കെ എസ് ആര്‍ ടി സിയില്‍ വിരമിച്ചവരെ വീണ്ടും നിയമിക്കാന്‍ നീക്കം

നടപടി പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവരെ തഴഞ്ഞ്
Posted on: May 26, 2018 6:03 am | Last updated: May 25, 2018 at 11:46 pm

പാലക്കാട്: പി എസ് സി റാങ്ക് ലിസ്റ്റില്‍ നിയമനത്തിന് ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ കാത്തിരിക്കുമ്പോള്‍ വിരമിച്ചവരെ വീണ്ടും താത്കാലികമായി നിയമിക്കാന്‍ കെ എസ് ആര്‍ ടി സിയില്‍ നീക്കം. ഈ വര്‍ഷം വിരമിക്കുന്ന 659 പേര്‍ക്ക് പകരമാണ് മുമ്പ് വിരമിച്ചവരെ താത്കാലികമായി നിയമിക്കാന്‍ കെ എസ് ആര്‍ ടി സി തീരുമാനിച്ചിരിക്കുന്നത്. ഡ്രൈവര്‍മാരുടെ കുറവ് മൂലം 200ല്‍ അധികം ബസുകള്‍ സര്‍വീസ് നിര്‍ത്തേണ്ടിവരുമെന്നതാണ് ഇത്തരത്തില്‍ തീരുമാനമെടുക്കാന്‍ കാരണമെന്ന് കെ എസ് ആര്‍ ടി സി ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.

താത്പര്യമുള്ള ഡ്രൈവര്‍മാരുടെ പട്ടിക ശേഖരിക്കാനാവശ്യപ്പെട്ട് മാനേജിംഗ് ഡയറക്ടറുടെ കത്ത് സംസ്ഥാനത്തെ വിവിധ ഡിപ്പോകളിലേക്ക് അയച്ചിട്ടുണ്ട്. യൂനിറ്റധികാരികള്‍ ഈവിധത്തില്‍ നിയമനത്തിന് തയ്യാറുള്ള ഡ്രൈവര്‍മാരുടെ പട്ടിക തയ്യാറാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. യൂനിറ്റുകളിലും വര്‍ക്ക്‌ഷോപ്പുകളിലും ഓഫീസ് വാഹങ്ങളിലെ ഡ്രൈവര്‍മാരെ ഒഴിവാക്കാനും വ്യക്തിപരമായി വാഹനങ്ങള്‍ ലഭ്യമാക്കിയിട്ടുള്ള ഉദ്യോഗസ്ഥര്‍ സ്വന്തമായി വാഹനങ്ങള്‍ ഉപയോഗിക്കണമെന്നും മുന്‍പ് ഉത്തരവിറക്കിയിരുന്നു. യൂനിറ്റുകളില്‍ സ്ഥിരം ഡ്രൈവര്‍മാര്‍ വേണ്ടെന്നും ഈ ഉത്തരവുകളില്‍ പറയുന്നു.

കെ എസ് ആര്‍ ടി സിയിലുള്ള 6300 ബസുകളില്‍ അഞ്ച് ശതമാനം അറ്റകുറ്റപ്പണികള്‍ക്കായി മാറുമ്പോള്‍ അവശേഷിക്കുന്ന 6000ത്തോളം ബസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിനാവശ്യമായ ഡ്രൈവര്‍മാരുടെ കുറവ് നിലവില്‍ നിലനില്‍ക്കുന്നു. റോളില്‍ പേരുണ്ടെങ്കിലും ഡെപ്യൂട്ടേഷനും അനാരോഗ്യവും ശമ്പള രഹിത ലീവുകളും അനധികൃത അവധികളും ഡ്രൈവര്‍ ക്ഷാമത്തിന് ആക്കം കൂട്ടുന്നതത്രെ. ഈ സാഹചര്യം നിലനിക്കെയാണ് ഈവര്‍ഷം 659 ഡ്രൈവര്‍മാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. അദര്‍ ഡ്യൂട്ടികള്‍ക്ക് നിയോഗിയോച്ചിരിക്കുന്നവരെയും ഡെപ്യൂട്ടേഷന്‍കാരെയും തിരിച്ചുവിളിക്കാന്‍ മെയ് രണ്ടിന് ഉത്തരവിട്ടെങ്കിലും യൂനിറ്റ് ഓഫീസര്‍മാരുടെ നിസ്സഹകരണം മൂലം അതും ഫലപ്രദമായിട്ടില്ല. ഈ സാഹചര്യത്തിലാണ് കെ എസ് ആര്‍ടിസിയില്‍ നിന്ന് വിരമിച്ച 60 വയസ്സില്‍ താഴെ പ്രായവും ശാരീരികക്ഷമതയുള്ള ഡ്രൈവര്‍മാരെ താത്കാലികമായി നിയമിക്കാന്‍ നീക്കം നടക്കുന്നത്. വിരമിക്കുന്നവര്‍ക്ക് പകരം പുതിയ ഡ്രൈവര്‍മാരെ നിയമിക്കാന്‍ നടപടികളില്ലെന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്ന് ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു.

അതേസമയം, പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കാതെ വിരമിച്ചവരെ വീണ്ടും നിയമിക്കാനുള്ള തീരുമാനത്തിനെതിരെ കെ എസ് ആര്‍ ടി സി റാങ്ക് ഹോള്‍ഡേഴ്‌സും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.