ട്രെയിന്‍ വൈകിയാല്‍ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റവും ‘വൈകും’

Posted on: June 4, 2018 10:45 am | Last updated: June 4, 2018 at 10:45 am
SHARE

ന്യൂഡല്‍ഹി: ട്രെയിനുകള്‍ പതിവായി വൈകി ഓടുന്നത് റെയില്‍വേ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തെ ബാധിക്കുമെന്ന് റെയില്‍വേ മന്ത്രാലയം. റെയില്‍വേ സോണല്‍ ജനറല്‍ മാനേജര്‍മാരുടെ യോഗത്തില്‍ മന്ത്രി പിയൂഷ് ഗോയലാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്.
അറ്റകുറ്റപ്പണികളുടെ പേരുപറഞ്ഞ് തീവണ്ടികള്‍ വൈകുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്തുമ്പോള്‍ ട്രെയിന്‍ വൈകുന്നത് സംബന്ധിച്ച വിവരങ്ങളും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തെ 30 ശതമാനം തീവണ്ടികളും വൈകിയാണ് ഓടുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ വന്‍തോതില്‍ നടക്കുന്നുണ്ടെങ്കിലും ട്രെയിനുകള്‍ വൈകുന്നത് ന്യായീകരിക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.