ഇരുനില ബസിലേറി ഷാര്‍ജയുടെ പൈതൃകകാഴ്ചകള്‍; സഞ്ചാരികളുടെ മനം കവര്‍ന്നു സിറ്റി സൈറ്റ് സീയിംഗ്

Posted on: June 5, 2018 9:46 pm | Last updated: June 5, 2018 at 9:46 pm
SHARE

ദുബൈ: ഇന്നലെകളിലേക്കു വെളിച്ചം വീശുന്ന ചരിത്ര കാഴ്ചകള്‍ക്ക് പ്രശസ്തമാണ് ഷാര്‍ജ. കുടിയേറ്റത്തിന്റെയും പ്രവാസത്തിന്റെയും കഥകള്‍ പറയുന്ന ഷാര്‍ജയിലെ തീരങ്ങളും പുരാതന പട്ടണങ്ങളുമെല്ലാം ഇവിടെയെത്തുന്ന ഏതൊരു സഞ്ചാരിയുടെയും മനം കവരും. ഷാര്‍ജ നഗരത്തിനു ചുറ്റുമുള്ള ഇത്തരം കാഴ്ചകള്‍ ഒരൊറ്റ യാത്രയില്‍ കാണാന്‍ അവസരമൊരുക്കുകയാണ് സിറ്റി സൈറ്റ് സീയിങ്. ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡവലപ്മെന്റ് അതോറിറ്റിയും (ശുറൂഖ്) ലോകപ്രശസ്ത ബ്രാന്‍ഡായ സിറ്റി സൈറ്റ് സീയിംഗ് വേള്‍ഡ് വൈഡും ചേര്‍ന്നാണ് ഈ നഗരസഞ്ചാരം ഒരുക്കുന്നത്.

ചരിത്രക്കാഴ്ചകളിലേക്കു സഞ്ചാരിയെ കൈപിടിച്ച് നടത്തുന്ന ഷാര്‍ജയിലെ പ്രശസ്തമായ പന്ത്രണ്ടു കേന്ദ്രങ്ങള്‍ കോര്‍ത്തൊരുക്കിയാണ് സിറ്റി സൈറ്റ് സീയിങ്ങിലെ പുതിയ കള്‍ച്ചറല്‍ റൂട്ട് ഒരുക്കിയിരിക്കുന്നത്. രണ്ടു നില ബസ്സില്‍ നഗരപ്രദക്ഷിണം നടത്തുമ്പോള്‍ കാഴ്ചകളോടൊപ്പം ജര്‍മന്‍, ഉറുദു, റഷ്യന്‍, അറബിക്, ചൈനീസ് തുടങ്ങിയ ഭാഷകളിലെ വിവരണങ്ങളും കേള്‍ക്കാം.

പച്ച, നീല, ചുവപ്പ് എന്നിങ്ങനെ മൂന്നു റൂട്ടുകളാണ് സിറ്റി സൈറ്റ് സീയിങിന്റെ ഭാഗമായുള്ളത്. ഒരു മണിക്കൂര്‍ ഇരുപതു മിനുട്ട് ദൈര്‍ഘ്യമുള്ള പച്ച ലൈന്‍ യാത്ര ‘കള്‍ച്ചറല്‍ ടൂര്‍’ എന്നും അറിയപ്പെടുന്നു. വാസ്തുവിദ്യയുടെ വേറിട്ട അടയാളയമായ ഷാര്‍ജ സെന്‍ട്രല്‍ സൂഖില്‍ നിന്നാരംഭിക്കുന്ന ഈ യാത്ര ഷാര്‍ജയുടെ പൈതൃക കാഴ്ചകളിലേക്കുള്ള തിരിഞ്ഞു നടത്തമാണ്. നൂറ്റാണ്ടുകള്‍ക്കു മുന്‍പത്തെ അറബ് ജീവിതത്തിലേക്കും പൗരാണിക കച്ചവട ബന്ധങ്ങളിലേക്കും സഞ്ചാരികളെ കൈപിടിച്ച് നടത്തുന്ന ചരിത്ര കേന്ദ്രമായ ‘ഹാര്‍ട്ട് ഓഫ് ഷാര്‍ജ’, പുരാതന കാഴ്ചകളുടെ സംരക്ഷണ കേന്ദ്രമായ ഷാര്‍ജ മ്യൂസിയം ഓഫ് ഇസ്‌ലാമിക് സിവിലൈസേഷന്‍, സാംസ്‌കാരിക ചത്വരം തുടങ്ങി പന്ത്രണ്ടു ഇടങ്ങള്‍ ഈ യാത്രയില്‍ കാണാം. ഇസ്ലാമിക വസ്തുവിദ്യയുടെ അപൂര്‍വ പകര്‍പ്പുകളും പത്തൊന്‍പതാം നൂറ്റാണ്ടില്‍ പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ തമ്പടിച്ചിരുന്ന ഖാലിദ് പോര്‍ട്ടുമെല്ലാം കാഴ്ചകളുടെ ഭാഗമാണ്.

നഗരത്തിലെ വിനോദ കേന്ദ്രങ്ങളും ആഘോഷ ചിത്രങ്ങളും ചേര്‍ത്താണ് ബ്ലൂ ലൈനിലെ ‘ലെഷര്‍ ടൂര്‍’ ഒരുക്കിയിട്ടുള്ളത്. ഒന്നര മണിക്കൂര്‍ നീളുന്ന ഈ യാത്രയില്‍ ഖാലിദ് ലഗൂണ്‍, അല്‍ മജാസ് പാര്‍ക്ക്, ഫ്‌ലാഗ് ഐലന്‍ഡ്, അല്‍ ഖാന്‍ ബീച്ച്, ഷാര്‍ജ അക്വാറിയം തുടങ്ങിയ കേന്ദ്രങ്ങള്‍ കാണാം. കടല്‍കാഴ്ചകളുടെ വേറിട്ട അനുഭവമാണ് അക്വാറിയത്തില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. നൂറ്റിയമ്പതില്‍ പരം ഇനം മത്സ്യങ്ങളെയും മറ്റ് അപൂര്‍വ കടല്‍ ജീവികളെയും ഇവിടെ അടുത്ത് കാണാം. ഷോപ്പിംഗിനും രുചിപരീക്ഷണങ്ങള്‍ക്കും പ്രശസ്തമായ അല്‍ വഹ്ദ സ്ട്രീറ്റ്, സഹാറ സെന്റര്‍, അല്‍ ഖസ്ബ തുടങ്ങിയ ഇടങ്ങളും ഈ ബസ്സിന്റെ സ്റ്റോപ്പുകളിലുണ്ട്.

പ്രഭാപൂരിതമാവുന്ന നഗരകാഴ്ചകളിലൂടെ, രാത്രിയുടെ തണുത്ത കാറ്റും കൊണ്ട് സഞ്ചരിക്കാവുന്ന അര മണിക്കൂറാണ് ;ചുവപ്പു ലൈനിലെ ‘നൈറ്റ് ടൂര്‍’. റമദാനില്‍ അണിഞ്ഞൊരുങ്ങുന്ന നഗരത്തെ കാണാന്‍ ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്നാണിത്. നഗരത്തിന്റെ പല ഭാഗങ്ങളിലുള്ള പത്തു സ്റ്റോപ്പുകളാണ് ഈ റൂട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. റമസാനില്‍ പകല്‍ സമയങ്ങളില്‍ രാവിലെ പത്തു മുതല്‍ വൈകുന്നേരം മൂന്നു മണി വരെയാണ് ഇരുനില ബസ്സില്‍ നഗര പ്രദക്ഷിണം നടത്താനുള്ള അവസരം. ഇഫ്താറിന് ശേഹം രാത്രി എട്ടു മുതല്‍ പതിനൊന്നു വരെ നൈറ്റ് ടൂര്‍ പ്രവര്‍ത്തിക്കുന്നു. അല്‍ ഖസ്ബ, സെന്‍ട്രല്‍ സൂക്ക് എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസുണ്ട്.