Connect with us

Editorial

ജീവനെടുക്കുന്ന ഫുട്‌ബോള്‍ ഭ്രമം

Published

|

Last Updated

ലോകകപ്പില്‍ അര്‍ജന്റീനയുടെ പരാജയത്തില്‍ “മനംനൊന്ത്” ഒരു ഫുട്‌ബോള്‍ പ്രേമി ആത്മഹത്യ ചെയ്തത് നാണക്കേടാണ് സാംസ്‌കാരിക കേരളത്തിനുണ്ടാക്കിയത്. “എനിക്കിനി ആരേയും കാണേണ്ട, ഞാന്‍ ആഴങ്ങളിലേക്ക് പോകുന്നു”വെന്ന കുറിപ്പെഴുതി വെച്ച് മീനച്ചിലാറ്റില്‍ ചാടുകയായിരുന്നു മെസ്സിയുടെ “ആരാധകനായിരുന്ന” ആറുമാനൂര്‍ കൊറ്റത്തില്‍ ഡിനു. പി എസ് സി എല്‍ ഡി ക്ലാര്‍ക്ക് പരീക്ഷയില്‍ റാങ്ക് ലിസ്റ്റില്‍ പേരുണ്ടെന്നറിഞ്ഞു സര്‍ക്കാര്‍ ജോലി എന്ന സ്വപ്‌നം ഉടന്‍ സാക്ഷാത്കരിക്കുമെന്ന് ബന്ധുക്കളോട് സന്തോഷത്തോടെ പറഞ്ഞിരുന്ന ഡിനു കുടുംബത്തെ അനാഥമാക്കിയാണ് മെസ്സിയുടെ തോല്‍വിയോര്‍ത്തു ജീവനൊടുക്കിയത്.
ഫുട്‌ബോള്‍ കമ്പം ഒരു തരം ഭ്രാന്തായി മാറിയിരിക്കയാണ് സമൂഹത്തിലെ ഗണ്യമായൊരു വിഭാഗത്തിന്. ജൂണ്‍ 14ന് റഷ്യയില്‍ ലോകകപ്പ് ആരംഭിച്ചത് മുതല്‍ ഊണും ഉറക്കവും ഒഴിച്ചു കളികണ്ടും ചര്‍ച്ചകളിലും പോര്‍വിളികളിലും മുഴുകിയും സമയം കൊല്ലുകയാണ് ഒരു കൂട്ടര്‍. ഇഷ്ട താരങ്ങളുടെ ചിത്രങ്ങളടങ്ങുന്ന ഫഌക്‌സ് ബോര്‍ഡുകളും കട്ടൗട്ടുകളും കൊണ്ട് നിബിഡമാണ് ഗ്രാമ,നഗരമന്യേ കേരളീയ തെരുവുകളും നിരത്തുകളും. ഫഌക്‌സ് ഉപയോഗത്തിന് ചില ചട്ടങ്ങളും നിയന്ത്രണങ്ങളുമൊക്കെയുണ്ട്.

രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥ വൃന്ദത്തിനും കാല്‍പന്ത് ഭ്രമം തലക്കു പിടിച്ചതോടെ ചട്ടലംഘനം കാണാനും ശ്രദ്ധിക്കാനും ആളില്ലാതായി. വീടും വാഹനവുംചുറ്റുമതിലുമെല്ലാം ഇഷ്ട ടീമിന്റെ കളറിനനുസരിച്ച് മാറ്റുന്നു ചിലര്‍. ഇഷ്ടതാരത്തിന്റെ ഹെയര്‍ കട്ടിംഗും നടത്തവും വേഷഭൂഷാദികളും അനുകരിക്കുന്നു വേറെ ചിലര്‍. തൃശൂര്‍ മാളയിലെ ഒരു പെയിന്റിംഗ് തൊഴിലാളി തന്റെ വീടാകെ നേരത്തെയുണ്ടായിരുന്ന പെയിന്റിംഗ് മാറ്റി നീലയും വെള്ളയുമാക്കിയാണ് ടീം അനുഭാവം പ്രകടമാക്കിയത്. കഴിഞ്ഞ ലേകകപ്പ് വേളയിലും ഇതുപോലെ വീട് മുഴുവന്‍ അര്‍ജന്റീനയുടെ നിറത്തിനനുസരിച്ച് പെയിന്റ് ചെയ്‌തെങ്കിലും അവര്‍ പരാജയപ്പെട്ടപ്പോള്‍ പിറ്റേന്നു തന്നെ ഇയാള്‍ വീടിന്റെ നിറം മാറ്റി. കാറിന്റെ ചില്ലൊഴികെയുള്ള മുഴുവന്‍ ഭാഗങ്ങളും ലോക കപ്പിന്റെ ചിത്രങ്ങളാല്‍ വര്‍ണാഭമാക്കിയാണ് ചില ഫുട്‌ബോള്‍ ഭ്രാന്തന്മാര്‍ ആവേശം പ്രകടമാക്കുന്നത്. ഒരു മാസം സാധാരണ യൂനിഫോം ഒഴിവാക്കി വിദ്യാര്‍ഥികളും അധ്യാപകരും ഇഷ്ട ടീമുകളുടെ ജഴ്‌സി അണിയുന്ന സ്‌കൂളുകളുമുണ്ട് സംസ്ഥാനത്ത്.

വീട്ടില്‍ കഞ്ഞിക്ക് വകയില്ലാത്തവര്‍ പോലും ഫുട്‌ബോള്‍ താരങ്ങളുടെ ചിത്രങ്ങളടങ്ങുന്ന കൂറ്റന്‍ ഫഌ്‌സുകള്‍ സ്ഥാപിക്കാന്‍ കഷ്ടപ്പെട്ടു തുക കണ്ടെത്തുന്നു. ലോകക്കപ്പിനോടനുബന്ധിച്ചു സംസ്ഥാനത്താകെ ഉയര്‍ത്തിയ ഫഌക്‌സ് ബോര്‍ഡുകളുടെ ചെലവ് കൂട്ടിനോക്കിയാല്‍ ദശലക്ഷങ്ങള്‍ വരും. അവ സ്ഥാപിച്ചവര്‍ എന്ത് നേടി? ഇന്ത്യന്‍ ഫുട്‌ബോളിനോ രാജ്യത്തിനോ ഇതുകൊണ്ടെന്ത് ഗുണം? വിസ്തീര്‍ണത്തിലും ജനസംഖ്യയിലും ലോകത്തെ ഏറ്റവും വലിയ രാജ്യമായ ഇന്ത്യ ഫുട്‌ബോള്‍ നിലവാരത്തില്‍ ഏറ്റം മോശം രാജ്യങ്ങളുടെ പട്ടികയിലാണ്. 32 ടീമുകള്‍ പങ്കെടുക്കുന്ന ലോക കപ്പിലെ പങ്കാളിത്തത്തെക്കുറിച്ച് ചിന്തിക്കാനേ ഇന്ത്യക്ക് ആകില്ല. അതേസമയം, ഇന്ത്യയുടെ മുപ്പതിലൊരംശം മാത്രം വലുപ്പമുള്ള അര ഡസനോളം രാജ്യങ്ങള്‍ ലോക കപ്പില്‍ പങ്കെടുക്കുന്നു. വീടുകളിലോ കടകളിലോ ക്ലബ്ബുകളിലോ ഇരുന്ന് സ്‌ക്രീനിലൂടെ മറ്റു രാജ്യങ്ങളുടെ കളി കണ്ടാസ്വദിക്കാനും ആരവം മുഴക്കാനുമല്ലാതെ സ്വന്തം രാജ്യത്തിന്റെ കളി കാണാനുള്ള ഭാഗ്യം ഇന്ത്യക്കാര്‍ക്കില്ല.

ലോകക്കപ്പ് കാണാന്‍ ഇന്ത്യയില്‍ നിന്ന 17,692 പേര്‍ റഷ്യയിലെത്തിയിട്ടുണ്ട്. സ്വന്തം ടീമുകള്‍ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങള്‍ കളിക്കളത്തില്‍ സ്വന്തം താരങ്ങളുടെ സാന്നിധ്യമറിയിക്കാന്‍ പതാക വീശുമ്പോള്‍ ഗ്യാലറികളിലെ ഇന്ത്യന്‍ സാന്നിധ്യം അറിയിക്കാനാണ് നമ്മുടെ നാട്ടുകാരുടെ ദുര്‍വിധി. എന്നാലും ഫുട്‌ബോള്‍ കമ്പത്തില്‍ മറ്റുള്ളവരേക്കാള്‍ ഒരു പടി മുന്നിലാണെന്ന് അവകാശപ്പെടാം ഇന്ത്യക്കാര്‍ക്ക്. വിശേഷിച്ചും കേരളീയര്‍ക്ക്.
ലോകക്കപ്പ് സംഘടിപ്പിക്കുന്ന രാഷ്ട്രങ്ങള്‍ക്ക് വന്‍ സാമ്പത്തിക നേട്ടങ്ങളുണ്ട്. കളിക്കാര്‍ക്കും ടീമുകള്‍ക്കുമുണ്ട് ഒട്ടേറെ ഗുണങ്ങള്‍. എന്നാല്‍ കളികാണാന്‍ കണ്ണില്‍ എണ്ണയൊഴിച്ചിരിക്കുന്നവര്‍ക്ക് സാമ്പത്തിക നഷ്ടവും സമയ നഷ്ടവുമല്ലാതെ മറ്റെന്ത്? എത്രയെത്ര വിദ്യാര്‍ഥികളുടെ പഠനവും യുവാക്കളുടെ അധ്വാനവുമാണ് ലോകകപ്പ് നഷ്ടമാക്കുന്നത്? ക്രിയാത്മകമായി വിനിയോഗിക്കേണ്ട യുവാക്കളുടെ കര്‍മശേഷി ഒരു മാസക്കാലം പൂര്‍ണമായി മരവിപ്പിക്കുന്നു. ദൃശ്യശ്രാവ്യ അച്ചടി മാധ്യമങ്ങളാണ് യുവസമൂഹത്തില്‍ വിശേഷിച്ചു മലബാറുകാരില്‍ ഫുട്‌ബോള്‍ കമ്പം തീവ്രമാക്കുന്നത്. അര്‍ജന്റീന, ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങി രാജ്യങ്ങളുടെ ജഴ്‌സികളും പതാകകളും ഒരുക്കി വ്യാപാരികളും ലോക കപ്പ് ഭ്രമം ചൂഷണം ചെയ്യുന്നു. മാധ്യമങ്ങളും വ്യാപാര ലോകവും ചേര്‍ന്നു വിനോദങ്ങളെയെല്ലാം തീര്‍ത്തും കച്ചവടവത്കരിക്കുകയാണ്. വിനോദവും ആസ്വാദനവും ആവശ്യം തന്നെ. പക്ഷേ അത് പരിധി വിടരുത്.

Latest