Connect with us

National

തൂത്തുക്കുടി പ്ലാന്റ് അടച്ചു പൂട്ടും

Published

|

Last Updated

സെക്രട്ടേറിയറ്റിന് മുന്നില്‍ കുത്തിയിരിപ്പ് നടത്തിയ ഡി എം കെ വര്‍ക്കിംഗ് പ്രസിഡന്റ് എം കെ സ്റ്റാലിനെ അറസ്റ്റ് ചെയ്ത് നീക്കുന്നു

ചെന്നൈ: വെടിവെച്ച് വീഴ്ത്തിയിട്ടും അടങ്ങാത്ത സമരാവേശത്തിന് മുന്നില്‍ അധികൃതര്‍ മുട്ടുമടക്കുന്നു. വേദാന്ത ഗ്രൂപ്പിന്റെ സ്റ്റര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് തൂത്തുക്കുടിയില്‍ പുതുതായി ചുമതലയേറ്റ കലക്ടര്‍ സന്ദീപ് നന്ദൂരി അറിയിച്ചു. പ്ലാന്റ് ഉപേക്ഷിക്കണമെന്നാണ് സര്‍ക്കാറിന്റെ നിലപാട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങരുതെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു.
അതിനിടെ, പ്ലാന്റ് അടച്ചു പൂട്ടാന്‍ തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് (ടി എന്‍ പി സി ബി) ഉത്തരവിട്ടു. ഇന്നലെ രാവിലെയോടെ പ്ലാന്റിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. വേദാന്ത ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്ലാന്റ് വന്‍ പാരിസ്ഥിതിക, ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തിവെക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ നടത്തിവന്ന സമരം വെടിവെപ്പില്‍ കലാശിച്ചിരുന്നു. സമരം നൂറ് ദിവസം പിന്നിടുമ്പോള്‍ ചൊവ്വാഴ്ച നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയും പോലീസ് വെടിവെപ്പില്‍ 11 പേര്‍ മരിക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച വീണ്ടും വെടിവെപ്പുണ്ടായി. ഒരാള്‍ കൂടി മരിക്കുകയും ചെയ്തു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് തമിഴ്‌നാട് ബന്ദിന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതോടെ സര്‍ക്കാര്‍ തിരക്കിട്ട നടപടികളിലേക്ക് നീങ്ങുകയാണ്. പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ പിറകേയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ്. ഇന്നലെ പുലര്‍ച്ചെ 5.15 ഓടെയാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. ഈ മാസം 18,19 തീയതികളില്‍ ഫാക്ടറിയില്‍ നടത്തിയ പരിശോധനയില്‍, കമ്പനിയില്‍ ഒരു പ്ലാന്റ് കൂടി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നുവെന്ന് വ്യക്തമായിരുന്നുവെന്ന് ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നു. ഇത് നിയമവിരുദ്ധമാണ്. പാരിസ്ഥിതിക ആഘാത നിബന്ധനകള്‍ പ്ലാന്റ് പാലിച്ചിരുന്നില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഇതിന് പിറകേ വൈദ്യുതി വിതരണം നിര്‍ത്തി വെക്കാന്‍ ജോയിന്റ് ചീഫ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ ഉത്തരവിടുകയായിരുന്നു. ജല സംരക്ഷണ, മലിനീകരണ നിയന്ത്രണ നിയമത്തിലെ സെക്ഷന്‍ 33എ, വായു സംരക്ഷണ, മലിനീകരണ നിയമത്തിലെ സെക്ഷന്‍ 31എ വകുപ്പുകളനുസരിച്ചാണ് ഉത്തരവുകള്‍.

അതിനിടെ, തൂത്തുക്കുടി വിഷയത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തിയ ഡി എം കെ വര്‍ക്കിംഗ് പ്രസിഡന്റ് എം കെ സ്റ്റാലിനെ അറസ്റ്റ് ചെയ്ത് നീക്കി. വെയിവെപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉടന്‍ രാജിവെക്കണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വെടിവെപ്പ് ആസൂത്രിതമായിരുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി എടപ്പാടി പ്രതികരിച്ചു. പ്രതിപക്ഷ നേതാവിനെ താന്‍ കാണാന്‍ കൂട്ടാക്കിയില്ലെന്നതും തെറ്റായ പ്രചാരണമാണെന്ന് അദ്ദേഹം പറഞ്ഞു. വെടിവെപ്പ് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്‌നാട് സര്‍ക്കാറില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.

Latest