Connect with us

Editorial

താജ്മഹലിനെ തര്‍ക്കഭൂമിയാക്കരുത്

Published

|

Last Updated

ലോക ടൂറിസം ഭൂപടത്തില്‍ ഇന്ത്യയെ അടയാളപ്പെടുത്തുന്ന മഹനീയ സ്മാരകമാണ് താജ്മഹല്‍. യുനെസ്‌കോയുടെ പൈതൃക പട്ടികയുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന, പ്രതിവര്‍ഷം 80 ലക്ഷം വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന ഈ ചരിത്രനിര്‍മിതി ഇന്ത്യന്‍ ടൂറിസത്തിനൊരു മുതല്‍ക്കൂട്ടാണ്. പക്ഷേ, കേന്ദ്രവും യു പി സര്‍ക്കാറും പുരാവസ്തു വകുപ്പും കടുത്ത അവഗണനയാണ് താജ്മഹലിന്റെ സംരക്ഷണത്തില്‍ കാണിക്കുന്നത്. ഈ നിലപാടില്‍ സുപ്രീംകോടതി കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി. രാജ്യത്തിന്റെ ഈ അഭിമാന സ്തംഭത്തെ സംരക്ഷിക്കാന്‍ സര്‍ക്കാറുകള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അതടച്ചുപൂട്ടുകയോ പൊളിച്ചു കളയുകയോ ചെയ്തുകൂടെയെന്നായിരുന്നു ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചിന്റെ ചോദ്യം. ഉത്തര്‍പ്രദേശ് സര്‍ക്കാറിന് താജ് മഹലിന്റെ പേരില്‍ ഒരു ആശങ്കയുമില്ല. അതിന്റെ സംരക്ഷണത്തിന് കര്‍മപദ്ധതിയോ വീക്ഷണരേഖയോ അവതരിപ്പിക്കാന്‍ ഇതുവരെ അവര്‍ക്കായിട്ടില്ല. മാത്രമല്ല, താജിന്റെ പരിസരത്ത് യാതൊരു തത്വദീക്ഷയുമില്ലാതെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് സര്‍ക്കാറെന്ന് വിമര്‍ശിച്ച കോടതി ഇത് തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു.

താജ്മഹലിനോടുള്ള നരേന്ദ്രമോദി, യോഗി സര്‍ക്കാറുകളുടെ അവഗണന കേവലം ഭരണപരമായ അനാസ്ഥയല്ല, മുഗള്‍ പൈതൃകത്തോടും സംഭാവനകളോടും അവര്‍ കാണിക്കുന്ന നിഷേധാത്മക നയത്തിന്റെ ഭാഗമാണ്. താജിന് ഇന്ത്യയുടെ സംസ്‌കാരവുമായോ പൈതൃകവുമായോ യാതൊരു ബന്ധവുമില്ലെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയില്‍ നിന്ന് അദ്ദേഹത്തിന്റെയും സംഘ്പരിവാറിന്റെയും കടുത്ത അസഹിഷ്ണുത വായിച്ചെടുക്കാവുന്നതാണ്. മുസഫര്‍ നഗര്‍ കലാപത്തിന് വിത്ത് പാകിയ ബി ജെ പി എം എല്‍ എ സംഗീത് സോം പറഞ്ഞത് ദേശദ്രോഹികളാണ് താജ് നിര്‍മിച്ചതെന്നാണ്.

യോഗി സര്‍ക്കാര്‍ ആദ്യ ബജറ്റില്‍ അയോധ്യ, വാരണസി, മധുര, ചിത്രകൂട് തുടങ്ങിയ ഹിന്ദു തീര്‍ഥാടന കേന്ദ്രങ്ങളുടെ വികസനത്തിന് വന്‍തുകകള്‍ നീക്കിവെച്ചപ്പോള്‍ താജ്മഹലിന്റെ സംരക്ഷണത്തിന് ഒന്നും നീക്കിവെച്ചിരുന്നില്ല.
ഇസ്‌ലാമിക വാസ്തു കലയുടെ മികച്ച ഉദാഹരണമാണെന്നതാണ് താജിനോടുള്ള ഇവരുടെ അസഹിഷ്ണുതക്ക് പിന്നില്‍. സംഘ്പരിവാറിന്റെ വിശ്വാസത്തില്‍ ഹിന്ദു വിശ്വാസങ്ങളുടെ ഭാഗമായ സ്മാരകങ്ങളും പൈതൃകങ്ങളും മാത്രമാണ് ഇന്ത്യയുടെ സാംസ്‌കാരിക പ്രതീകങ്ങള്‍. മുസ്‌ലിം പൈതൃകങ്ങളെല്ലാം ഹിന്ദുക്കളുടേതാണെന്ന വ്യാജ വാദം ഉയര്‍ത്തി അത് തങ്ങളുടേതാക്കുക, അല്ലെങ്കില്‍ ബാബ്‌രി വിഷയത്തില്‍ കാണിച്ച പോലെ അത് തകര്‍ക്കുകയെന്നതാണ് ഇവരുടെ അജന്‍ഡ. ഇതിന്റെ മുന്നോടിയായാണ് താജ് ശിവക്ഷേത്രം ആയിരുന്നെന്നും ക്ഷേത്രം പൊളിച്ചാണ് ഷാജഹാന്‍ മന്ദിരം പണിതതെന്നുമുള്ള വാദം. ഇതിന്റെ പിന്നാലെ താജ് ഹിന്ദുക്കള്‍ തിരിച്ചു പിടിക്കുമെന്ന വാദവുമായി സുബ്രഹ്മണ്യസ്വാമി രംഗത്തുവന്നു. താജ് ഹിന്ദുക്കള്‍ക്ക് ആരാധനക്കായി തുറന്നുകൊടുക്കണമെന്നാണ് ദ്വാരക ശങ്കരാചാര്യര്‍ സ്വാമി സ്വരൂപാനന്ദ സരസ്വതി പറയുന്നത്. ഈ അനശ്വര സ്മാരകം തകര്‍ക്കണമെന്നാണ് ശിവസേനയുടെ ആവര്‍ത്തിച്ചുള്ള ആവശ്യം. താജ്മഹലിന്റെ പടിഞ്ഞാറ് ഭാഗത്തെ ഗേറ്റ് അടുത്ത ദിവസം വി എച്ച് പിക്കാര്‍ തകര്‍ക്കുകയും ചെയ്തു. ബസായ് ഘട്ടിലുള്ള സിദ്ധേശ്വര്‍ മഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് താജിന്റെ പടിഞ്ഞാറേ കവാടമെന്നും ക്ഷേത്രത്തിലേക്കുള്ള വഴി അത് തടസ്സപ്പെടുത്തുന്നുവെന്നും ആരോപിച്ചായിരുന്നു പരാക്രമം. താജ്മഹലിന്റെ സംരക്ഷണ ചുമതലയുള്ള ആര്‍ക്കിയോളജി വകുപ്പാണ് സ്റ്റീല്‍ കൊണ്ടുള്ള ഈ ഗേറ്റ് സ്ഥാപിച്ചത്.
ചരിത്രത്തില്‍ വര്‍ഗീയതയുടെയും വികാരത്തിന്റെയും വിഷം കലര്‍ത്തി ഇന്ത്യക്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ തമസ്‌കരിക്കാമെന്നത് സംഘ് പരിവാറിന്റെ വ്യാമോഹമാണ.്

ഇന്ത്യക്ക് ആഗോള തലത്തില്‍ യശസ്സേകിയ സാംസ്‌കാരിക പൈതൃകത്തില്‍ മിക്കതും മുഗളരുടെയും മുസ്‌ലിം ഭരണാധികാരികളുടേയും സംഭാവനകളാണെന്നത് അവിതര്‍ക്കിതമാണ്. ശതാബ്ദങ്ങള്‍ നീണ്ട അറബികളുടെ സമ്പര്‍ക്കത്തില്‍ നിന്നാണ് ഇന്ത്യയുടെ ധവളിമയാര്‍ന്ന സംസ്‌കാരവും പൈതൃകങ്ങളും രൂപപ്പെട്ടത്. മുസ്‌ലിംകളുടെ ആഗമനം രാജ്യത്തിന് അനുഗ്രഹമായിരുന്നുവെന്ന് സത്യസന്ധരായ എല്ലാ ചരിത്രകാരന്മാരും ഊന്നിപ്പറഞ്ഞിട്ടുണ്ട്. മുസ്‌ലിം നാഗരികതയുടെ സ്പര്‍ശം ഏറ്റില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ മുഖം എന്താകുമായിരുന്നു. താജ്മഹല്‍, കുത്തബ് മിനാര്‍, ചെങ്കോട്ട, ഡല്‍ഹി ജുമാമസ്ജിദ്, ഫത്തേപ്പൂര്‍ സിക്രിയിലെ ജാമി മസ്ജിദ്, ബുലന്‍ദ് ദര്‍വാസ, ആഗ്രയിലെ മോത്തി മസ്ജിദ്, ഹൈദരാബാദിലെ ചാര്‍മിനാര്‍, ഗൂള്‍ബര്‍ഗയിലെ വാമിനി സുല്‍ത്താന്മാരുടെ കോട്ട, ഗോള്‍ക്കൊണ്ട കൊട്ടാരം, കശ്മീരിലെ പൂന്തോപ്പുകള്‍ തുടങ്ങി ഇന്ത്യക്ക് കണ്‍കുളിര്‍മ പകരുന്ന അനശ്വര നിര്‍മിതികളില്ലായിരുന്നെങ്കില്‍ രാജ്യത്തിന്റെ ടൂറിസ്റ്റ് ഭൂപടം എത്ര ശുഷ്‌കമായിരുന്നുവെന്ന് ആലോചിക്കേണ്ടതാണ്. ആര് എത്ര നിഷേധിച്ചാലും തള്ളിപ്പറഞ്ഞാലും, ആധുനിക ഇന്ത്യയുടെ മുഖം രൂപപ്പെടുത്തിയത് മുഗള്‍, മുസ്‌ലിം രാജാക്കന്മാരാണെന്ന വസ്തുത മറച്ചു പിടിക്കാനാകില്ല. ഇത്തരം പൈതൃകങ്ങളോടുള്ള അവഗണന അവസാനിപ്പിച്ചു അതിന്റെ സംരക്ഷണത്തിന് പ്രതിജ്ഞാ ബദ്ധമാവുകയാണ് വിവേകികളായ ഭരണാധികാരികള്‍ ചെയ്യേണ്ടത്. അല്ലാതെ അത് മറ്റൊരു തര്‍ക്കഭൂമിയാക്കാനാണ് ഭാവമെങ്കില്‍ രാജ്യത്തിന് നേരിടുന്ന നഷ്ടം ഒരിക്കലും വീണ്ടെടുക്കാനാകാത്തതായിരിക്കും. ഇക്കാര്യം കോടതി തന്നെ ഒരിക്കല്‍ ഭരണാധികാരികളെ ഓര്‍മപ്പെടുത്തിയിട്ടുണ്ട്.

Latest