സുനന്ദ കേസ് പരിഗണിക്കാന്‍ പുതിയ കോടതി; കേസ് ഈ മാസം 28ലേക്ക് മാറ്റി

Posted on: May 24, 2018 3:36 pm | Last updated: May 24, 2018 at 8:42 pm

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കേസ് പരിഗണിക്കുക ഇനി പുതിയ കോടതിയില്‍. ഇനി അഡീഷണല്‍ മെട്രോപൊളിറ്റന്‍ കോടതിയാണ് കേസ് പരിഗണിക്കുക. കേസ് പരിഗണിക്കുന്നത് ഈ മാസം 28ലേക്ക് മാറ്റി. ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകള്‍ മാത്രം പരിഗണിക്കുന്ന കോടതിയാണ് മെട്രോപൊളിറ്റന്‍ കോടതി.

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെ പ്രതിയാക്കി ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡന കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി പട്യാല ഹൗസിലെ മെട്രോപോളിറ്റന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്തതാണെന്ന് സ്ഥിരീകരിക്കുന്ന കുറ്റപത്രത്തില്‍ ദാമ്പത്യപ്രശ്‌നങ്ങളാണ് സുനന്ദയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ചൂണ്ടിക്കാട്ടുന്നു. സെക്ഷന്‍ 306 (ആത്മഹത്യാ പ്രേരണ), 498 (എ) (വിവാഹിതയായ യുവതിയെ പീഡിപ്പിക്കല്‍) വകുപ്പുകളാണ് കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്.

2014 ജനുവരി 17നാണ് ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ദുരൂഹസാഹചര്യത്തില്‍ സുനന്ദ പുഷ്‌കര്‍ മരിച്ചത്. മരണത്തില്‍ തരൂരിന് പങ്കുണ്ടെന്ന തരത്തില്‍ അന്നു മുതല്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ശശി തരൂരാണ് സുനന്ദയെ മരിച്ച നിലയില്‍ ആദ്യം കണ്ടതെന്ന് അദ്ദേഹത്തിന്റെ െ്രെപവറ്റ് സെക്രട്ടറിയായിരുന്ന അഭിനവ് കുമാര്‍വെളിപ്പെടുത്തിയെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.