അഫ്ഗാന്‍-താലിബാന്‍ വെടിനിര്‍ത്തലിന് ധാരണ

Posted on: June 8, 2018 6:02 am | Last updated: June 7, 2018 at 10:17 pm
SHARE

കാബൂള്‍: താലിബാന്‍ തീവ്രവാദികളുമായി താത്കാലിക വെടിനിര്‍ത്തലിന് അഫ്ഗാന്‍ സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചു. അതേസമയം, ഇസില്‍ ഉള്‍പ്പടെയുള്ള മറ്റു തീവ്രവാദ സംഘടനകള്‍ക്കെതിരെയുള്ള പോരാട്ടം തുടരുകയും ചെയ്യും. ജൂണ്‍ 20വരെ താലിബാനിനെതിരെയുള്ള പോരാട്ടം നിര്‍ത്തിവെക്കുമെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി തന്നെയാണ് പ്രഖ്യാപിച്ചത്. അതേസമയം, വിഷയത്തില്‍ താലിബാന്‍ തീവ്രവാദികളുടെ പ്രതികരണം പുറത്തുവന്നിട്ടില്ല.

വിശുദ്ധ റമസാന്‍ അവസാനിക്കുന്നതിനോടനുബന്ധിച്ചാണ് വെടിനിര്‍ത്തല്‍ കരാറിന് അഫ്ഗാന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നിരിക്കുന്നത്. റമസാന്‍ 27ന് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുമെന്നും ഈദുല്‍ഫിത്വര്‍ അഞ്ചാം ദിവസം വരെ തുടരുമെന്നും (ജൂണ്‍ 12 മുതല്‍ 19 വരെ) അഫ്ഗാന്‍ പ്രസിഡന്റ് ട്വിറ്ററില്‍ വ്യക്തമാക്കി. താലിബാന്‍ നടത്തുന്ന സംഘര്‍ഷഭരിതമായ നീക്കങ്ങളില്‍ നിന്ന് പിന്മാറാനുള്ള അവസരമാണ് വെടിനിര്‍ത്തല്‍ കരാറിലൂടെ ലഭിച്ചിരിക്കുത്. സംഘര്‍ഷത്തിനും ആക്രമണത്തിനും ജനങ്ങളുടെ ഹൃദയത്തെ കീഴടക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടാകണം. നിലവില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന അഫ്ഗാനിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം വേണമെന്ന അഫ്ഗാന്‍ സര്‍ക്കാറിന്റെയും ജനതയുടെയും താത്പര്യമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിലൂടെ പുറത്തുവരുന്നതെന്നും പ്രസിഡന്റ് ട്വിറ്ററില്‍ കുറിച്ചു.

ചാവേര്‍ ആക്രമണം ഇസ് ലാമിക വിരുദ്ധമാണെന്ന് പ്രഖ്യാപിക്കാന്‍ ഒത്തുകൂടിയ അഫ്ഗാന്‍ മതപണ്ഡിതരെ ലക്ഷ്യമാക്കി താലിബാന്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ ഏഴ് പേര്‍ മരിച്ചിരുന്നു. ഇതിന് ഒരാഴ്ചക്ക് ശേഷമാണ് വെടിനിര്‍ത്തലിന് സന്നദ്ധത അറിയിച്ച് അഫ്ഗാന്‍ രംഗത്തെത്തിയിരിക്കുന്നത്.

താലിബാനെ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിക്കാന്‍ തയ്യാറാണെന്നും രാജ്യത്തെ രാഷ്ട്രീയ നടപടികളില്‍ അവര്‍ക്കും പങ്കാളികളാകാമെന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ അശ്‌റഫ് ഗനി വാഗ്ദാനം ചെയ്തിരുന്നു. 16 വര്‍ഷം നീണ്ടുനിന്ന അഫ്ഗാന്‍- താലിബാന്‍ സംഘര്‍ഷത്തിന് ഇത് അറുതിവരുത്തുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. അഫ്ഗാനിലെ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ ഇതുവരെ പതിനായിരത്തിലേറെ പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here