സൗഹൃദ കുരുക്ക്

  • ടുണീഷ്യ 2-2 പോര്‍ച്ചുഗല്‍
  • ഇറ്റലി 2-1 സഊദി
  • ഫ്രാന്‍സ് 2- 0 അയര്‍ലാന്‍ഡ്
Posted on: May 30, 2018 6:20 am | Last updated: May 30, 2018 at 12:38 am

ബ്രാഗ: ലോകകപ്പ് സന്നാഹ മത്സരത്തില്‍ ടുണീഷ്യയും പോര്‍ച്ചുഗലും സമനിലയില്‍. ഒരുഘട്ടത്തില്‍ 2- 0 എന്ന സ്‌കോറിന് മുന്നിട്ടുനിന്ന പോര്‍ച്ചുഗലിനെ ഉഗ്രന്‍ തിരിച്ചുവരവിലൂടെ ടുണീഷ്യ സമനിലയില്‍ കുരുക്കുകയായിരുന്നു.

22ാം മിനുട്ടില്‍ ആന്‍ഡ്രെ സില്‍വ ഹെഡ്ഡറിലൂടെ നേടി ഗോളിലൂടെയാണ് പോര്‍ച്ചുഗല്‍ ആദ്യ ലീഡ് കണ്ടെത്തിയത്. 34ാം മിനുട്ടില്‍ മാരിയോയിലൂടെ പോര്‍ച്ചുഗല്‍ രണ്ടാക്കി ഉയര്‍ത്തി. എന്നാല്‍, അഞ്ച് മിനുട്ടിനുള്ളില്‍ ടുണീഷ്യ തിരിച്ചടിച്ചു. 39ാം മിനുട്ടില്‍ ബദ്രിയിലൂടെയായിരുന്നു അവരുടെ ആദ്യ ഗോള്‍. 64ാം മിനുട്ടില്‍ ബെന്‍ യുസുഫ് നേടിയ ഗോള്‍ പോര്‍ച്ചുഗലിന് നിരാശയും ടുണീഷ്യക്ക് സമനിലയും നേടിക്കൊടുത്തു.
ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് വിശ്രമം അനുവദിച്ചാണ് പോര്‍ച്ചുഗല്‍ ടുണീഷ്യക്ക് എതിരായ സന്നാഹ മത്സരത്തിന് ഇറങ്ങിയത്. ബെര്‍ണാഡോ സില്‍വ, ആന്‍ഡ്രെ സില്‍വ, മൗറ്റീനോ, പെപെ തുടങ്ങിയ മുന്‍നിര കളിക്കാര്‍ പോര്‍ച്ചുഗലിനായി കളത്തിലിറങ്ങിയിരുന്നു. ജൂണ്‍ മൂന്നിന് ബെല്‍ജിയത്തിനെതിരെയാണ് പോര്‍ച്ചുഗലിന്റെ അടുത്ത സന്നാഹ മത്സരം.

ലോക കപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കേ പോര്‍ച്ചുഗല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ നേക്കിക്കണ്ട മത്സരമായിരുന്നു ടുണീഷ്യക്കെതിരെ നടന്നത്. മാര്‍ച്ചില്‍ നെതര്‍ലാന്‍ഡിനോട് 3-0ത്തിന് തോറ്റ പോര്‍ച്ചുഗലിന് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഒരു വിജയം ആവശ്യമായിരുന്നു. അതാണ് സമനിലയിലൂടെ ഇല്ലാതായത്.

മറ്റൊരു സൗഹൃദ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സഊദി അറേബ്യയെ ഇറ്റലി പരാജയപ്പെടുത്തി. ബലോട്ടല്ലി നേടിയ ഇരട്ട ഗോളുകളിലാണ് ഇറ്റലിയുടെ ജയം. മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അയര്‍ലാന്‍ഡിനെ ഫ്രാന്‍സ് പരാജയപ്പെടുത്തി.