ഹുദൈദ വിമാനത്താവളത്തിന് നേരെ അറബ് സഖ്യസൈന്യത്തിന്റെ വ്യോമാക്രമണം

Posted on: June 18, 2018 10:15 am | Last updated: June 18, 2018 at 10:15 am
SHARE

സന്‍ആ: ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള ഹുദൈദയിലെ വിമാനത്താവളത്തിന് നേരെ സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസൈന്യം വ്യോമാക്രമണം നടത്തി. വിമാനത്താവളത്തിനകത്ത് നിലയുറപ്പിച്ച ഹൂത്തികളെ വകവരുത്തി നിയന്ത്രണം പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ആക്രമണമെന്ന് സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹുദൈദ തുറമുഖ പട്ടണത്തിന് സമീപത്തുള്ള വിമാനത്താവളത്തിന് നേരെ അഞ്ച് തവണ വ്യോമാക്രണം നടന്നതായി ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള സബ വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂന്ന് വര്‍ഷമായി ഹൂത്തികള്‍ക്കെതിരെ നടക്കുന്ന പോരാട്ടത്തിന്റെ ഏറ്റവും തന്ത്രപ്രധാനമായ നീക്കമാണ് ഇപ്പോള്‍ സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്.
ഏകദേശം അഞ്ച് ദിവസം മുമ്പായിരുന്നു ഹുദൈദയെ ലക്ഷ്യമാക്കിയുള്ള അറബ് സഖ്യസൈന്യത്തിന്റെ മുന്നേറ്റം ആരംഭിച്ചത്. തലസ്ഥാനമായ സന്‍ആ നിലവില്‍ ഹൂത്തികളുടെ നിയന്ത്രണത്തിലാണ്. ഹുദൈദ തുറമുഖത്തുനിന്നാണ് സന്‍ആയിലേക്കുള്ള അവശ്യസാധനങ്ങളുടെ വിതരണം നടക്കുന്നത്. ഈ സാഹചര്യത്തില്‍ ഹുദൈദ പിടിച്ചെടുത്ത് ഹൂത്തികളെ വരുതിയിലാക്കുക എന്നതാണ് സഖ്യസൈന്യത്തിന്റെ താത്പര്യം.
യുദ്ധം മുറുകിയതോടെ യമനിലെ ലക്ഷക്കണക്കിന് പേരുടെ ദുരിതം ഇരട്ടിയായി. അതിനിടെ ചര്‍ച്ചകള്‍ക്കായി യമനിലെ ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധി മാര്‍ട്ടിന്‍ ഗ്രിഫിത്ത് തലസ്ഥാനമായ സന്‍ആയിലെത്തിയിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് അദ്ദേഹം ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. ഹുദൈദയിലെ ഹൂത്തി വിമതരോട് യുദ്ധം അവസാനിപ്പിച്ച് തുറമുഖത്തിന്റെ നിയന്ത്രണം യു എന്‍ സൂപ്പര്‍വൈസ്ഡ് കമ്മിറ്റിക്ക് കൈമാറണമെന്ന് അദ്ദേഹം ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here