Connect with us

Kerala

വീട്ടമ്മയുടെ കിടപ്പാട സമരം : മൂന്നാഴ്ചക്കകം സര്‍ക്കാര്‍ പ്രശ്‌നപരിഹാരം നിര്‍ദേശിക്കണം- ഹൈക്കോടതി

Published

|

Last Updated

കൊച്ചി: അയല്‍ക്കാരന് വായ്പക്കായി ജാമ്യം നിന്നതിന്റെ പേരില്‍ ബേങ്കുകാര്‍ വീട്ടമ്മയുടെ കിടപ്പാടം ജപ്തി ചെയ്യാന്‍ അനുമതി നേടിയ കേസില്‍ മൂന്നാഴ്ചക്കകം പ്രശ്‌നപരിഹാരം നിര്‍ദേശിക്കണമെന്ന് ഹൈക്കോടതി. ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീതാ ഷാജിയെന്ന വീട്ടമ്മ ജപ്തി ഭീഷണി നേരിടുന്ന കേസില്‍ സത്യവാങ്മൂലും സമര്‍പ്പിക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാറിനോട് ഉത്തരവിട്ടു.

പ്രദേശത്ത് അനിഷ്ട സംഭവങ്ങള്‍ ഇല്ലാതെ നോക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ വീട് ഒഴിപ്പിക്കാനെത്തിയത് പ്രദേശത്ത് വന്‍ സംഘര്‍ഷാവസ്ഥ സ്യഷ്ടിച്ചിരുന്നു. ദേഹത്ത് പെട്രോളൊഴിച്ച് ആത്മാഹുതി ഭീഷണി മുഴക്കി വീട്ടുകാരും ഇവര്‍ക്ക് പിന്തുണയുമായെത്തിയ ജനകീയ സമര സമതിയും ഒഴിപ്പിക്കല്‍ ശ്രമം തടയുകയായിരുന്നു.

പ്രീതയുടെ ഭര്‍ത്താവ് ഷാജിയുടെ അകന്ന ബന്ധുവിന് എച്ച്ഡിഎഫ്‌സി ബേങ്കില്‍നിന്നും രണ്ട് ലക്ഷം രൂപ വായ്പയെടുക്കാനാണ് വീടും സ്ഥലവും വെച്ച് ഇവര്‍ ജാമ്യം നിന്നത്. വായ്പക്കാരന്‍ തിരിച്ചടവ് മുടക്കി. ഇപ്പോള്‍ പലിശയടക്കം രണ്ട് കോടി 30 ലക്ഷം രൂപ നല്‍കണമെന്നാണ് ബേങ്കുകാര്‍ പറയുന്നത്. ഇതിനെതിരെ വീട്ടിനുമുന്നില്‍ ചിതയൊരുക്കി പ്രീത ഷാജി ഒരു വര്‍ഷക്കാലത്തോളമായി പ്രതിഷേധിച്ചുവരികയാണ്.