Connect with us

National

തൂത്തുക്കുടി വെടിവെപ്പ്: ദേശീയ മനുഷ്യാവകാശകമ്മീഷന്‍ നേരിട്ടെത്തി അന്വേഷണം തുടങ്ങി

Published

|

Last Updated

തൂത്തുക്കുടി: പതിമൂന്ന് പേര്‍ കൊല്ലപ്പെട്ട പോലീസ് വെടിവെപ്പിനെപ്പറ്റി അന്വേഷിക്കാന്‍ ദേശീയ മനുഷ്യാവകാശകമ്മീഷന്‍ അംഗങ്ങള്‍ തൂത്തുക്കുടിയില്‍ എത്തി. ജില്ലാ കലക്ടറേയും വെടിവെപ്പിന് ഇരയായവരുടെ കുടുംബാംഗങ്ങളേയും ഇവര്‍ സന്ദര്‍ശിച്ചു. പിന്നീട് തൂത്തുക്കുടി ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ കണ്ട സംഘം കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടേയും സാക്ഷികളുടേയും മൊഴി രേഖപ്പെടുത്തി. ഉടന്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

കഴിഞ്ഞദിവസം, തമിഴ്‌നാട് മനുഷ്യാവകാശ കമ്മീഷന്റെ രണ്ടംഗ ഉപസമിതി തൂത്തുക്കുടി സന്ദര്‍ശിച്ചിരുന്നു.
കമ്മീഷന്‍ അംഗങ്ങളായ ഡി. ജയചന്ദ്രന്‍, എ.ചിത്തരഞ്ജന്‍ മോഹന്‍ദാസ് എന്നിവര്‍ ജില്ലാ കളക്ടര്‍ സന്ദീപ് നന്ദുരിക്കൊപ്പം സര്‍ക്കാര്‍ ആശുപത്രിയിലെത്തി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയും മൊഴിയെടുത്തിരുന്നു. കലക്ടറേറ്റ് സന്ദര്‍ശിച്ച കമ്മീഷന്‍ അക്രമത്തോടനുബന്ധിച്ചു കത്തിച്ച വാഹനങ്ങളും പരിശോധിച്ചു.

തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് ഇന്റസ്ട്രിയല്‍ പ്ലാന്റുകള്‍ക്കെതിരെ പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെപ്പില്‍ പതിമൂന്ന് പേര്‍ ദാരുണായി കൊല്ലപ്പെടുകയായിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള പൊലീസിന്റെ വെടിവെപ്പ് ആസൂത്രിതമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും പിന്നാലെ പുറത്തുവന്നിരുന്നു. തുടര്‍ന്ന് ഗുരുതര ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുന്ന സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കളക്ടറുടെ നേതൃത്വത്തില്‍ പ്ലാന്റ് അടച്ചുപൂട്ടി സീല്‍ ചെയ്തിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്നതടക്കമുള്ള നിലപാടില്‍ പ്രതിഷേധക്കാര്‍ ഉറച്ചുനിന്നതോടെയാണ് പ്ലാന്റ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനമായത്.

Latest