രണ്ടര പതിറ്റാണ്ട് പൂര്‍ത്തിയാക്കി എമിറേറ്റ്‌സിന്റെ മസ്‌കത്ത് സര്‍വീസ്

Posted on: July 7, 2018 7:24 pm | Last updated: July 7, 2018 at 7:24 pm
SHARE

ദുബൈ: ദുബൈയുടെ ഔദ്യോഗിക വിമാനമായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് മസ്‌കത്തിലേക്ക് സര്‍വീസ് ആരംഭിച്ചിട്ട് രണ്ടര പതിറ്റാണ്ട് പൂര്‍ത്തിയായി.
1993 ജൂലൈ ഒന്നിനാണ് എമിറേറ്റ്‌സ് മസ്‌കത്ത് സര്‍വീസ് ആരംഭിച്ചത്. എമിറേറ്റ്‌സ് മസ്‌കത്ത് സര്‍വ്വീസ് 25ാം വാര്‍ഷികത്തിന്റെ ഭാഗമായി എമിറേറ്റ്‌സ് ജെറ്റ് എയര്‍ബസ് എ380 വിമാനം ദുബൈ – മസ്‌കത്ത് റൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്നു.

ഒമാനിലേക്ക് വിമാന സര്‍വീസ് മാത്രമല്ല, ഒമാനി സ്വദേശികള്‍ക്ക് ജോലിയും എമിറേറ്റ്‌സ് നല്‍കുന്നുണ്ട്. ഇപ്പോള്‍ പ്രതിദിനം അഞ്ച് സര്‍വീസുകളാണ് എമിറേറ്റ്‌സ് മസ്‌കത്തിലേക്കു നടത്തുന്നത്. എയര്‍ബസ് എ 300-200 വിമാനമാണ് സാധാരണ ഉപയോഗിക്കുന്നത്. ചില ഘട്ടങ്ങളില്‍ ബോയിംഗ് 777 വിമാനവും ഉപയോഗിക്കുന്നു.
രണ്ടര പതിറ്റാണ്ടു കാലത്തെ സര്‍വീസിനിടെ 30 ലക്ഷത്തില്‍ പരം യാത്രക്കാരാണ് എമിറേറ്റ്‌സ് ഉപയോഗപ്പെടുത്തിയത്. എമിറേറ്റിസിന്റെ സര്‍വീസ് നഗരങ്ങളിലേക്കുള്ള നിരവധി യാത്രക്കാര്‍ മസ്‌കത്തില്‍നിന്നും എമിറേറ്റ്‌സ് ഉപയോഗപ്പെടുത്തുന്നു.

ഇപ്പോള്‍ 150ഓളം നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന എമിറേറ്റ്‌സിന്റെ 30ാമതു സര്‍വീസ് നഗരമായിരുന്നു മസ്‌കത്ത്. വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ മസ്‌കത്ത് എമിറേറ്റ്‌സിന്റെ ഭാഗമായിരുന്നു. യാത്രക്കാര്‍ക്കു പുറമെ ചരക്കു നീക്കത്തിലും മസ്ത്തുമായുള്ള എമിറേറ്റ്‌സിന്റെ വ്യാപാര ബന്ധം ശക്തമാണ്. ഒമാന്‍ എയര്‍പോര്‍ട്ട്, സിവില്‍ ഏവിയേഷന്‍, ഇത്തിഹാദ് എയര്‍ലൈന്‍ ഒമാന്‍ ഓഫീസ് അധികൃതര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് കഴിഞ്ഞ ദിവസം എമിറേറ്റ്‌സ് സംഘത്തെ സ്വീകരിച്ചത്. എയര്‍ബസ് എ380 വിമാനത്തിന്റെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ സര്‍വ്വീസായിരുന്നു ഇത്.