Connect with us

Kerala

മീന്‍വില വര്‍ധിക്കാന്‍ സാധ്യത

Published

|

Last Updated

കൊച്ചി: ഡീസല്‍, പെട്രോള്‍ വിലവര്‍ധനവില്‍ മത്സ്യബന്ധന മേഖലയും പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന യാനങ്ങളില്‍ ഡീസല്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് 50000 രൂപയുടെ വരെ അധിക ചെലവാണ് ഡീസല്‍വില വര്‍ധന മൂലമുണ്ടായിട്ടുള്ളത്.

ഇതോടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് പുറമെ കേരളത്തിന്റെ തീരങ്ങളില്‍ നിന്ന് പിടിക്കുന്ന മത്സ്യങ്ങള്‍ക്കും വില വര്‍ധിക്കുമെന്നാണ് തൊഴിലാളികള്‍ നല്‍കുന്ന സൂചന. സംസ്ഥാനത്ത് അയ്യായിരത്തിലേറെ ബോട്ടുകള്‍ ഡീസല്‍ എന്‍ജിനുപയോഗിച്ച് മത്സ്യബന്ധനം നടത്തുമ്പോള്‍ അഞ്ഞൂറിനടുത്ത് ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ മണ്ണെണ്ണയും പെട്രോളും ആശ്രയിച്ചാണ് മത്സ്യബന്ധനം നടത്തുന്നത്. നിലവില്‍ കൊച്ചിയില്‍ ഡീസലിന് 73.55 രൂപയും പെട്രോളിന് 80.86 രൂപയുമാണ് വില. കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന വലിയ ബോട്ടുകള്‍ക്ക് 4000- 5000 ലിറ്റര്‍ ഡീസലാണ് വേണ്ടത്. ചെറിയ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ദിവസേന 100 ലിറ്റര്‍ പെട്രോളെങ്കിലും ചെലവാകുന്നുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാണിക്കുന്നു.

ഡീസല്‍ എന്‍ജിനുകളുള്ള യാനങ്ങള്‍ ദിവസങ്ങളോളം കടലില്‍ കിടന്നാണ് മത്സ്യബന്ധനം നടത്തുന്നത്. മാത്രമല്ല, വേനല്‍ക്കാലത്ത് മത്സ്യലഭ്യത കുറയുന്നതിനാല്‍ കടലില്‍ ഇവര്‍ക്ക് കൂടുതല്‍ യാത്ര ചെയ്യേണ്ടിയും വരുന്നുണ്ട്. ഡീസല്‍ വിലയില്‍ ഏതാനും മാസങ്ങളായുണ്ടാകുന്ന വന്‍ വര്‍ധനവ് യാനങ്ങളുടെയും ചെറുബോട്ടുകളുടെയുമെല്ലാം ഒരു ട്രിപ്പിന് അരലക്ഷം രൂപയുടെ വരെ അധികച്ചെലവാണുണ്ടാക്കുന്നത്.

ഇതിന് പുറമേ നിത്യോപയോഗ സാധനങ്ങളുടെയും ജീവിതച്ചെലവിലുമുണ്ടായ വര്‍ധന മത്സ്യത്തൊഴിലാളികളേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ഡീസല്‍ വിലയില്‍ മാറ്റമുണ്ടാകുന്നില്ലെങ്കില്‍ ഇറച്ചിയേക്കാള്‍ വില മത്സ്യത്തിനാകുമെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളില്‍ നിന്ന് സബ്്‌സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ കേന്ദ്ര സബ്‌സിഡിക്ക് സംസ്ഥാനത്തെ ഭൂരിഭാഗം ബോട്ടുടമകളും അര്‍ഹരല്ല. ബി പി എല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമാണ് കേന്ദ്ര മാനദണ്ഡ പ്രകാരം സബ്‌സിഡി ലഭിക്കൂ. ബോട്ടുടമകള്‍ ഭൂരിഭാഗവും എ പി എല്‍ കാര്‍ഡുടമകളാണ്.

മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ സബ്‌സിഡിയും കേന്ദ്ര സര്‍ക്കാര്‍ പടിപടിയായി വെട്ടിക്കുറക്കുകയാണ്. 170 ലിറ്റര്‍ മണ്ണെണ്ണ കിട്ടികൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 60 ലിറ്റര്‍ മാത്രമാണ് കിട്ടുന്നത്. ഇതും മത്സ്യബന്ധന മേഖലയെ ബാധിക്കുകയാണ്.

മത്സ്യത്തൊഴിലാളികള്‍ക്ക് കിട്ടുന്ന ഡീസലിന് റോഡ് നികുതി ഈടാക്കുന്നതും പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. ലിറ്ററിന് ഒരു രൂപയാണ് റോഡ് സെസ്സായി ഈടാക്കുന്നത്. ഈ ഇനത്തില്‍ മാത്രം ഓരോ ട്രിപ്പിനും നല്ലൊരു തുക സര്‍ക്കാര്‍ ഈടാക്കുകയാണന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

sijukm707@gmail.com