ബാക്ക് ഫഌപ് സ്‌റ്റൈലില്‍ ദുബൈ കനാലിലേക്ക്; യുവാക്കളെ തേടി പോലീസ്

Posted on: May 29, 2018 10:08 pm | Last updated: May 29, 2018 at 10:08 pm

ദുബൈ: ദുബൈ കനാലില്‍ സാഹസികമായി ചാടിയ രണ്ട് ചെറുപ്പക്കാരെ ദുബൈ പോലീസ് തിരയുന്നു. അതിനിടെ ഇവര്‍ കനാലില്‍ ചാടുന്നത് പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. സൂര്യാസ്തമയത്തിനു മുന്‍പ് പകര്‍ത്തിയ ദൃശ്യങ്ങളില്‍ കന്തൂറ ധരിച്ച ഒരു ചെറുപ്പക്കാരനും മറ്റൊരാളുമാണ് കനാലിലേക്ക് ചാടുന്നതെന്ന് ബര്‍ദുബൈ പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖാദിം പറഞ്ഞു. ഇതില്‍ ഒരുവന്‍ സാഹസികമായി ബാക് ഫഌപ് സ്‌റ്റൈലിലാണ് കനാലിലേക്ക് ചാടുന്നത്.

ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി യുവാക്കള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
രണ്ട് ചെറുപ്പക്കാര്‍ ചാടുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നവര്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതായാണ് ചിത്രീകരണത്തിലുള്ളത്. ജീവന്‍ അപകടപ്പെടുത്തി നടത്തുന്ന ഇത്തരം സാഹസികതക്കെതിരെ നടപടിയെടുക്കാനാണ് പോലീസ് മേധാവി ഉത്തരവിട്ടിട്ടുള്ളതെന്ന് ബ്രിഗേഡിയര്‍ ഖാദിം പറഞ്ഞു.
വിഡിയോ ദൃശ്യങ്ങളിലുള്ള യുവാക്കളെ തിരിച്ചറിയുന്നതിന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ അപകട പ്രകടനങ്ങള്‍ നടത്തുന്നവരെ പിടികൂടിയാല്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് എഴുതി ഒപ്പിട്ട് വാങ്ങി ബോധവല്‍ക്കരിച്ചാണ് വിടുകയെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്ന മറ്റൊരാള്‍ അവരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ചെറുപ്പക്കാര്‍ സാഹസിക പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന അനന്തര ഫലങ്ങളെ കുറിച്ച് ചിന്തിക്കാതെയാണ് ഇത്തരം അപകടങ്ങളില്‍ പെടുകയെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷിതാക്കള്‍ കുട്ടികളെ ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും അവരുടെ കൂട്ടുകെട്ടിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.