ചെങ്ങന്നൂര്‍ പിടിക്കാനിറങ്ങിയ ബിജെപിക്ക് വന്‍ തിരിച്ചടി; തോല്‍വി സമ്മതിച്ച് ശ്രീധരന്‍പിള്ള

Posted on: May 31, 2018 10:45 am | Last updated: May 31, 2018 at 1:26 pm

ചെങ്ങന്നൂര്‍: കഴിഞ്ഞവര്‍ഷം ലഭിച്ച വോട്ടുകളുടെ കരുത്തില്‍ ഇത്തവണ ചെങ്ങന്നൂര്‍ പിടിച്ചടക്കാമെന്ന ബിജെപിയുടെ സ്വപ്‌നങ്ങള്‍ പാടെ തകര്‍ന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ വന്‍ കുതിപ്പ് നടത്തിയപ്പോള്‍ ഒരു ഘട്ടത്തില്‍ പോലും മുന്നിലെത്താന്‍ യുഡിഎഫിനോ എന്‍ഡിഎക്കോ കഴിഞ്ഞില്ല. ഫലം പുറത്തുവന്ന നാല് പഞ്ചായത്തുകളിലും ബിജെപി സ്ഥാനാര്‍ഥി പിഎസ് ശ്രീധരന്‍പിള്ള മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ശക്തികേന്ദ്രമായ തിരുവന്‍വണ്ടൂരില്‍ മാത്രമാണ് ബിജെപിക്ക് അല്‍പമെങ്കിലും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത്. ഇവിടെ
ബിജെപിക്ക് രണ്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. നിലവിലെ ഫല സൂചനകള്‍ പ്രകാരം കഴിഞ്ഞ തവണ ലഭിച്ച വോട്ടുകള്‍ ബിജെപിക്ക് ലഭിക്കില്ലെന്ന് ഉറപ്പാണ്. 42682 വോട്ടുകളാണ് കഴിഞ്ഞ തവണ ശ്രീധരന്‍ പിള്ളക്ക് ലഭിച്ചത്. കോണ്‍ഗ്രസ് വോട്ടുകള്‍ സിപിഎമ്മിലേക്ക് മറിച്ചുവെന്നാണ് ശ്രീധരന്‍ പിള്ള ആരോപിച്ചു. നിയമസഭയില്‍ അംഗങ്ങളുടെ എണ്ണം രണ്ടാക്കി ഉയര്‍ത്താന്‍ കൊണ്ടുപിടച്ച പ്രചാരണങ്ങളാണ് മണ്ഡലത്തില്‍ ബിജെപി കാഴ്ച വെച്ചത്.

ഇതൊന്നും വോട്ടായി മാറിയില്ല എന്നതാണ് യാഥാര്‍ഥ്യം. ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവിനെ അടക്കമുള്ളവരെ ബിജെപി പ്രചാരണത്തിനായി മണ്ഡലത്തില്‍ എത്തിച്ചിരുന്നു. ബിഡിജെഎസ് നിലപാടും ബിജെപിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.