നിപ്പ: ജാഗ്രത തുടരും

Posted on: May 25, 2018 6:03 am | Last updated: May 25, 2018 at 12:39 am

തിരുവനന്തപുരം: കോഴിക്കോട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിപ്പാ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് ആരോഗ്യ വകുപ്പ് സ്വീകരിച്ച നടപടികള്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ചേര്‍ന്ന് വിലയിരുത്തി. വൈറസ് ബാധയുമായി ബന്ധപ്പെട്ട് അതീവ ജാഗ്രത തുടരാനും സൂക്ഷ്മ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യോഗം നിര്‍ദേശം നല്‍കി. ചീഫ് സെക്രട്ടറിതല സമിതിയോട് വൈറസ് ബാധിത മേഖലയിലെ സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിപ്പാ ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് അടിയന്തരമായി വിദേശത്ത് നിന്നെത്തിച്ച മരുന്നുകളുടെ വിതരണം ആരംഭിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. വൈറസ് ബാധയേറ്റ എല്ലാ പ്രദേശങ്ങളിലും മരുന്ന് വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിപ്പാ വൈറസുമായി ബന്ധപ്പെട്ട് ബോധവത്കരണം നടത്താനും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കാനും യോഗം തീരുമാനിച്ചു. നിലവില്‍ സര്‍ക്കാര്‍ എടുത്ത നടപടികളില്‍ കേന്ദ്ര സംഘവും മറ്റ് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരും സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പുറമെ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി എം വി ജയരാജന്‍, ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, പ്രിന്‍സിപ്പല്‍ സെക്രട്ടറി വി എസ് സെന്തില്‍, സെക്രട്ടറി എം ശിവശങ്കര്‍, ആരോഗ്യവകുപ്പ് അഡീ. ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

വൈറസ് ബാധയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉച്ചക്ക് രണ്ടിന് കോഴിക്കോട് കലക്ടറേറ്റില്‍ ചേരുന്ന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, എം പിമാര്‍, എം എല്‍ എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മന്ത്രിമാരായ കെ കെ ശൈലജ, ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് വൈകുന്നേരം നാലിന് കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുടെ പ്രത്യേക യോഗവും ചേരും.