Connect with us

International

ആണവ പരീക്ഷണത്തിന് നിര്‍ബന്ധിപ്പിച്ചത് ഇന്ത്യയുടെ പ്രകോപനമെന്ന് പാക്കിസ്ഥാന്‍

Published

|

Last Updated

ഇസ്‌ലാമാബാദ്: ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണമാണ് 20 വര്‍ഷം മുമ്പ് തങ്ങളെ ആണവ പരീക്ഷണത്തിന് നിര്‍ബന്ധരാക്കിയതെന്ന് പാക്കിസ്ഥാന്‍. 1998 മെയ് 28ന് നടന്ന ആണവ പരീക്ഷണത്തിന്റെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി വിദേശകാര്യ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അണു ബോംബ് പരീക്ഷണം നടത്തുക വഴി ഇന്ത്യ ദക്ഷിണേഷ്യയെ ആണവമുക്തമാക്കുക എന്ന ലക്ഷ്യത്തെ ഇല്ലാതാക്കിയെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു. പ്രതിരോധത്തിന്റെ ഭാഗമായും ശക്തമായ പ്രതികരണം നല്‍കുക എന്ന ലക്ഷ്യത്തിലുമാണ് 1998ല്‍ പാക്കിസ്ഥാന്‍ ആണവ പരീക്ഷണം നടത്താന്‍ നിര്‍ബന്ധിതമായത്. പാക്കിസ്ഥാന്റെ അയല്‍ രാജ്യങ്ങളുടെ ശത്രുതാ മനോഭാവം ആണവ പരീക്ഷണത്തിന് രാജ്യത്തെ നിര്‍ബന്ധമാക്കി. നിര്‍ഭാഗ്യവശാല്‍ ഈ പരീക്ഷണങ്ങള്‍ ദക്ഷിണേഷ്യയെ ആണവ വിമുക്തമാക്കുക എന്ന ലക്ഷ്യത്തിന് വിഘാതമാകുകയും ചെയ്തു.

അതേസമയം, രാജ്യം എപ്പോഴും ആഗോള സമാധാനത്തിനും സുസ്ഥിരതക്കും വേണ്ടി നിലകൊള്ളുകയും ചെയ്യും. കാലാവസ്ഥാ വ്യതിയാനങ്ങളും ദുരന്തങ്ങളും ഏറ്റവും മോശമായി ബാധിക്കുന്ന രാജ്യമെന്ന നിലയില്‍ പാക്കിസ്ഥാന്‍ ആണവോര്‍ജം കൂടുതല്‍ ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. 1998 മെയ് മാസത്തില്‍ ഇന്ത്യ പൊഖ്‌റാനില്‍ ആണവ പരീക്ഷണം നടത്തിയിരുന്നു.

Latest