Connect with us

Kerala

കൊച്ചി മെട്രോ നഷ്ടം കുറഞ്ഞു; ദിവസം 40,000 യാത്രക്കാര്‍

Published

|

Last Updated

കൊച്ചി: ജൂണ്‍ 17ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ധനയുണ്ടായതായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എം ഡി എ പി എം മുഹമ്മദ് ഹനീഷ്. തുടക്കത്തില്‍ 20,000 മുതല്‍ 25,000 പേര്‍ വരെയായിരുന്നു പ്രതിദിനം യാത്ര ചെയ്തിരുന്നതെങ്കില്‍ ഇപ്പോഴത് 35,000 മുതല്‍ 40,000 വരെ എത്തി. വരവ് ചെലവിലെ അന്തരം 12 ലക്ഷമായി കുറഞ്ഞു.

നേരത്തെയിത് പ്രതിദിനം 20 ലക്ഷമായിരുന്നു. ആറ് കോടിയായിരുന്ന പ്രതിമാസ നഷ്ടം ഇപ്പോള്‍ 3.60 കോടിയായും കുറഞ്ഞു. യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധനക്ക് പുറമെ ടിക്കറ്റിതര വരുമാനത്തിലുണ്ടായ വര്‍ധനയും നഷ്ടം കുറയാന്‍ കാരണമായെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ജൂണോടെ തൈക്കൂടത്തേക്കും വര്‍ഷാവസാനത്തോടെ പേട്ടയിലേക്കും മെട്രോ സര്‍വീസ് നീട്ടാനാകും. പേട്ട മുതല്‍ എസ് എന്‍ ജംഗ്ഷന്‍ വരെയുള്ള രണ്ട് കി. മീ. സ്ഥലത്ത് ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങി. എസ് എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള സ്ഥലത്ത് പ്രാഥമിക സര്‍വേയും തുടങ്ങിയിട്ടുണ്ട്.

കലൂര്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വഴി സ്മാര്‍ട്ട്‌സിറ്റി വഴി വരെയുള്ള 12 കി ലോമീറ്റര്‍ വരുന്ന മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ പുതുക്കിയ വിശദമായ പദ്ധതി രേഖ കഴിഞ്ഞ ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാറില്‍ സമര്‍പ്പിച്ചിരുന്നു. ഇത് ഉടനെ കേന്ദ്രസര്‍ക്കാറിലേക്ക് അയക്കും. കേന്ദ്രവുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ആലുവ മുതല്‍ എയര്‍പോര്‍ട്ട് വഴി അങ്കമാലിയിലേക്കുള്ള മൂന്നാം ഘട്ടത്തിന്റെ ഡി പി ആറിനായി ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ആദ്യ ഘട്ടം പൂര്‍ത്തിയാകുന്നതോടെ യാത്രക്കാരുടെ ശരാശരി 60,000 നും 65,000നും ഇടയിലാവും. രണ്ടാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ മെട്രോയുടെ സാമ്പത്തിക നഷ്ടം കുറക്കാന്‍ കഴിയും. അവധി ദിവസങ്ങളില്‍ ശരാശരി 60,000 യാത്രക്കാരെ വരെ മെട്രോക്ക് ലഭിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇപ്പോഴുള്ള ടിക്കറ്റ് നിരക്ക് കുറക്കാന്‍ സാധിക്കില്ല.

നിലവില്‍ മെട്രോക്ക് ആവശ്യമായ 20 ശതമാനം വൈദ്യുതിയാണ് സോളാര്‍ പാനലുകള്‍ വഴി ലഭിക്കുന്നത്. ഇത് നാല്‍പത് ശതമാനമായി വര്‍ധിപ്പിക്കും. കെ എം ആര്‍ എല്‍ നടപ്പാക്കുന്ന വാട്ടര്‍ മെട്രോയുടെ ആദ്യ ബോട്ട് അടുത്ത മെയ് മാസത്തോടെ നീറ്റിലിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എ പി എം മുഹമ്മദ് ഹനീഷ് പറഞ്ഞു.