നക്ഷത്ര ആമകളുടെ ശാസ്ത്രീയ പഠനത്തിന് ചിന്നാര്‍ ഒരുങ്ങുന്നു

Posted on: May 31, 2018 6:23 am | Last updated: May 30, 2018 at 11:59 pm

കോതമംഗലം: നക്ഷത്ര ആമകളുടെ ശാസ്ത്ര പഠനത്തിന് ചിന്നാര്‍ വന്യജീവി സങ്കേതം ഒരുങ്ങുന്നു. ജൂണ്‍ ആദ്യ വാരത്തിലാണ് ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നക്ഷത്ര ആമകളുടെ പഠനം ആരംഭിക്കുന്നത്. പഠന രൂപരേഖ ജൈവ വൈവിധ്യ വിഭാഗം മേധാവിയായ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അമിത് മലിക്ക് ഐ എഫ് എസ് അംഗീകരിച്ചു. രണ്ട് വര്‍ഷമാണ് പഠനം. വന്യജീവി നിയമപ്രകാരം വിപണനം നിരോധിച്ചിട്ടുള്ള നക്ഷത്ര ആമകള്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവി കൂടിയാണ്.

ചിന്നാര്‍ വന്യജീവി സങ്കേതത്തിലാണ് നക്ഷത്ര ആമകള്‍ക്ക് സ്വഭാവിക ആവാസവ്യവസ്ഥയുള്ളത്. ഇരവികുളം ദേശീയോദ്യാനം, പറമ്പിക്കുളം വന്യജീവി സങ്കേതം, തമിഴ്‌നാട്ടിലെ ഇന്ദിരാഗാന്ധി വന്യജീവി സങ്കേതം എന്നിവയായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശവുമാണ്.

2014- 15 കാലഘട്ടത്തില്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നടത്തിയ പഠനത്തിലൂടെയും തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെയുമാണ് നക്ഷത്ര ആമകളുടെ പുനരധിവാസ പ്രക്രിയ നടപ്പിലായത്. കള്ളിച്ചെടി വര്‍ഗത്തില്‍പ്പെട്ട ചെറിയ കായ്കളും ഫലങ്ങളും ഒച്ചുകളുടെ പുറംതോടുകളും ഇവ ഭക്ഷിക്കുന്നുണ്ട്.

നക്ഷത്ര ആമകളുടെ സ്വഭാവ സവിശേഷതകള്‍, ആവാസ വ്യവസ്ഥയുടെ ഉപയോഗം, കാലാവസ്ഥാ വ്യതിയാനത്തോടുള്ള പ്രതികരണം, വളര്‍ച്ചയുടെ തോത്, പ്രജനന സ്വഭാവങ്ങള്‍, നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. ചിന്നാര്‍ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി എം പ്രഭു, മൂന്നാര്‍ വന്യജീവി സങ്കേതം ബയോളജിസ്റ്റ് ഡോ. പി രാജന്‍, ഇരവികുളം നാഷനല്‍ പാര്‍ക്ക് അസി. വാര്‍ഡര്‍ സലീഷ് എന്നിവരാണ് നക്ഷത്ര ആമകളെ കുറിച്ചുള്ള ശാസ്ത്ര പഠനത്തിന് നേതൃത്വം നല്‍കുന്നത്. നക്ഷത്ര ആമകളെ നിലവില്‍ പരിചരിച്ച വിവിധ ആദിവാസി ഇ ഡി സി വാച്ചര്‍മാരും പഠനത്തില്‍ പങ്കാളികളാകും. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി, കോട്ടയം ഫീല്‍ഡ് ഡയറക്ടര്‍ പി മാത്തച്ചന്‍ ഐ എഫ് എസ് എന്നിവര്‍ ശാസ്ത്രീയ പഠനം നിരീക്ഷിക്കും.

കേരളത്തില്‍ അനധികൃതമായി ആമകളുടെ വിപണനമോ സാന്നിധ്യമോ ശ്രദ്ധയില്‍പ്പെട്ടാല്‍ കോടതി മുഖേനയോ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നിര്‍ദേശപ്രകാരമോ അവയെ സ്വാഭാവിക ആവാസ വ്യവസ്ഥയുള്ള ചിന്നാറില്‍ എത്തിക്കുകയാണ് പതിവ്. കഴിഞ്ഞ നാല് വര്‍ഷമായി നിരവധി നക്ഷത്ര ആമകളെ ഇവിടെ പുനരധിവസിപ്പിച്ചുവരുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ വീടുകളിലും മറ്റും അലങ്കാര ആമകളായി കാണപ്പെട്ടവയെ പോലും പിന്നീട് ചിന്നാറിലേക്ക് എത്തിച്ചിട്ടുണ്ട്. നക്ഷത്ര ആമകളുടെ ശാസ്ത്രീയ പഠനവും പുനരധിവാസവും വനം വന്യജീവി വകുപ്പിന് വലിയ വെല്ലുവിളിയാണങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് അധികൃതരുടെ തീരുമാനം.

ആമകളെ പുനരധിവസിപ്പിക്കുന്നതിന് മുമ്പ് ഓരോന്നിനും പ്രത്യേകം തിരിച്ചറിയല്‍ രേഖ നല്‍കാറുണ്ട്. നക്ഷത്ര ആമകളുടെ തോടിന്റെ വശങ്ങളില്‍ ഏതെങ്കിലും ഒരു ശല്‍ക്കത്തിന്റെ അരികില്‍ ചെറിയ രീതിയിലുണ്ടാകുന്ന അടയാളങ്ങളിലൂടെ അവക്ക് ഓരോ നമ്പര്‍ നല്‍കുന്ന സമ്പ്രദായമാണിത്.