Connect with us

International

ഉര്‍ദുഗാന്‍ സ്വേച്ഛാധിപതിയെന്ന് ഫ്രഞ്ച് മാഗസിന്‍

Published

|

Last Updated

അങ്കാറ: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ സ്വേച്ഛാധിപതി എന്ന് വിശേഷിപ്പിച്ച് പുറത്തിറങ്ങിയ ഫ്രഞ്ച് മാഗസിന്റെ പേരില്‍ ഇരു രാജ്യങ്ങളുടെയും ഇടയില്‍ അസ്വസ്ഥത പുകയുന്നു. ഫ്രഞ്ച് മാഗസിന്‍ ലി പോയിന്റ് ആണ് അതിന്റെ കവറില്‍ ഉര്‍ദുഗാന്റെ ചിത്രം നല്‍കി സ്വേച്ഛാധിപതി എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ചത്. ഇതിനെ പിന്തുണച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രംഗത്തെത്തിയത് തുര്‍ക്കിയെ കൂടുതല്‍ പ്രകോപിപ്പിക്കുകയും ചെയ്തു. പ്രസിഡന്റിന്റെ നടപടിയെ വിമര്‍ശിച്ച് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലൂദ് കാവുസോഗ്‌ലു രംഗത്തെത്തി.

മെയ് 24ന് പുറത്തിറങ്ങിയ മാഗസിനിലാണ് വിവാദ പരാമര്‍ശമുള്ളത്. എന്നാല്‍ ഉര്‍ദുഗാന്റെ അനുയായികള്‍ മാഗസിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ അനുയായികളുടെ പ്രതികരണത്തെ തള്ളിക്കളഞ്ഞ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇതൊരിക്കലും സ്വീകാര്യമല്ലെന്നും അറിയിച്ചിരുന്നു. ആര്‍ക്കും മാധ്യമ സ്വാതന്ത്രത്തിന് വിലങ്ങ് തീര്‍ക്കാനാകില്ലെന്നും അങ്ങനെ ചെയ്യുമ്പോള്‍ അത് സ്വേച്ഛാധിപത്യമാകുമെന്നും മാക്രോണ്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ഇതിന് കടുത്ത പ്രതികരണവുമായി വിദേശകാര്യ മന്ത്രി രംഗത്തെത്തി. ജനാധിപത്യം എന്നത് മറ്റുള്ളവരെ നിന്ദിക്കുക എന്നതിലേക്ക് മാത്രം ചുരുങ്ങിയിട്ടില്ല.

മറിച്ച് മറ്റുള്ളവരുടെ കാഴ്ചപ്പാടും വികാരവും ഉള്‍ക്കൊള്ളുന്നത് കൂടിയാകുമ്പോഴാണ് ജനാധിപത്യം പൂര്‍ണമാകുകയുള്ളൂ. അതിനപ്പുറമുള്ളതെല്ലാം ജാടകള്‍ മാത്രമാണ്. ഫ്രാന്‍സിലുള്ള തുര്‍ക്കി വംശജര്‍ ജനാധിപത്യ രീതിയിലൂടെ തന്നെയാണ് പ്രതികരിച്ചതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സംഭവം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളാക്കുന്ന രീതിയിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

Latest