യൂറോപ്പ് ബജറ്റ് എയറുകളുടെ പേരില്‍ വ്യാജ സന്ദേശം; തട്ടിപ്പിനിരയാക്കരുതെന്ന് അധികൃതര്‍

Posted on: May 29, 2018 10:27 pm | Last updated: May 29, 2018 at 10:27 pm

ദുബൈ: യൂറോപ്പിലെ പ്രമുഖ ബഡ്ജറ്റ് എയര്‍ലൈന്‍ സര്‍വീസായ റിയാന്‍ എയറിനെ കുറിച്ച് വാട്‌സ്ആപില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്കെതിരെ അധികൃതര്‍. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന എയര്‍ലൈന്‍ കമ്പനി സൗജന്യ ടിക്കറ്റ് നല്‍കുന്നു എന്ന സന്ദേശത്തെ സംബന്ധിച്ചാണ് എയര്‍ലൈന്‍ അധികൃതര്‍ പ്രതികരിച്ചത്. കമ്പനിയുടെ പേരില്‍ പ്രചരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ രണ്ട് ടിക്കറ്റ് ലഭിക്കുമെന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്.

വ്യാജ സന്ദേശത്തില്‍ എയര്‍ലൈന്‍ കമ്പനിയുടെ ലോഗോ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടായിരുന്നു. അഭിനന്ദനം അറിയിച്ചുള്ളസന്ദേശ വരികള്‍ 15 വാട്‌സ്ആപ് നമ്പറിലേക്ക് അയച്ചുകൊടുത്താലാണ് സമാനത്തിനര്‍ഹമാകുക എന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്. സമ്മാനം ലഭിക്കണമെങ്കില്‍ ലിങ്കില്‍ ഉപഭോക്താക്കളുടെ വിശദവിവരങ്ങള്‍ നല്‍കിയാല്‍ സമ്മാനം ലഭിക്കുമെന്നാണ് സന്ദേശത്തിലിലെ മറ്റൊരു ഭാഗം.

എയര്‍ലൈന്‍ വൃത്തങ്ങള്‍ വാട്‌സ്ആപില്‍ ആക്റ്റീവ് അല്ലെന്നും ഔദ്യോഗിക ഫെയ്സ്ബുക്ക്, ട്വിറ്റര്‍ ചാനലുകളില്‍ അല്ലാതെ ഇത്തരം ഓഫറുകള്‍ നല്‍കാറില്ലെന്നും അധികൃതര്‍ അറിയിച്ചു.

ഇത്തരത്തില്‍, ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സ് എയര്‍ലൈനിനെ കുറിച്ചും വാട്‌സ്ആപില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. എമിറേറ്റിസിന്റെ വാര്‍ഷികം പ്രമാണിച്ചു സൗജന്യ വിദേശ ട്രിപ്പുകള്‍ നല്‍കുന്നു എന്നായിരുന്നു സന്ദേശം. ലിങ്ക് ക്ലിക്ക് ചെയ്ത് തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നവരുടെ രഹസ്യ വിവരങ്ങളും ബേങ്ക് വിവരങ്ങള്‍, യൂസര്‍ നെയിം പാസ്‌വേര്‍ഡ് എന്നിവ കരസ്ഥമാക്കി ബേങ്കില്‍ നിന്നും വന്‍ തുക തട്ടിയെടുക്കുന്നതിനാണ് തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നത്.

വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരായി തട്ടിപ്പിന് ഇരയാക്കരുതെന്ന് യു എ ഇ ആഭ്യന്തര മന്ത്രാലയവും ആവശ്യപ്പെടുന്നുണ്ട്. ഇത്തരം സന്ദേശങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ സുരക്ഷാ ഏജന്‍സികളില്‍ പരാതി പെടണമെന്നും അധികൃതര്‍ അറിയിച്ചു.