Connect with us

Gulf

കാത്തിരിപ്പിന് അറുതി; കെ എസ് എഫ് ഇ പ്രവാസി ചിട്ടി പ്രാബല്യത്തിലാവുന്നു

Published

|

Last Updated

പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ധനകാര്യമന്ത്രി
ഡോ. തോമസ് ഐസക് സംസാരിക്കുന്നു.

ദുബൈ: ഗള്‍ഫ് രാജ്യങ്ങളിലടക്കമുളള പ്രവാസികളുടെ നീണ്ട കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് കെ എസ് എഫ് ഇയുടെ പ്രവാസി ചിട്ടി യാഥാര്‍ഥ്യമാവുന്നു. പ്രവാസി ചിട്ടിയിലേക്കുളള രജിസ്‌ട്രേഷന്‍ നടപടികള്‍ ഈ മാസം 18ന് നിയമസഭാ സമൂച്ചയത്തില്‍ എം എല്‍ എമാരുടെയും ലോക്‌സഭാ-രാജ്യസഭാംഗങ്ങളുടെയും വിദേശത്തെ വിവിധി പ്രവാസി സംഘടനാ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

പരമ്പരാഗതമായ ഒരു സമ്പാദ്യ പദ്ധതിയാണ് കേരളീയര്‍ക്ക് ചിട്ടി. വലിയൊരു ശതമാനം വരുന്ന ഗള്‍ഫിലെയും മറ്റ് വിദേശ രാജ്യങ്ങളിലെയും പ്രാവാസി സമൂഹത്തിന് അതത് രാജ്യങ്ങളില്‍ നിന്നു തന്നെ ചിട്ടിയില്‍ പങ്കാളികളാവാനുളള അവസരമാണ് ഇപ്പോള്‍ പ്രാബല്യത്തിലാവുന്നത്. അതിനൂതനമായ സാങ്കേതിക മാര്‍ഗങ്ങളിലൂടെയാണ് ഈ സമ്പാദ്യ പദ്ധതി വിദേശ മലയാളികളിലേക്കെത്തിക്കുന്നത്. ഗള്‍ഫിലെ പ്രവാസികള്‍ക്ക് ഒരു മികച്ച സമ്പാദ്യ പദ്ധതി എന്നതിനൊപ്പം കേരളത്തിന് വലിയ വളര്‍ച്ചക്ക് വഴിയൊരുക്കുന്ന ഒരു സാമ്പത്തിക മാതൃക കൂടിയായി കെ എസ് എഫ് ഇ പ്രവാസി ചിട്ടി മാറുമെന്ന് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. സംസ്ഥാനത്തെ ചിട്ടിയില്‍ നിന്നും വ്യത്യസ്തമായി പ്രവാസി ചിട്ടിക്ക് എല്‍ ഐ സിയുടെ ഇന്‍ഷുറന്‍സ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ചിട്ടിയില്‍ ചേരുന്ന ആരെങ്കിലും മരണമടഞ്ഞാല്‍ ബാക്കി വരുന്ന തവണകള്‍ എല്‍ ഐ സി അടച്ചുതീര്‍ക്കുകയും ആനുകൂല്യങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും. ചിട്ടിയില്‍ ചേര്‍ന്നവരാരെങ്കിലും വിദേശത്ത് മരണമടഞ്ഞാല്‍ മൃതദേഹം നാട്ടിലെത്തിക്കാനുളള ചുമതല കെ എസ് എഫ് ഇ വഹിക്കുകയും ചെയ്യും. സ്റ്റേറ്റ് ഇന്‍ഷ്വറന്‍സിന്റെ പരിരക്ഷയും പ്രവാസി ചിട്ടിക്കുണ്ടാകും.

പ്രവാസി ചിട്ടിയുടെ തുടക്കം യു എ ഇയിലായിരിക്കും. യു എ ഇയില്‍ പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട അണിയറ പ്രവര്‍ത്തനങ്ങള്‍ ദ്രൂതഗതിയില്‍ പുരോഗമിക്കുകയാണ്. യു എ ഇക്കു പിന്നാലെ മറ്റു ജിസി സി രാജ്യങ്ങള്‍, യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക എന്നിവിടങ്ങളിലെ പ്രവാസി സമൂഹത്തിനും പ്രവാസി ചിട്ടി ലഭ്യമാക്കും. കിഫ്ബിയുടെയും (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) നോര്‍ക്കയുടെയും സഹകരണത്തോടെയാണ് പ്രവാസി ചിട്ടി നടത്തുന്നത്. വലിയ പ്രതീക്ഷയോടെയാണ് പ്രവാസി ചിട്ടിയെ ഗള്‍ഫിലെ പ്രവാസി സമൂഹം കാത്തിരിക്കുന്നത്.

24,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷം കിഫ്ബി പ്രഖ്യാപിച്ചിരിക്കുന്നത്. പണിതീര്‍ത്ത വകയില്‍ 301 കോടി രൂപ കരാറുകാര്‍ക്ക് വിതരണം ചെയ്തുകഴിഞ്ഞു. അടുത്ത വര്‍ഷം 20,000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ കിഫ്ബി ഏറ്റെടുക്കും. ബജറ്റില്‍ വേറെ 10,000 കോടി രൂപ ഉള്‍ക്കൊളളിക്കുകയും ചെയ്യും.

വിവിധ ധനകാര്യ ഏജന്‍സികള്‍ വഴി ഇതിനായുള്ള വായ്പകള്‍ തയാറാക്കിയിട്ടുെണ്ടന്ന് കിഫ്ബി സി ഇഒ ഡോ. കെ എം എബ്രഹാം അറിയിച്ചു. ഇത്തരം വായ്പകള്‍ക്ക് ഒമ്പതു ശതമാനം വരെ പലിശ കൊടുക്കണം. പ്രവാസി ചിട്ടിയാവുമ്പോള്‍ ചിട്ടി ബിസിനസില്‍ സാധാരണയുണ്ടാവുന്ന നീക്കിയിരിപ്പ് കിഫ്ബി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. ചിട്ടി പിടിക്കുന്നവര്‍ക്ക് എത്രയും വേഗം മുഴുവന്‍ തുകയും കൊടുത്തുതീര്‍ക്കുകയും ചെയ്യും. പ്രവാസി ചിട്ടിയില്‍ ചേരുന്നവര്‍ അടക്കുന്ന തവണകള്‍ കിഫ്ബി ബോണ്ടുകളിലേക്കാണ് പോവുന്നത്. പ്രവാസികളുടെ പണം പൂര്‍ണമായും സുരക്ഷിതമായിരിക്കും. അതേസമയം നാട്ടിലെ ചെറുതും വലുതുമായ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ഉപയോഗിക്കുകയും ചെയ്യാം. ഡോ. എബ്രഹാം വ്യക്തമാക്കി.

പ്രവാസി ചിട്ടിയുടെ പ്രവര്‍ത്തനം മുഴുവന്‍ ഓണ്‍ലൈനിലായിരിക്കും. ചിട്ടിയില്‍ ചേരുന്നതും പണമടക്കുന്നതും രേഖകള്‍ സമര്‍പിക്കുന്നതുമെല്ലാം കമ്പ്യൂട്ടര്‍ വഴിയോ മൊബൈല്‍ വഴിയോ ആയിരിക്കും. സി ഡിറ്റിന്റെ നേതൃത്വത്തില്‍ എന്‍ ഐ സിയും മറ്റു ചില സോഫ്റ്റ് വെയര്‍ സ്ഥാപനങ്ങളും ചേര്‍ന്ന് രൂപം നല്‍കിയ ഈ ഓണ്‍ലൈന്‍ സംവിധാനം ലോകത്തുതന്നെ സാമ്പത്തിക ഇടപാടിനുളള ഇത്തരത്തിലുളള ആദ്യ സംവിധാനമായിരിക്കും. നീണ്ട നാളത്തെ പ്രവാസി സമൂഹത്തിന്റെ ആവശ്യമാണ് പ്രവാസി ചിട്ടിയുടെ രജിസ്‌ട്രേഷനോടെ യാഥാര്‍ഥ്യമാവുന്നത്. അതുകൊണ്ട് തന്നെ പദ്ധതിയെ ഇരു കൈയ്യും നീട്ടി സ്വീകരിക്കാനുളള തയ്യാറെടുപ്പിലാണ് ഗള്‍ഫിലെയടക്കമുളള പ്രവാസി സമൂഹം.