സുധീരനെ അവഗണിക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍

  • ഉമ്മന്‍ ചാണ്ടിക്കെതിരെ ശക്തമായ നീക്കം
  • പ്രവര്‍ത്തക സമിതിയിലെത്തുന്നത് തടയാന്‍ ശ്രമം
  • പിന്നില്‍ ആന്റണിയെന്ന് സൂചന
Posted on: June 15, 2018 6:03 am | Last updated: June 15, 2018 at 12:08 am
SHARE

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്കെതിരായ നീക്കം ശക്തമാക്കി പി ജെ കുര്യനും വി എം സുധീരനും. എ ഐ സി സി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെത്തുന്നത് തടയുകയാണ് ഇവരുടെ ലക്ഷ്യം. മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുടെയും ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റുചില നേതാക്കളുടെയും പിന്തുണ ഈ നീക്കത്തിനുണ്ടെന്നാണ് വിവരം. സുധീരന് പിന്നാലെ പി ജെ കുര്യനും ഉമ്മന്‍ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് രംഗത്തുവന്നു.

അതേസമയം, സുധീരനും കുര്യനും ഉന്നയിക്കുന്ന ആരോപണങ്ങള്‍ അവഗണിക്കാനാണ് എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം. ആരും പ്രതികരിക്കരുതെന്ന് ഗ്രൂപ്പ് നേതാക്കള്‍ക്കെല്ലാം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആന്ധ്രയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയാക്കിയ ഉമ്മന്‍ ചാണ്ടിക്ക് മുതിര്‍ന്ന നേതാവ് എന്ന പരിഗണനയാണ് എ ഐ സി സി നല്‍കിയിരിക്കുന്നത്. കേരളത്തിലെ കാര്യങ്ങളിലെ അവസാനവാക്ക് ഇതുവരെ എ കെ ആന്റണിയായിരുന്നു. ഈ സ്ഥിതിയില്‍ ഇനി മാറ്റം വരുമെന്നാണ് വിലയിരുത്തല്‍. ഇത് കൂടി കണക്കിലെടുത്താണ് ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തക സമിതി പ്രവേശം തടയാന്‍ ശ്രമം നടക്കുന്നത്. പി സി ചാക്കോ, കെ വി തോമസ്, കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളുടെ പിന്തുണയും ഈ നീക്കത്തിനുണ്ടെന്നാണ് വിവരം.

അതേസമയം, സുധീരന്‍ ഉയര്‍ത്തിയ വിമര്‍ശങ്ങളോട് ഉമ്മന്‍ ചാണ്ടി ഇന്നലെയും പ്രതികരിച്ചില്ല. കെ പി സി സിയുടെ വിലക്ക് ചൂണ്ടിക്കാട്ടിയാണ് ഒഴിഞ്ഞുമാറിയത്. കഴിഞ്ഞദിവസം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച സുധീരന്റെ പ്രസ്താവനകളെ പാര്‍ട്ടി ചട്ടക്കൂടും തീരുമാനങ്ങളും ചൂണ്ടിക്കാട്ടിയാണ് നേതാക്കള്‍ അവഗണിക്കുന്നത്. പരസ്യ പ്രസ്താവനയെ പാര്‍ട്ടി വിലക്കിയ സാഹചര്യത്തില്‍ താന്‍ ഒന്നും പ്രതികരിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടി പ്രതികരിച്ചിരുന്നു. ഇതേ നിലപാടാണ് പ്രതിപക്ഷ നേതാവും സ്വീകരിച്ചത്.

പാര്‍ട്ടിക്കുള്ളിലെ കാര്യങ്ങളില്‍ പരസ്യമായ ചര്‍ച്ചയില്ലെന്ന് വാര്‍ത്താ സമ്മേളനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മറുപടി നല്‍കി. പ്രതിപക്ഷ പ്രവര്‍ത്തനം സംബന്ധിച്ച ആരോപണങ്ങള്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ടതല്ലേയെന്ന് ചൂണ്ടിക്കാട്ടിയപ്പോഴും പ്രതികരണം അതുതന്നെയായിരുന്നു. കെ പി സി സി നേതൃയോഗം പരസ്യപ്രസ്താവനകള്‍ വിലക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അത് അനുസരിച്ച് മാതൃകകാട്ടേണ്ടത് താനാണ്. അതുകൊണ്ടുതന്നെ ആ തീരുമാനം അനുസരിക്കാന്‍ തനിക്ക് ബാധ്യതയുണ്ട്. അതിനാല്‍ അതുമായി ബന്ധപ്പെട്ട് ഒന്നും പ്രതിപാദിക്കുന്നില്ല. എന്ന് കരുതി ഒന്നും പറയാനില്ലെന്നല്ല അര്‍ഥം. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയുമെന്നും ചെന്നിത്തല പ്രതികരിച്ചു. ചെന്നിത്തലയുടെ വാര്‍ത്താസമ്മേളനത്തിന് തൊട്ടുപിന്നാലെ ഉമ്മന്‍ ചാണ്ടി അദ്ദേഹത്തിന്റെ വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്തി. സുധീരനുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട്, താന്‍ ഇക്കാര്യത്തില്‍ വികാരപരമായി പ്രതികരിച്ച് പാര്‍ട്ടിക്ക് ദോഷം വരുത്താനില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി. കുര്യനും സുധീരനും തനിക്ക് പ്രിയപ്പെട്ട നേതാക്കളാണ്. മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതിലെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടിയിട്ടില്ല. തന്റെ അസാന്നിധ്യത്തില്‍ തനിക്കു പറയാനുള്ളതാണ് പ്രതിപക്ഷ നേതാവും പാര്‍ട്ടി പ്രസിഡന്റും പറഞ്ഞത്. കാര്യങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും അറിയാമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. സുധീരന് മറുപടി നല്‍കിയാല്‍ വീണ്ടും ആരോപണങ്ങളുമായി അദ്ദേഹം രംഗത്തെത്തുമെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തല്‍. സുധീരന്‍ പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നുവെന്ന് കാണിച്ച് എ ഗ്രൂപ്പ് ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here