തെറ്റുകാരനെന്ന് കണ്ടെത്തിയാല്‍ ഗൊഗോയിയെ മാത്യകാപരമായി ശിക്ഷിക്കുമെന്ന് സൈനിക തലവന്‍

Posted on: May 25, 2018 3:39 pm | Last updated: May 25, 2018 at 6:13 pm

ശ്രീനഗര്‍: പതിനെട്ടുകാരിയുമായി ഹോട്ടലിലേക്ക് കടക്കാന്‍ ശ്രമിക്കവെയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പോലീസ് പിടികൂടിയ മേജര്‍ ലീതുല്‍ ഗൊഗോയി കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ മാത്യകാപരമായ ശിക്ഷ തന്നെ നല്‍കുമെന്ന് സൈനിക തലവന്‍ ബപിന്‍ റാവത്ത്.

ഈ മാസം 23നാണ് യുവതിയുമായി ഹോട്ടലിലേക്ക് കടക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് ഗൊഗോയിയെ ശ്രീനഗര്‍ പോലീസ് പിടികൂടുന്നത് . ഇന്ത്യന്‍ സേനയിലെ ഏത് ഉദ്യോഗസ്ഥന്‍ തെറ്റ് ചെയ്താലും കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു. മേജര്‍ ഗൊഗോയി തെറ്റായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ എത്രയും വേഗം ശിക്ഷിക്കുമെന്ന് ഉറപ്പു നല്‍കുകയാണെന്ന് സൈനിക തലവന്‍ പറഞ്ഞു.

കശ്മീരി യുവാവിനെ തന്റെ ജീപ്പിന്റെ ബോണറ്റില്‍ കെട്ടിവെച്ച് വാഹനമോടിച്ചതിന് ഗൊഗോയിക്കെതിരെ പോലീസ് അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ വര്‍ഷം നടന്ന ഈ സംഭവം വന്‍പ്രതിഷേധത്തിനിടയാക്കിയിരുന്നു.