിയമങ്ങള്‍ കര്‍ക്കശമാക്കുന്നതോടൊപ്പം അബദ്ധ ധാരണകളെയും വിശ്വാസങ്ങളെയും സമൂഹത്തില്‍ നിന്നു തുടച്ചുനീക്കുകയും മതങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്യുന്ന പ്രവണത തടയുക കൂടി ചെയ്‌തെങ്കിലേ പശുഭീകരത ഇല്ലായ്മ ചെയ്യാനാകൂ. ഇതിനായി ഭരണകൂടങ്ങളും കോടതികളും മുന്നോട്ട് വരേണ്ടതുണ്ട്.

Latest