Connect with us

Kerala

ജീവനക്കാരുടെ പണിമുടക്കില്‍ ബേങ്കിംഗ് മേഖല സ്തംഭിച്ചു

Published

|

Last Updated

തിരുവനന്തപുരം: രാജ്യവ്യാപകമായി പൊതുമേഖല ബേങ്ക് ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. യുനൈറ്റഡ് ഫോറം ഓഫ് ബേങ്ക് യൂനിയനി (യു എഫ് ബി യു)ന്റെ നേതൃത്വത്തില്‍ 48 മണിക്കൂറാണ് പണിമുടക്ക്. ബേങ്കിംഗ് മേഖല ഏതാണ്ട് നിശ്ചലമാണ്. സേവന-വേതന കരാര്‍

പുതുക്കണമെന്നാവശ്യപ്പെട്ട് പത്ത് ലക്ഷത്തോളം ജീവനക്കാരും, ഉദ്യോഗസ്ഥരുമാണ് പണിമുടക്കുന്നത്. ചെന്നൈ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച വൈകിട്ട് ആറിനാരംഭിച്ച പണിമുടക്ക് മറ്റിടങ്ങളില്‍ ബുധനാഴ്ച രാവിലെ ആറിനാണ് തുടങ്ങിയത്. നാളെ രാവിലെ ആറ് മണി വരെയാണ് സമരം.

ഡിജിറ്റല്‍ സേവനങ്ങളെ സമരം ബാധിക്കില്ല. പണിമുടക്ക് നടക്കുന്ന 48 മണിക്കൂറില്‍ എ ടി എമ്മുകളില്‍ പണം നിറക്കില്ല. എന്നാല്‍, സമരം മുന്‍കൂട്ടി കണ്ട് കൂടുതല്‍ പണം നേരത്തെ നിറച്ചിട്ടുണ്ട്. ഐ സി ഐ സി ഐ, എച്ച് ഡി എഫ് സി, ആക്‌സിസ് ബേങ്ക്, യെസ് ബേങ്ക് എന്നിവിടങ്ങളിലെ ജീവനക്കാര്‍ പണിമുടക്കുന്നില്ല. ഗ്രാമീണ,സഹകരണ ബേങ്ക് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. 21 പൊതുമേഖലാ ബേങ്കുകളിലെയും 12 സ്വകാര്യമേഖലാ ബേങ്കുകളിലെയും ജീവനക്കാരാണ് പണിമുടക്കുന്നത്.

വേതന വര്‍ധന ആവശ്യപ്പെട്ട് ബേങ്ക് ജീവനക്കാരുടെ സംഘടന ഇന്ത്യന്‍ ബേങ്ക് അസോസിയേഷനുമായി നടത്തിയ അവസാനഘട്ട ചര്‍ച്ചയും പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് 48 മണിക്കൂര്‍ പണിമുടക്ക് സമരം ആരംഭിച്ചത്.

ശമ്പള പരിഷ്‌കരണം എത്രയും വേഗം നടപ്പാക്കുക, ന്യായമായ വേതന വര്‍ധന ഏര്‍പ്പെടുത്തുക, ഓഫീസര്‍ സ്‌കെയിലില്‍ ഏഴ് വരെ വ്യവസായതല വേതന ഘടന തുടരുക, ബേങ്ക് സ്വകാര്യവത്കരണവും ലയന നീക്കങ്ങളും പിന്‍വലിക്കുക, കോര്‍പറേറ്റുകളുടെ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുക, വര്‍ധിപ്പിച്ച ബേങ്കിംഗ് സേവന നിരക്കുകള്‍ കുറക്കുക, ജി എസ് ടിയുടെ പേരിലുള്ള സര്‍വീസ് ചാര്‍ജ് വര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

പണിമുടക്കിയ ജീവനക്കാര്‍ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും ധര്‍ണയും നടത്തി. തിരുവനന്തപുരത്ത് എസ് ബി ഐ സ്റ്റാച്യു ശാഖക്ക് മുന്നില്‍ ജീവനക്കാരുടെ പ്രതിഷേധ സമരം സി ദിവാകരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

---- facebook comment plugin here -----

Latest