അടിയന്തരനടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം; ദുരന്തനിവാരണ സേനയുടെ ഒരു സംഘം കൂടി കോഴിക്കോട്ടേക്ക്

Posted on: June 14, 2018 12:52 pm | Last updated: June 15, 2018 at 9:29 am

തിരുവനന്തപുരം: കനത്തമഴയെ തുടര്‍ന്ന് നാശനഷ്ടമുണ്ടായ മേഖലകളില്‍ കൂടുതല്‍ സഹായമെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കലക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.

കാലവര്‍ഷം കൂടുതല്‍ ദുരിതം സൃഷ്ടിച്ച കോഴിക്കോട് ജില്ലയിലേക്ക് കേന്ദ്ര ദുരന്തനിവാരണസേനയെ അയക്കും. 48 പേരടങ്ങുന്ന സംഘം ഉടന്‍ കോഴിക്കോട് എത്തിച്ചേരും. അടിയന്തരഘട്ടങ്ങളെ നേരിടാന്‍ ഒരു സംഘത്തെ കൂടി സംസ്ഥാനത്തേക്ക് എത്തിക്കും.

ദുരന്തനിവാരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പോലീസ്, ഫയര്‍ഫോഴ്‌സ് എന്നീ സേനാവിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കി. റവന്യൂമന്ത്രിയുടെ നേതൃത്വത്തില്‍ ഗതാഗത, തൊഴില്‍ വകുപ്പുമന്ത്രിമാര്‍ കോഴിക്കോട് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.