വികസ്വര രാഷ്ട്രങ്ങളുടെ വികസനത്തിന് 140 കോടി ദിര്‍ഹം ചെലവഴിക്കും

Posted on: May 24, 2018 9:27 pm | Last updated: May 24, 2018 at 9:27 pm

അബുദാബി: വികസ്വര രാഷ്ട്രങ്ങളുടെ വികസനത്തിനായി അബുദാബി 140 കോടി ദിര്‍ഹം ധനസഹായം നല്‍കും.
വികസന സഹായത്തിനുള്ള ദേശീയ സ്ഥാപനമായ അബുദാബി ഫണ്ട് ഫോര്‍ ഡവലപ്മെന്റ എ ഡി എഫ് ഡിയാണ് ഒന്‍പത് വികസ്വര രാജ്യങ്ങളുടെ 11 വികസന പദ്ധതികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചത്. ഈജിപ്ത്, ആന്റിഗുവ, ബാര്‍ബുഡ, മാലിദ്വീപ്, കൊളംബിയ, യമന്‍, കോമറോസ്, എറിത്രിയ, സൊമാലിയ, ഫലസ്തീന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് പ്രയോജനം ലഭിക്കുക.

രാജ്യത്തെ ജ്ഞാനികളായ നേതൃത്വത്തിന്റെ മുന്‍ഗണനയുള്ള കാഴ്ചപ്പാടിന് വിധേയമായി, വികസ്വര രാജ്യങ്ങളെ ദാരിദ്ര്യനിര്‍മാര്‍ജനത്തിനും സുസ്ഥിരമായ വികസനം സാധ്യമാക്കുന്നതിലും ഫണ്ട് സഹായിക്കുമെന്ന് ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ അഫേഴ്സ് മന്ത്രിയും എ ഡി എഫ് ഡി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, യു എ ഇ സായുധ സേന ഉപ മേധാവിയും അബുദാബി കിരീട അവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുടെ പൂര്‍ണ പിന്തുണയിലാണ് പദ്ധതി നടപ്പിലാക്കുന്നതതെന്ന് അദ്ദേഹം വ്യക്തമാക്കി.

യു എ ഇയുടെ മാതൃകാപരമായ പരിശ്രമങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് കൈ താങ്ങാകും യു എ ഇ യുടെ പദ്ധതികളെന്ന് ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.

രാജ്യത്തിന്റെ ദേശീയ വരുമാനവുമായി ബന്ധപ്പെട്ട് ഏറ്റവും മികച്ച സംഭാവനയാണ് ഇതെന്നും, അന്താരാഷ്ട്ര വികസനത്തിന് രാജ്യത്തിന്റെ സ്ഥായിയായ പ്രതിബദ്ധത ഉറപ്പുവരുത്തുകയും ചെയ്യും, അദ്ദേഹം പറഞ്ഞു.