Connect with us

National

മാവോയിസ്റ്റ് ഭീഷണി: പ്രധാനമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: മാവോയിസ്റ്റുകളുടെ വധഭീഷണിയെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ഐബി ഡയറക്ടര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ യോഗം തീരുമാനമെടുത്തു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര പോലീസിനോട് ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണിയുണ്ടെന്ന് വ്യക്തമാക്കുന്ന കത്ത് പൂനെ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മോദി ഭരണം അവസാനിപ്പിക്കാനുള്ള സ്ഥിര ചുവടുവെപ്പ് എന്ന നിലയില്‍ മറ്റൊരു രാജീവ് ഗാന്ധി സംഭവം കൂടി വേണമെന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന കത്ത്, മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഈയടുത്ത് അറസ്റ്റ് ചെയ്ത അഞ്ച് പേരില്‍ ഒരാളുടെ വീട്ടില്‍ നിന്നാണ് കണ്ടെടുത്തത്. പ്രവര്‍ത്തകനും പ്രസാധകനുമായ സുധീര്‍ ധാവലെ, പ്രമുഖ മനുഷ്യാവകാശ അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്‌ലിംഗ്, ഗോത്രവര്‍ഗ പ്രവര്‍ത്തകന്‍ മഹേഷ് റൗത്, നാഗ്പൂര്‍ യൂനിവേഴ്‌സിറ്റി ഇംഗ്ലീഷ് പ്രൊഫസര്‍ ഷോമ സെന്‍, ന്യൂഡല്‍ഹിയിലെ സാമൂഹിക പ്രവര്‍ത്തകന്‍ റോന വില്‍സന്‍ എന്നിവരെയാണ് ബുധനാഴ്ച പൂനെ പോലീസ് അറസ്റ്റ് ചെയ്തത്. വില്‍സന്റെ വീട്ടില്‍ നിന്നാണ് കത്ത് കണ്ടെടുത്തത്.

എം- 4 ചെറുകിട യന്ത്രത്തോക്കിന്റെയും നാല് ലക്ഷം തിരയുടെയും വാര്‍ഷിക വിതരണത്തിന് എട്ട് കോടിയുടെ ആവശ്യമുണ്ടെന്നും കത്തിലുണ്ട്. “അദ്ദേഹത്തിന്റെ റോഡ് ഷോ ലക്ഷ്യം വെച്ച് മറ്റൊരു രാജീവ് ഗാന്ധി മാതൃകയിലുള്ള സംഭവം വേണ”മെന്ന് കത്തിലുള്ളതായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല പവാര്‍ കോടതിയെ അറിയിച്ചു. “മറ്റൊരു രാജീവ് ഗാന്ധി സംഭവം മാതൃകയാണ് ഞങ്ങള്‍ ചിന്തിക്കുന്നത്. ചാവേറാക്രമണമാകുമത്. എന്നാല്‍, പരാജയപ്പെടാനുള്ള സാധ്യതയുണ്ട്. എങ്കിലും പി ബിയും സി സിയും ഈ നിര്‍ദേശം അംഗീകരിക്കണം.” ഇതാണ് കത്തിലുള്ളത്. അറസ്റ്റിലായ അഞ്ച് പേരെയും ഈ മാസം 14 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.