പരിസ്ഥിതിലോല പ്രദേശം വനത്തിനുള്ളില്‍ മാത്രം

കസ്തൂരി രംഗന്‍: 31 വില്ലേജുകള്‍ പൂര്‍ണമായും ഒഴിവാക്കി
Posted on: June 14, 2018 6:08 am | Last updated: June 14, 2018 at 12:18 am
SHARE

കൊച്ചി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ നിന്ന് കൃഷി, തോട്ടം ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള അന്തിമ ഭൂപടവും റിപ്പോര്‍ട്ടും സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കുന്നതിനായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കേരളത്തിലെ പശ്ചിമഘട്ട മേഖലയിലെ ജനങ്ങള്‍ കഴിഞ്ഞ ആറ് വര്‍ഷമായി ഉയര്‍ത്തുന്ന ആവശ്യത്തിന് അംഗീകാരം ലഭിച്ചത്. ഈ റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറും.
2014 മാര്‍ച്ച് പത്തിന് എസ് ഒ 733 എഫ് നമ്പരായി പുറപ്പെടുവിച്ച കരട് വിജ്ഞാപന പ്രകാരം കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതിലോല പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗ തീരുമാനം അനുസരിച്ച് 92 ആയി ചുരുക്കി. ഇ എസ് എ (പരിസ്ഥിതി ലോല പ്രദേശ) വനത്തിനുള്ളില്‍ മാത്രം നിജപ്പെടുത്തി മറ്റ് മേഖലകളെ ഒഴിവാക്കുന്നതിനുള്ള സര്‍ക്കാറിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് 31 വില്ലേജുകള്‍ പൂര്‍ണമായും ഒഴിവാക്കപ്പെട്ടത്.

കരട് വിജ്ഞാപനം അനുസരിച്ച് കേരളത്തിലെ പരിസ്ഥിതിലോല മേഖലയുടെ ആകെ വിസ്തീര്‍ണം 9993.7 ചതുരശ്ര കിലോമീറ്റര്‍ ആയിരുന്നു ഇതില്‍ 9107 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശവും 886 ചതുരശ്ര കിലോമീറ്റര്‍ വനമല്ലാത്ത ഭൂപ്രദേശവും ആയിരുന്നു. ഗ്രൗണ്ട് ട്രൂത്തിംഗ് നടത്തി പുതിയതായി തയ്യാറാക്കിയ റിപ്പോര്‍ട്ടനുസരിച്ച് കേരളത്തിലെ ഇ എസ് എ വിസ്തീര്‍ണം 8656.46 ചതുരശ്ര കിലോമീറ്റര്‍ ആണ്. ഇ എസ് എ വിസ്തീര്‍ണത്തില്‍ 1337.24 ചതുരശ്ര കിലോമീറ്ററിന്റെ കുറവുണ്ടാകുകയും വില്ലേജുകളുടെ എണ്ണം 92 ആയി കുറയുകയും ചെയ്തു എന്നതാണ് പ്രത്യേകത.

2013 നവംബര്‍ 13ന് കേന്ദ്രം പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച് കേരളത്തില്‍ 13204. 25 ചതുരശ്ര കിലോമീറ്റര്‍ ആണ് ഇ എസ് എ ആയി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഉമ്മന്‍ വി ഉമ്മന്‍ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പിന്നീട് ഉണ്ടായ കരട് വിജ്ഞാപനത്തില്‍ 4548.12 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണം കുറക്കുകയും 9993.7 ചതുരശ്ര കിലോമീറ്ററായി നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍, തോടുകളും പുഴകളും ചതുപ്പും പുറമ്പോക്കും ഇ എസ് എയില്‍ ഉള്‍പ്പെടുത്തിയാണ് ഉമ്മന്‍ സമിതി റിപ്പോര്‍ട്ട് നല്‍കിയത്.

ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റിയുടെ പിഴവുകള്‍ അപ്പാടെ തിരുത്തിക്കൊണ്ടാണ് മന്ത്രിസഭായോഗം അംഗീകരിച്ച പുതിയ റിപ്പോര്‍ട്ട്. ഇ എസ് എ ആക്കുന്നതിനായി ഉമ്മന്‍ സമിതി ശിപാര്‍ശ ചെയ്തതില്‍ നിന്ന് 1337.24 ചതുരശ്ര കിലോമീറ്റര്‍ കുറച്ചാണ് പുതിയ റിപ്പോര്‍ട്ട്. തിരുവനന്തപുരം ജില്ലയില്‍ ആറ് വില്ലേജുകളിലായി 432.88 ചതുരശ്ര കിലോമീറ്ററും കൊല്ലത്ത് എട്ട് വില്ലേജുകളിലായി 751.90 ചതുരശ്ര കിലോമീറ്ററുമാണ് ഇ എസ് എ. പത്തനംതിട്ടയില്‍ ആറ് വില്ലേജിലായി 1325.96, ഇടുക്കിയില്‍ 1824.43, എറണാകുളത്ത് 499.97, തൃശൂരില്‍ 684.79, പാലക്കാട് 1285.07, മലപ്പുറത്ത് 672.09 കോഴിക്കോട്ട് 246.49, വയനാട്ടില്‍ 717.42, കണ്ണൂരില്‍ 215.46 ചതുരശ്ര കിലോമീറ്ററുമാണ് ഇ എസ് എ. ആകെ 8656.46 ചതുരശ്ര കിലോമീറ്ററാണ്.

31 വില്ലേജുകളാണ് സമ്പൂര്‍ണമായി ഇ എസ് എ ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടത്. ഇടുക്കിയില്‍ 23 വില്ലേജും പാലക്കാട്ടും വയനാടും തിരുവനന്തപുരത്തും ഓരോ വില്ലേജുകള്‍ വീതവും കോട്ടയം ജില്ലയില്‍ അഞ്ച് വില്ലേജുകളുമാണ് ഒഴിവാക്കപ്പെട്ടത്. ഇടുക്കി ജില്ലയില്‍ നിന്നും കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിരുന്ന 47 വില്ലേജുകളില്‍ 23 വില്ലേജുകള്‍ പൂര്‍ണമായും ഒഴിവാക്കപ്പെട്ടു. ദേവികുളം താലൂക്കിലെ ആനവിരട്ടി, കുഞ്ചിത്തണ്ണി, വെള്ളത്തൂവല്‍ വില്ലേജുകളും പൂര്‍ണമായും ഒഴിവാക്കപ്പെട്ടതില്‍ ഉള്‍പ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here