കെവിന്റെ മരണം: നീനുവിന്റെ പിതാവും സഹോദരനും പിടിയില്‍

Posted on: May 29, 2018 3:13 pm | Last updated: May 29, 2018 at 8:28 pm

കണ്ണൂര്‍: നവവരന്‍ കെവിന്‍ പി ജോസഫിനെ തട്ടിക്കൊണ്ടുപോയ ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ മുഖ്യപ്രതികള്‍ പിടിയില്‍ .കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ എന്നിവരെയാണ് കണ്ണൂര്‍ ജില്ലയില്‍നിന്നും പിടികൂടിയത്. ഇരിട്ടിയില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു ഇവര്‍. അതേ സമയം സംഭവ ശേഷം ബെംഗളുരുവിലേക്ക് രക്ഷപ്പെട്ട പ്രതികള്‍ പോലീസ് പിറകെയുണ്ടെന്നറിഞ്ഞ് തിരിച്ചു വരുംവഴി കരിക്കോട്ടക്കരി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.പ്രതികളുടെ പാസ്‌പോര്‍ട്ട് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്‌

കേസില്‍ ഷാനു ചാക്കോ ഒന്നാം പ്രതിയും ചാക്കോ അഞ്ചാം പ്രതിയുമാണ്. ഇവരെ ഇന്ന് രാത്രിയോടെ കോട്ടയത്തെത്തിക്കുമെന്നാണ് അറിയുന്നത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഷാനു ചാക്കോക്കായി പോലീസ് വിമാനത്താവളങ്ങളില്‍ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കെവിനെ ഷാനുവിന്റെ നേത്യത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിനു ശേഷമാണ് കെവിന്റെ മ്യതദേഹം തോട്ടില്‍ കണ്ടെത്തുന്നത്.

കെവിനെ അക്രമിക്കുമെന്ന കാര്യം പിതാവ് ചാക്കോക്ക് അറിയാമായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ചാക്കോയും ഒളിവില്‍ പോവുകയായിരുന്നു.