റേഷന്‍കാര്‍ഡ് ഓണ്‍ലൈന്‍ അപേക്ഷ നാളെ മുതല്‍

Posted on: July 17, 2018 8:00 am | Last updated: July 17, 2018 at 12:08 am
SHARE

അരീക്കോട്: പുതിയ റേഷന്‍ കാര്‍ഡുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്നത് നാളെ മുതല്‍ ആരംഭിക്കും. അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞമാസം 25നാണ് സപ്ലൈ ഓഫീസുകളില്‍ നേരിട്ട് അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങിയത്. ഉപഭോക്താക്കള്‍ക്ക് സ്വന്തമായും അക്ഷയ സെന്ററുകള്‍ മുഖേനെയും അപേക്ഷിക്കാം. നേരത്തെ 16 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ചില സാങ്കേതിക തകരാര്‍ കാരണം തീയതി നീട്ടുകയായിരുന്നു. അപേക്ഷ ഓണ്‍ലൈനായി പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകള്‍ അതാത് സപ്ലൈ ഓഫീസുകളില്‍ സമര്‍പ്പിക്കണം.

വരുമാന സര്‍ട്ടിഫിക്കറ്റ്, താമസരേഖ, കാര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ ആധാര്‍, അഞ്ച് വയസ്സിന് താഴെയുള്ളവരുടെ ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. കാര്‍ഡുകളില്‍ നിന്ന് പേര് നീക്കം ചെയ്യല്‍, നിലവിലെ കാര്‍ഡില്‍ അംഗത്തെ ചേര്‍ക്കല്‍, കാര്‍ഡ് ഉടമയെ മാറ്റല്‍, മരിച്ചവരെ നീക്കം ചെയ്യല്‍, കാര്‍ഡ് മറ്റൊരു സ്ഥലത്തേക്ക് മാറ്റല്‍ എന്നിവയെല്ലാം ഓണ്‍ലൈനായി ചെയ്യാം. നിലവിലെ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ ഇതോടൊപ്പം സാധിക്കില്ല. തെറ്റുകള്‍ തിരുത്താന്‍ സപ്ലൈ ഓഫീസുകളില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

റേഷന്‍ കാര്‍ഡില്‍ പേരില്ലെങ്കില്‍ 12 വയസ്സിന് മുകളിലുള്ളവര്‍ സ്ഥലം എം എല്‍ എയുടെ കത്തും കാര്‍ഡിലെ അംഗങ്ങളെ നീക്കം ചെയ്യുന്നതിന് കാര്‍ഡ് ഉടമയുടെ സമ്മതപത്രവും ഹാജരാക്കണം. പഞ്ചായത്ത് അടിസ്ഥാനത്തില്‍ നാളെ മുതല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.