National
പെട്രോളിന് 20 രൂപ വരെ കുറവ്; നേപ്പാളും ഭൂട്ടാനും ഇവര്‍ക്ക് പ്രിയം

പറ്റ്‌ന/ ലക്‌നോ/ ഗുവാഹത്തി: അയല്‍ രാജ്യങ്ങളായ നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളേക്കാള്‍ ഉയര്‍ന്ന വില ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും ആയതോടെ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇന്ധനം വാങ്ങാന്‍ “രാജ്യംവിടുന്നു”. അസമിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ഭൂട്ടാനില്‍ നിന്ന് പെട്രോളും ഡീസലും വാങ്ങി രാജ്യത്ത് കൊണ്ടുവന്ന് വില്‍ക്കുന്നുണ്ട്. ഭൂട്ടാനില്‍ പെട്രോള്‍ ലിറ്ററിന് 56.63 രൂപയാണ് വില. ഉത്തര്‍ പ്രദേശിലെയും ബിഹാറിലെയും അതിര്‍ത്തി പ്രദേശങ്ങളിലുള്ളവര്‍ നേപ്പാളില്‍ നിന്നാണ് പെട്രോളും ഡീസലും കൊണ്ടുവരുന്നത്. ലിറ്ററിന് 66.69 രൂപയാണ് നേപ്പാളിലെ വില.
അംഗീകൃത അതിര്‍ത്തിയിലൂടെ തന്നെ കടക്കുന്ന ജനങ്ങള്‍ നേപ്പാളിലെ പമ്പുകള്‍ക്ക് മുന്നില്‍ വലിയ കാനും കന്നാസുമായി വരി നില്‍ക്കുന്ന കാഴ്ചയാണുള്ളത്. കുടിവെള്ള ബോട്ടിലുകളിലും ഇന്ധനം കൊണ്ടുവരുന്നുണ്ട്. ബൈക്കുകള്‍ നേപ്പാളില്‍ കൊണ്ടുപോയി ഫുള്‍ടാങ്ക് പെട്രോളടിച്ചാല്‍ 150 രൂപയാണ് ലാഭം.
അതേസമയം, ഇന്ധനം വന്‍തോതില്‍ അതിര്‍ത്തി കടത്തുന്നത് ഇന്തോ- നേപ്പാള്‍ അതിര്‍ത്തി കാക്കുന്ന സീമ സുരക്ഷ ബല്‍ (എസ് എസ് ബി) സേനക്ക് തലവേദനയുണ്ടാക്കുന്നുണ്ട്. അതിര്‍ത്തിയില്‍ ഇന്ത്യയുടെ ഭാഗത്തുള്ള പെട്രോള്‍ ബങ്കുകള്‍ പ്രതിസന്ധിയിലുമാണ്.
കേന്ദ്ര സര്‍ക്കാറിന്റെ എക്‌സൈസ് തീരുവയും സെസ്സും സംസ്ഥാന സര്‍ക്കാറുകളുടെ വില്‍പ്പന നികുതിയും ചേര്‍ക്കുമ്പോള്‍ ഡീസല്‍, പെട്രോള്‍ വില റോക്കറ്റ് പോലെ ഉയരുന്നുണ്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ മാത്രം ഒമ്പത് പ്രാവശ്യമാണ് എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചത്. ഇതിലൂടെ 3.1 ലക്ഷം കോടിയാണ് ഖജനാവിലെത്തിയത്. കഴിഞ്ഞ വര്‍ഷം 3,721 കോടിയായിരുന്ന ഇന്ത്യന്‍ ഓയില്‍ കമ്മീഷന്റെ ലാഭം ഈ വര്‍ഷം 5,218 കോടിയായി ഉയര്‍ന്നു. അയല്‍ രാജ്യങ്ങളേക്കാള്‍ ഉയര്‍ന്ന വിലയാണ് ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും ഈടാക്കുന്നത്. നേപ്പാള്‍ അടക്കമുള്ള പല രാജ്യങ്ങള്‍ക്കും ഇന്ത്യയാണ് ഇന്ധനം കയറ്റുമതി ചെയ്യുന്നത്.