വോയിസ് ഓവര്‍ എല്‍ ടി ഇ സേവനവുമായി ഡു

Posted on: July 4, 2018 6:40 pm | Last updated: July 4, 2018 at 6:40 pm

ദുബൈ: ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെലികോം സേവന ദാതാക്കളായ ഡു വോയിസ് ഓവര്‍ എല്‍ ടി ഇ (വോല്‍ടി) സേവനമാരംഭിക്കുന്നു. നടപ്പ് വര്‍ഷത്തിന്റെ അവസാന പാദത്തിലാണ് സേവനങ്ങള്‍ ആരംഭിക്കുക. നാലാം തലമുറ (4 ജി ) ഫോണുകളിലാണ് ഈ സൗകര്യം ലഭിക്കുക. നിലവില്‍ 4ജി ഡാറ്റ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും 2 ജി, 3 ജി സംവിധാനങ്ങളിലൂടെയാണ് വോയിസ് കോളുകള്‍ കൈമാറ്റം ചെയ്യപ്പെടുന്നത്.

ഉന്നത നിലവാരത്തോടെ മികച്ച ശബ്ദമികവ്, വ്യക്തത, അതിശീഘ്രം കോളുകള്‍ കൈമാറ്റം ചെയ്യാനുള്ള കഴിവ് എന്നിവയാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. സേവനമൊരുക്കുന്നതിനുള്ള അവസാന ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. നെറ്റവര്‍ക്ക് സേവനങ്ങളുടെ മികവ് പരിശോധിക്കുന്ന അവസാനഘട്ടമാണ്. ട്രായില്‍ നിന്ന് അവസാന വട്ട അനുമതി നേടിയെടുക്കുന്നതിനുള്ള ജോലികളുടെ പൂര്‍ത്തീകരണ പ്രവര്‍ത്തികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഡു ടെല്‍കോ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്ലാനിംഗ് വൈസ് പ്രസിഡന്റ് മര്‍വാന്‍ ബിന്‍ ശകര്‍ പറഞ്ഞു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഒരാള്‍ക്ക് ഫോണ്‍ കോള്‍ സാധ്യമാക്കിയെടുക്കാം എന്നതാണ് ഇതിന്റെ സവിശേഷത. സാധാരണ ഫോണ്‍ നെറ്റ്‌വക്കില്‍ കോള്‍ ചെയ്യുന്ന ഘട്ടത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗം അസാധ്യമാണ്.

അതേസമയം, വോല്‍ടി സംവിധാനത്തിലൂടെ വോയിസ് കോളുകളോടൊപ്പം ഇന്റര്‍നെറ്റ് ഉപയോഗവും സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ നെറ്റ്‌വര്‍ക്ക് സംവിധാനങ്ങളെ നവീകരിച്ചു വോയിസ് ഓവര്‍ സേവനങ്ങള്‍ ഒരുക്കുന്നവ ആക്കിയെടുക്കുന്ന പ്രവര്‍ത്തികള്‍ക്ക് ഇനിയും മാസങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. പുതിയ സംവിധാനങ്ങള്‍ ഏര്‍പെടുത്തി ഈ വര്‍ഷം അവസാനത്തോടെ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.