അതീവ സുരക്ഷയില്‍ മൂസയുടെ ഖബറടക്കം

Posted on: May 25, 2018 6:13 am | Last updated: May 25, 2018 at 12:40 am

കോഴിക്കോട്: നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച പേരാമ്പ്ര സ്വദേശി മൂസയുടെ അന്ത്യ വിശ്രമം കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍. അതീവ സുരക്ഷയില്‍ മതാചാര പ്രകാരമായിരുന്നു ഖബറടക്കം. വളരെ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് ഖബറടക്കത്തില്‍ പങ്കെടുക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കിയത്. മയ്യിത്ത് കുളിപ്പിക്കുന്നതിനും മറ്റുമായി അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ അടക്കമുളള ജീവനക്കാര്‍ക്ക് പ്രത്യേക ഗൗണും മാസ്‌കും ഗ്ലൗസും എല്ലാം ധരിപ്പിച്ചതിന് ശേഷമായിരുന്നു മൃതദേഹം സംസ്‌കരിക്കുന്നതിനായി കൊണ്ടുപോയത്. മതാചാര പ്രകാരമുളള ചടങ്ങുകള്‍ മൂന്ന് മീറ്റര്‍ അകലത്തില്‍ നിന്ന് നിര്‍വഹിക്കാനാണ് അനുമതി നല്‍കിയത്. മയ്യിത്ത് കൈകാര്യം ചെയ്യുന്നവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിരുന്നു. കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസറുടെയും കോഴിക്കോട് തഹ്‌സില്‍ദാറുടെയും മേല്‍നോട്ടത്തിലാണ് ചടങ്ങുകള്‍ നടന്നത്.

മയ്യിത്ത് അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് അഡീ. ഡയറക്ടര്‍ കെ ജെ റീന മൂസയുടെ കുടുംബവുമായും ബന്ധുക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. മയ്യിത്ത് ദഹിപ്പിക്കണമെന്നായിരുന്നു അധികൃതര്‍ നല്‍കിയ നിര്‍ദേശം. എന്നാല്‍, കുടുംബം ഇത് അംഗീകരിച്ചില്ല. തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെയും കോഴിക്കോട് ജില്ലാ കലക്ടറുടെയും നേതൃത്വത്തില്‍ മതനേതാക്കളുമായും കുടുംബവുമായും ചര്‍ച്ച നടത്തിയ ശേഷമാണ് വൈകീട്ട് മൂന്നോടെ കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ മയ്യിത്ത് അടക്കം ചെയ്യാനുള്ള തീരുമാനമെടുത്തത്.

വൈറസ് ബാധിച്ച് മരിക്കുന്നവരെ സംസ്‌കരിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ പ്രത്യേക നിര്‍ദേശങ്ങള്‍ നിലവിലുണ്ട്. മൃതദേഹം തീയിലോ വൈദ്യുതി ഉപയോഗിച്ചോ ദഹിപ്പിച്ചു കളയുന്ന രീതിയും പത്തടിയിലധികം താഴ്ചയില്‍ പ്രത്യേകം കവര്‍ ചെയ്ത് സംസ്‌കരിക്കുന്ന രീതിയുമാണ് ഡബ്ല്യു എച്ച് ഒ മുന്നോട്ടുവെക്കുന്നത്.