അകം വേവുന്നു, പുറവും

കർണാടക ഡയറി
Posted on: May 27, 2018 6:05 am | Last updated: May 27, 2018 at 12:21 am
കര്‍ണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന എച്ച് ഡി കുമാരസ്വാമിക്ക് ഗവര്‍ണര്‍ വാജുഭായിവാല
സത്യവാചകം ചൊല്ലിക്കൊടുക്കുന്നു

ദിവസങ്ങളോളം നീണ്ടു നിന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമിടയില്‍ കന്നഡ മണ്ണില്‍ കോണ്‍ഗ്രസ്- ജെ ഡി എസ് സര്‍ക്കാര്‍ അധികാരത്തിലേറിയെങ്കിലും മുന്നോട്ടുള്ള പാത തീര്‍ത്തും ദുര്‍ഘടമായിരിക്കുമെന്നതിന്റെ കേളിക്കൊട്ട് ഇപ്പോള്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞു. ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാതിരുന്നിട്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി എസ് യെദ്യൂരപ്പ 55 മണിക്കൂറിനുള്ളില്‍ രാജി വെച്ച് പുറത്തുപോയതിന് പിന്നാലെയാണ് എച്ച് ഡി കുമാര സ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് – ജെ ഡി എസ് സര്‍ക്കാര്‍ അധികാരമേറ്റെടുത്തത്. എന്നാല്‍, സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് തന്നെ കോണ്‍ഗ്രസിലും ജെ ഡി എസിലും അഭിപ്രായ ഭിന്നതകള്‍ മറ നീക്കി പുറത്തുവന്നു.

സര്‍ക്കാറിന് കാര്യങ്ങള്‍ അത്ര സുഗമമായിരിക്കില്ലെന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പാളയത്തില്‍ പട ഒരു ഭാഗത്ത്. സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ബി ജെ പിയുടെ കുതന്ത്രങ്ങള്‍ മറുവശത്ത്്. ഏഴ് എം എല്‍ എമാരുടെ കുറവ് മാത്രമാണ് ബി ജെ പിക്കുള്ളത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മൂന്ന് മണ്ഡലങ്ങളിലെ ഫലവും നിര്‍ണായകമാണ്. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ ഡി കെ ശിവകുമാറിന് അതൃപ്തിയുണ്ട്. മന്ത്രിമാരെ തീരുമാനിച്ചാലും പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടാകും. വിമത നീക്കത്തിന് തയ്യാറായാല്‍ ബി ജെ പി പിന്തുണക്കും. ഇത് സര്‍ക്കാറിന്റെ പതനത്തില്‍ കലാശിക്കും. വിശ്വാസ വോട്ട് നേടുന്നതുവരെ മന്ത്രിമാരെ പ്രഖ്യാപിക്കാതിരുന്നത് പ്രശ്‌നത്തിന്റെ ഗൗരവം മുന്നില്‍ക്കണ്ടാണ്.

വിശ്വാസ വോട്ട് നേടിയതോടെ സര്‍ക്കാറിനെതിരെ ഇനി ആറ് മാസത്തേക്ക് അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ സാധിക്കില്ല. എന്നാല്‍, എം എല്‍ എമാര്‍ രാജിവെച്ചാല്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാകും. ജനതാദള്‍- എസിലും കാര്യങ്ങള്‍ അത്ര ശുഭകരമല്ല. ബി ജെ പി നോട്ടമിട്ട എം എല്‍ എമാരുടെ ഭാവി നീക്കങ്ങളായിരിക്കും സര്‍ക്കാറിന്റെ വിധി നിര്‍ണയിക്കുന്നത്. എപ്പോഴും റിസോര്‍ട്ടില്‍ പാര്‍പ്പിക്കാന്‍ ഒക്കില്ലല്ലോ. തെക്കന്‍ ജില്ലകളില്‍ ജനതാദള്‍- എസിന് കൂടുതല്‍ സീറ്റുകള്‍ ലഭിക്കാന്‍ കാരണം ബി ജെ പിയുടെ പരോക്ഷ പിന്തുണയാണ്. പലയിടങ്ങളിലും ജെ ഡി എസ്- ബി ജെ പി കൂട്ടുകെട്ടുകളുണ്ടായിട്ടുണ്ട്. ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ തോല്‍ക്കാന്‍ കാരണമായത് ഈ കൂട്ടുകെട്ടാണ്.

സഖ്യസര്‍ക്കാറിനെ അഞ്ച് വര്‍ഷം മുന്നോട്ട് കൊണ്ടുപോവുക എന്നത് വലിയ വെല്ലുവിളിയാണെന്ന് കുമാരസ്വാമി തന്നെ സമ്മതിച്ചു കഴിഞ്ഞു. ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും തന്റെ ജീവിതത്തില്‍ തന്നെ വലിയ വെല്ലുവിളിയാണിതെന്നും അദ്ദേഹം പറയുന്നു. 1985 മുതല്‍ ജെ ഡി എസുമായി താന്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലായിരുന്നുവെന്നും കഴിഞ്ഞ നിയമസഭാ- ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ദേവെഗൗഡയുടെ മക്കളെ ഞാന്‍ പരാജയപ്പെടുത്തിയിരുന്നതായും ശിവകുമാര്‍ ഓര്‍മപ്പെടുത്തുമ്പോള്‍ അത് ചെറിയ കാര്യമല്ല. ജെ ഡി എസുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയത് മതേതര സര്‍ക്കാര്‍ എന്ന ലക്ഷ്യം നിറവേറ്റാന്‍ വേണ്ടിയാണെന്നും അതുകൊണ്ട് ആ കയ്പുനീര് കുടിക്കാന്‍ താന്‍ തയ്യാറാണെന്നും ശിവകുമാര്‍ പറഞ്ഞുവെക്കുന്നു. സഖ്യ സര്‍ക്കാര്‍ കാലാവധി തികക്കുമോ എന്നതിന് കാലമാണ് മറുപടി പറയേണ്ടതെന്നും ശിവകുമാര്‍ പറയുന്നു.

ചരിത്രം ആവര്‍ത്തിക്കുമോ?

മുഖ്യമന്ത്രിസ്ഥാനം നിശ്ചിത കാലയളവിന് ശേഷം കോണ്‍ഗ്രസുമായി പങ്കുവെക്കാമെന്ന കരാറില്ലെന്നും അഞ്ച് വര്‍ഷവും താന്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നുമുള്ള കുമാരസ്വാമിയുടെ പ്രസ്താവനയും സഖ്യത്തിനകത്ത് അസ്വാരസ്യങ്ങള്‍ക്ക് വഴിമരുന്നിട്ടു. കുമാരസ്വാമി തന്നെ അഞ്ച് വര്‍ഷവും മുഖ്യമന്ത്രിയാകുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നായിരുന്നു ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ പ്രതികരണം. 2007ല്‍ ബി ജെ പിയുമായി സഖ്യമുണ്ടാക്കി അധികാരത്തിലേറിയപ്പോള്‍ ഇത്തരമൊരു ധാരണ ജെ ഡി എസ് ഉണ്ടാക്കിയിരുന്നു. എന്നാല്‍ അധികാരം പങ്കിടുന്നതിനെ ചൊല്ലിയുടലെടുത്ത തര്‍ക്കത്തെ തുടര്‍ന്ന് 20 മാസത്തിന് ശേഷം സഖ്യം തകരുകയും മന്ത്രിസഭ നിലംപതിക്കുകയുമാണുണ്ടായത്. ബി ജെ പിക്ക് വേണ്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു കൊടുക്കാന്‍ കുമാരസ്വാമി തയ്യാറാകാത്തതിനെ തുടര്‍ന്നാണ് മന്ത്രിസഭ വീണത്. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാനും ഭരണകാലാവധി തികക്കാനും കഴിഞ്ഞാല്‍ കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യം ചരിത്രപരമാകും. ദേശീയ തലത്തില്‍ തന്നെ ഉദാത്തമായ മാതൃകകള്‍ തീര്‍ക്കാനും ഇതിലൂടെ സാധിക്കും.

ഐക്യകാഹളം

മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള ബി എസ് യെദ്യൂരപ്പയുടെ നാണം കെട്ട പിന്മാറ്റം പോലെ തന്നെ ദേശീയ രാഷ്ട്രീയത്തിന്റെ മുഴുവന്‍ കണ്ണും കാതും കര്‍ണാടകയിലേക്ക് കേന്ദ്രീകരിച്ചതായിരുന്നു മുഖ്യമന്ത്രിയായുള്ള ജനതാദള്‍- എസ് അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്. പ്രതിപക്ഷ കക്ഷികളുടെ ദേശീയ നേതാക്കളെല്ലാം കോണ്‍ഗ്രസിന് പിന്നില്‍ ഒറ്റക്കെട്ടായി അണിനിരന്ന വിശാല ഐക്യത്തിന്റെ സമ്മോഹനമായ കാഴ്ചക്കാണ് വിധാന്‍ സൗധയിലെ പടവുകളില്‍ ഒരുക്കിയ സത്യപ്രതിജ്ഞാ വേദി സാക്ഷ്യം വഹിച്ചത്. വരാനിരിക്കുന്ന വലിയൊരു മാറ്റത്തിന്റെ ശുഭ സൂചന നല്‍കിയാണ് ചടങ്ങ് പര്യവസാനിച്ചത്. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് പതിനായിരങ്ങളാണ് വിധാന്‍സൗധ പരിസരത്തേക്ക് ആഹ്ലാദ നൃത്തം ചവിട്ടിയെത്തിയത്. പ്രതിപക്ഷ പാര്‍ട്ടികളുടെ ദേശീയ നേതാക്കള്‍ ഒന്നടങ്കം അണിനിരന്നപ്പോള്‍ ബി ജെ പിവിരുദ്ധ വിശാല പ്രതിപക്ഷ ഐക്യത്തിന്റെ കാഹളമാണുയര്‍ന്നത്. ഇന്നലെ വരെ ഭിന്നധ്രുവത്തില്‍ നിന്ന് പട നയിച്ചവര്‍ ഒരു സുപ്രഭാതത്തില്‍ എല്ലാം മറന്ന് യോജിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിലൂടെ വിശാല പ്രതിപക്ഷ ഐക്യത്തിന് അടിത്തറ പാകാന്‍ സാധിച്ചുവെന്നതില്‍ കുമാരസ്വാമിക്കും കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യത്തിനും അഭിമാനിക്കാം. നല്ല തുടക്കമാണ് കര്‍ണാടകയില്‍ ഉണ്ടായിരിക്കുന്നത്.

ദളിതര്‍ക്കുള്ള അംഗീകാരം

കെ പി സി സി അധ്യക്ഷന്‍ ഡോ. ജി പരമേശ്വരയുടെ ഉപമുഖ്യമന്ത്രി സ്ഥാനലബ്ധി കര്‍ണാടകയിലെ ദളിതര്‍ക്കുള്ള അംഗീകാരമാണ്. സംസ്ഥാനത്തെ 24 ശതമാനം വരുന്ന ദളിത്- പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. 2013ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ച നേതാവായിരുന്നു പരമേശ്വര. കോണ്‍ഗ്രസ് അധികാരത്തിലെത്തിയെങ്കിലും പരമേശ്വര പരാജയപ്പെട്ടു. ഇതോടെ ദളിത് മുഖ്യമന്ത്രി എന്ന സ്വപ്‌നം പൂവണിയാതെ പോയി. പിന്നീട് നിയമനിര്‍മാണ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാണ് ആഭ്യന്തര മന്ത്രിയായത്. ഇത്തവണ കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കളുമായി മത്സരിച്ചാണ് ഉപമുഖ്യമന്ത്രി സ്ഥാനം പരമേശ്വരക്ക് ലഭിച്ചത്. ദളിത് വിഭാഗത്തില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ ഉപമുഖ്യമന്ത്രി പദവിയിലേക്കെത്തുന്നത്. കറകളഞ്ഞ സൗമ്യനായ നേതാവെന്ന വിശേഷണം പരമേശ്വരക്ക് സ്വന്തം. കാര്‍ഷിക ശാസ്ത്രജ്ഞന്‍ കൂടിയാണ് 66 കാരനായ പരമേശ്വര.

മന്ത്രി പദവിയില്‍ കണ്ണുനട്ട്..

കോണ്‍ഗ്രസ്- ജെ ഡി എസ് സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിച്ചതോടെ മന്ത്രി പദവിയില്‍ കണ്ണും നട്ട് രംഗത്തെത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ വേണമെന്ന് പറഞ്ഞ് രംഗത്തെത്തിയ കോണ്‍ഗ്രസിന് ഒടുവില്‍ ഒരു സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 34 അംഗ മന്ത്രിസഭയാണ് നിലവില്‍ വരികയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇതില്‍ 20 എണ്ണം കോണ്‍ഗ്രസിനും 14 എണ്ണം ജെ ഡി എസിനുമാണ്. ഉപമുഖ്യമന്ത്രി സ്ഥാനം പരമേശ്വരക്ക് നല്‍കിയതോടെ ഒഴിവ് വന്ന കെ പി സി സി അധ്യക്ഷ പദവിയിലേക്ക് ഡി കെ ശിവകുമാറിനെയാണ് നേതൃത്വം പരിഗണിക്കുന്നത്. ജാതി സമവാക്യങ്ങള്‍ക്കനുസരിച്ച് മന്ത്രിസ്ഥാനം പങ്കുവെക്കുക എന്നതാണ് കോണ്‍ഗ്രസിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ജനതാദള്‍- എസിന് ലഭിക്കുന്ന മന്ത്രിസ്ഥാനത്തില്‍ അഞ്ചെണ്ണം വൊക്കലിഗക്കും രണ്ടെണ്ണം ലിംഗായത്തിനും നല്‍കാന്‍ ധാരണയായിട്ടുണ്ട്. ശിവകുമാറിനെ മാറ്റി നിര്‍ത്തി കോണ്‍ഗ്രസിന് മന്ത്രിമാരെ തീരുമാനിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ് എം എല്‍ എമാരെ അടര്‍ത്തിയെടുക്കാനുള്ള ബി ജെ പി നീക്കത്തിന് തടയിട്ടത് ശിവകുമാറായിരുന്നു.

കര്‍ഷകരെ കൂട്ടുപിടിച്ച്

സഭയില്‍ ഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെ സര്‍ക്കാറിനെതിരെ ബി ജെ പിയും സമരത്തിന് കോപ്പൊരുക്കുകയാണ്. കാര്‍ഷിക കടം എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് നാളെ സംസ്ഥാന വ്യാപകമായി ബന്ദ് നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം. ദേശസാത്കൃത ബേങ്കുകളിലേത് ഉള്‍പ്പെടെ 53,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന് കുമാര സ്വാമി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അധികാരമേറ്റ് 24 മണിക്കൂറിനുള്ളില്‍ വായ്പ എഴുതിത്തള്ളുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നുവെന്നും എന്നാല്‍, സഖ്യ സര്‍ക്കാര്‍ എന്ന നിലയില്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നുമുള്ള നിലപാടിലാണ് ഇപ്പോള്‍ കുമാരസ്വാമി. കഴിഞ്ഞ സിദ്ധരാമയ്യ സര്‍ക്കാര്‍ സഹകരണ ബേങ്കുകളിലെ അമ്പതിനായിരം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയിരുന്നു. എന്നാല്‍, ദേശസാത്കൃത ബേങ്കുകളിലെ കടങ്ങള്‍ എഴുതിത്തള്ളിയിരുന്നില്ല.

ബി ജെ പി അടങ്ങിയിരിക്കില്ല. സംഘ് സംഘടനകള്‍ക്ക് താഴേത്തട്ടിലുള്ള സ്വാധീനം ഉപയോഗിച്ച് അവര്‍ സഖ്യ സര്‍ക്കാറിന് അലോസരം സൃഷ്ടിച്ചു കൊണ്ടേയിരിക്കും. പുറത്ത് നിന്നുള്ള ഈ ഭീഷണിയെ അകത്തെ കെട്ടുറപ്പു കൊണ്ട് നേരിടാന്‍ കുമാരസ്വാമിക്കും പുതിയ കൂട്ടുകാര്‍ക്കും സാധിക്കുമോ എന്നാണ് ചോദ്യം.