Connect with us

Articles

നോമ്പിനെ അവലംബമാക്കുക

Published

|

Last Updated

ആത്മീയവും ശാരീരികവുമായ പരിശുദ്ധി വരുത്തുന്ന ആരാധനകളില്‍ അതിപ്രധാനമാണ് നോമ്പ്. നബി(സ) പറയുന്നു: “എല്ലാ വസ്തുക്കള്‍ക്കും പരിശുദ്ധിയുണ്ട്. ശരീരത്തിന്റെ പരിശുദ്ധി വ്രതമാണ്”(ബൈഹഖി). അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കാന്‍ നോമ്പിനോട് കിട പിടിക്കുന്ന മറ്റൊന്നില്ല. അബൂ ഉമാമ (റ) നബി (സ)യോട് ചോദിച്ചു: അല്ലാഹുവില്‍ നിന്ന് ഉപകാരം ലഭിക്കാനുതകുന്ന ഒരു പുണ്യ ആരാധന അറിയിച്ചു തന്നാലും. നബി(സ) ഉത്തരം നല്‍കി. “നീ നോമ്പിനെ അവലംബമാക്കുക. അതിന് തുല്യമായി മറ്റൊന്നില്ല.”(നസാഇ)
ഖുദ്‌സിയ്യായ ഹദീസില്‍ ഇങ്ങനെയുണ്ട്: “ആദം സന്തതികളുടെ എല്ലാ സത്കര്‍മങ്ങളും അവനുള്ളതാണ്. നോമ്പൊഴികെ, അത് എനിക്കുള്ളതാണ്. അതിന് ഞാന്‍ പ്രതിഫലം നല്‍കും. അന്നപാനാദികളും ദേഹേച്ഛയും എനിക്ക് വേണ്ടി അവന്‍ വര്‍ജിക്കുന്നു.”(ബുഖാരി, മുസ്‌ലിം)

വിശ്വാസിയുടെ ആരാധനകളഖിലവും അല്ലാഹുവിന് മാത്രമുള്ളതാണ്. പ്രതിഫലം നല്‍കുന്നവനും അവന്‍ തന്നെ. അപ്പോള്‍ നോമ്പിനെക്കുറിച്ച് മാത്രം ഇങ്ങനെ പറഞ്ഞതിന്റെ പൊരുള്‍ ചിന്തിക്കേണ്ടതുണ്ട്. ഇതിന് തഫ്‌സീര്‍ ഖാസിന്‍ നല്‍കിയ വ്യാഖ്യാനം ശ്രദ്ധേയമാണ്. “അപരന് വ്യക്തമായി അറിയാവുന്ന പ്രത്യക്ഷമായ വാക്കോ പ്രവൃത്തിയോ നോമ്പിലില്ല. നന്മതിന്മകള്‍ രേഖപ്പെടുത്തുന്ന മലക്കുകള്‍ക്ക് പോലും കൃത്യമായി കണക്കാക്കാന്‍ സാധിക്കാത്ത വിധം നിഗൂഢമായ മനക്കരുത്താണ് നോമ്പിലുള്ളത്. അതിനാല്‍ അതിന്റെ പ്രതിഫലവും കണക്കോ റെക്കോര്‍ഡോ അവലംബമാക്കാതെ അല്ലാഹുവിന്റെ ഇഷ്ടമനുസരിച്ച് മാത്രമായിരിക്കും.” (ഖാസിന്‍ -1/ 113)

“നോമ്പ് ക്ഷമയുടെ പകുതിയും ക്ഷമ ഈമാനിന്റെ പകുതിയുമാണ്” എന്ന് ഹദീസില്‍ വന്നിരിക്കുന്നു. “നിങ്ങള്‍ ഉദ്ദേശ്യസഫലീകരണത്തിന് ക്ഷമ കൊണ്ടും നിസ്‌കാരം കൊണ്ടും സഹായം തേടുക. നിശ്ചയം അല്ലാഹു ക്ഷമാശീലരോടൊപ്പമാണ്.” (ഖുര്‍ആന്‍ 2/153) ഈ സൂക്തത്തിലെ ക്ഷമകൊണ്ടുള്ള വിവക്ഷ നോമ്പാണെന്ന് വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. “ക്ഷമിക്കുന്നവര്‍ക്ക് അവരുടെ പ്രതിഫലം പരിധിയില്ലാതെ നല്‍കപ്പെടും.” (ഖുര്‍ആന്‍ 39/10.)

നോമ്പുകാരന്‍ പ്രധാനമായും ക്ഷമിക്കുന്നത് ആശകള്‍ ത്യജിച്ചുകൊണ്ടാണ്. സമയബന്ധിത പദ്ധതി അനുസരിച്ച് ക്ഷമ ശീലിപ്പിച്ച് മനുഷ്യനെ ഭക്തിയുടെയും പ്രപഞ്ചത്യാഗത്തിന്റെയും ഉന്നത സോപാനത്തിലേക്കുയര്‍ത്തുക എന്നതാണ് നോമ്പിന്റെ ലക്ഷ്യം. സൂര്യാസ്തമയം വരെയുള്ള പരിമിതമായ സമയം ദേഹേച്ഛകള്‍ അവഗണിച്ച് ക്ഷമിച്ചാല്‍ വിലക്കില്ലാതെ തന്നെ ആശകള്‍ തീര്‍ക്കാനും അതിമഹത്തായ നോമ്പ് പൂര്‍ത്തിയാക്കി അഭിമാനിക്കാനും അവസരം കിട്ടുമല്ലോ എന്ന ചിന്തയോടെ നശ്വര ജീവിതത്തില്‍ ക്ഷമിച്ചും ത്യജിച്ചും ശാശ്വത സുഖം കൈവരിക്കാനും അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കാനും അടിമ സജ്ജമായിരിക്കലാണ് നോമ്പിലെ നേട്ടം.

വിവാഹത്തിന് സാമ്പത്തിക ശേഷിയില്ലാത്ത യുവാക്കളോട് നബി(സ) നോമ്പനുഷ്ഠിക്കാന്‍ കല്‍പ്പിച്ചതിലെ തത്വവും മറ്റൊന്നല്ല. വിവാഹത്തിന് കഴിവുണ്ടാകുന്നത് വരെ ക്ഷമിക്കാന്‍ നിരന്തരമായ നോമ്പിലൂടെ അവന് പരിശീലനമുണ്ടാകുന്നു. വികാര ശക്തിയുടെ പ്രേരണകളെ വിവേകം കൊണ്ട് തടഞ്ഞിടലാണ് ക്ഷമ. ഖുര്‍ആനില്‍ എഴുപതില്‍ പരം സ്ഥലങ്ങളില്‍ ക്ഷമയുടെ വിവിധ ഗുണങ്ങള്‍ വിവരിച്ചിട്ടുണ്ട്. (തഫ്‌സീര്‍ റാസി -2/39)
നോമ്പുകാരന്റെ വായയുടെ ഗന്ധം അല്ലാഹുവിന്റെ അടുക്കല്‍ കസ്തൂരി വാസനയേക്കാള്‍ മുന്തിയതാണെന്നും നോമ്പുകാരന്റെ ഉറക്കം പോലും ആരാധനയാണെന്നും നോമ്പ് തെറ്റുകളെ തടയുന്ന പരിചയാണെന്നും നോമ്പുകാര്‍ക്ക് സ്വര്‍ഗ പ്രവേശത്തിന് “റയ്യാന്‍” എന്ന പേരില്‍ പ്രത്യേകം കവാടമുണ്ടെന്നും മറ്റും പ്രബലമായ ഹദീസുകളില്‍ വന്നിട്ടുണ്ട്.

വിശുദ്ധ ഖുര്‍ആനും മറ്റെല്ലാ വേദങ്ങളും ഇറക്കപ്പെട്ടത് ഈ മാസത്തിലാണ്. അതിനാല്‍ റമസാന്‍ മാസത്തില്‍ അല്ലാഹുവിന് പ്രത്യേകം ഇഷ്ടമുള്ള വ്രതം അനുഷ്ഠിക്കാന്‍ നിബന്ധനയുണ്ടായി. പൂര്‍വികരായ സമുദായങ്ങള്‍ക്കെല്ലാം റമസാന്‍ നോമ്പ് നിര്‍ബന്ധമായിരുന്നു. മൂസാ നബിക്ക് രക്ഷയും ഫിര്‍ഔനിന് നാശവും സംഭവിച്ച ദിവസം ഒരൊറ്റ നോമ്പ് പിടിച്ച് റമസാന്‍ വ്രതത്തെ യഹൂദര്‍ കൈയൊഴിച്ചു. ക്രൈസ്തവ പാതിരിമാര്‍ ഒരു അത്യുഷ്ണകാലത്ത് നോമ്പ് വന്നപ്പോള്‍ അവരുടെ ഇച്ഛക്കനുസരിച്ചും സൂര്യവര്‍ഷപ്രകാരം കാലാവസ്ഥ മാറാത്ത രീതിയില്‍ ഒരു മാസം മാറ്റി അനുഷ്ഠിക്കുകയും പ്രായശ്ചിത്തമായി പത്ത് കൂട്ടിച്ചേര്‍ത്ത് 40 ദിവസമാക്കുകയും ചെയ്തു. പില്‍ക്കാലത്ത് അവരുടെ ഒരു രാജാവിന് രോഗം പിടിപെട്ടപ്പോള്‍ ഏഴ് നോമ്പ് നേര്‍ച്ചയാക്കി കൂട്ടിച്ചേര്‍ത്തു. ശേഷം മറ്റൊരു രാജാവ് വന്നപ്പോള്‍ 47 ക്ഷന്തവ്യമല്ല എന്ന് പറഞ്ഞ് 50 പൂര്‍ത്തിയാക്കുകയും ചെയ്തു (തഫ്‌സീര്‍ റാസി1/113). റമസാന്‍ ആഗതമായാല്‍ ആകാശത്തിന്റെയും സ്വര്‍ഗത്തിന്റെയും കവാടങ്ങള്‍ തുറക്കപ്പെടുകയും നരകം അടച്ചുപൂട്ടപ്പെടുകയും പിശാച് ബന്ധനത്തിലാക്കപ്പെടുകയും ചെയ്യുന്നതാണെന്ന് നബി(സ) അരുളി (ബുഖാരി, മുസ്‌ലിം).

റമസാനില്‍ ഒരു സുന്നത്തിന് ഇതര മാസങ്ങളിലെ ഫര്‍ളിന്റെ പ്രതിഫലവും ഒരു ഫര്‍ളിന് 70 ഫര്‍ളിന്റെ പ്രതിഫലവുമുണ്ടെന്നും നോമ്പുകാരനെ നോമ്പ് തുറപ്പിച്ചവര്‍ക്ക് പാപം പൊറുക്കപ്പെടുന്നതും നരകമോചനം ലഭിക്കുന്നതുമാണെന്നും മറ്റും ഇമാം ബൈഹഖി (റ)റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ വന്നിട്ടുണ്ട്.
വിശ്വാസത്തോടും പ്രതിഫലത്തോടും കൂടി നോമ്പും തറാവീഹും നിര്‍വഹിച്ചവര്‍ക്ക് മുന്‍കഴിഞ്ഞ ദോഷങ്ങളെല്ലാം പൊറുക്കപ്പെടുമെന്ന് പ്രവാചകന്‍ (സ) അറിയിച്ചിട്ടുണ്ട് (ബുഖാരി, മുസ്‌ലിം).

ശഅ്ബാന്‍ 30 പൂര്‍ത്തിയാകുകയോ 29ന് ബാലചന്ദ്രന്‍ ദൃശ്യമായെന്ന് വിശ്വാസ യോഗ്യമായി തെളിയുകയോ ചെയ്താല്‍ നോമ്പ് പിടിക്കല്‍ നിര്‍ബന്ധമാണ്. ചന്ദ്ര ദര്‍ശനം ഉറപ്പിക്കാതെ കണക്ക് മാത്രം പിടിച്ച് നോമ്പനുഷ്ഠിക്കല്‍ ഇസ്‌ലാമികമല്ല. ഒരു സ്ഥലത്ത് ചന്ദ്രനെ ദര്‍ശിച്ചാല്‍, ഗോളശാസ്ത്രപ്രകാരം ഉദയാസ്തമനം വ്യത്യാസപ്പെടാന്‍ സാധ്യതയില്ലാത്ത സ്ഥലങ്ങളിലെല്ലാം അത് ബാധകമാണ്. പ്രായപൂര്‍ത്തിയും ബുദ്ധിയും ആരോഗ്യപരമായ ശേഷിയുമുള്ള എല്ലാ മുസ്‌ലിമിനും നോമ്പ് നിര്‍ബന്ധമാണ്. രോഗികളും യാത്രക്കാരും മറ്റൊരിക്കല്‍ നോറ്റാല്‍ മതി.

ആര്‍ത്തവം, പ്രസവ രക്തം എന്നിവയുള്ള സ്ത്രീകള്‍ നോമ്പ് പിടിക്കരുത്. ശുദ്ധിക്ക് ശേഷം അവര്‍ ഖളാഅ് വീട്ടല്‍ നിര്‍ബന്ധമാണ്. രക്തം നിലച്ചാല്‍ കുളിച്ചില്ലെങ്കിലും നോമ്പില്‍ പ്രവേശിക്കാം. സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗികള്‍ക്ക് നോമ്പ് നിര്‍ബന്ധമില്ല. ഓരോ ദിവസത്തിനും ഒരു മുദ്ദ് വീതം ഭക്ഷണം ദാനം ചെയ്താല്‍ മതി. അത്തരം രോഗികള്‍ അഥവാ, സുഖം പ്രാപിച്ചാലും മുദ്ദ് കൊടുത്ത ശേഷം ഖളാഅ് വീട്ടേണ്ടതില്ല. മുദ്ദ് സ്വീകരിക്കുന്ന ദരിദ്രന്‍ പകരം നോമ്പ് നോല്‍ക്കണമെന്ന ധാരണ ചിലര്‍ക്കുണ്ട്. അത് ശരിയല്ല. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും നോമ്പ് മൂലം അവര്‍ക്കോ കുട്ടികള്‍ക്കോ ബുദ്ധിമുട്ടുണ്ടെങ്കില്‍, നോമ്പ് നീട്ടിവെക്കാന്‍, അനുവാദമുണ്ട്. അവര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ കുഞ്ഞുങ്ങളെ കരുതി മാത്രമാണ് നീട്ടിവെച്ചതെങ്കില്‍ ഖളാഅ് വീട്ടുന്നതിന് പുറമെ ഒരു മുദ്ദ് ഭക്ഷണവും നല്‍കണം. റമസാനില്‍ നഷ്ടപ്പെട്ട നോമ്പ് അടുത്ത റമസാനിന് മുമ്പായി ഖളാഅ് വീട്ടണം. സൗകര്യപ്പെട്ടിട്ടും ഖളാഅ് വീട്ടാതെ നീട്ടിവെച്ചാല്‍ ഓരോ കൊല്ലം പിന്നിടുന്നതിന് ഓരോ മുദ്ദ് വീതം ദാനം ചെയ്യണം. അഥവാ മുദ്ദ് കൊടുക്കാതെ മരിച്ചാല്‍, അവന്റെ അനന്തര സ്വത്തില്‍ നിന്ന് ഇത് വീട്ടിയ ശേഷമേ അനന്തരാവകാശികള്‍ക്ക് വീതിച്ചെടുക്കാന്‍ അനുവാദമുള്ളൂ.
നോമ്പിന്റെ ഫര്‍ളുകള്‍ രണ്ടാകുന്നു. ഒന്ന് നോമ്പിനെ മനസ്സില്‍ കരുതി ഉറപ്പിക്കല്‍. ഹൃദയ സാന്നിധ്യമില്ലാതെ നാവില്‍ മാത്രം മൊഴിഞ്ഞാല്‍ നിയ്യത്ത് ആകുകയില്ല. ഫര്‍ള് നോമ്പിന് രാത്രി തന്നെ നിയ്യത്ത് ചെയ്യണം. സുന്നത്ത് നോമ്പിന് ഉച്ചക്ക് മുമ്പായാലും മതി. പക്ഷേ, സുബ്ഹി മുതല്‍ തന്നെ നോമ്പിന്റെ നിബന്ധനകള്‍ പാലിക്കണം. നോമ്പ് മുറിയുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കലാണ് രണ്ടാമത്തേത്. സുബ്ഹി മുതല്‍ സൂര്യാസ്തമയം വരെ അത് കണിശമായി പാലിക്കണം. രാത്രി നിയ്യത്ത് ചെയ്ത ശേഷം സുബ്ഹിക്ക് മുമ്പ് നോമ്പ് മുറിയുന്ന കാര്യങ്ങള്‍ ചെയ്താല്‍ നോമ്പിനോ നിയ്യത്തിനോ തകരാര്‍ സംഭവിക്കില്ല.

 

Latest