ആന്റണിക്ക് വിഭ്രാന്തി; ഉള്ള കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് പോകാതെ നോക്കിക്കോ: പിണറായി

Posted on: May 24, 2018 11:46 am | Last updated: May 24, 2018 at 2:15 pm

ചെങ്ങന്നൂര്‍: കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിക്ക് വിഭ്രാന്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുമ്പ് പറഞ്ഞതെല്ലാം ആന്റണി മറക്കുന്നു. കോണ്‍ഗ്രസുകാര്‍ പകല്‍ കോണ്‍ഗ്രസും രാത്രി ബിജെപിയുമാണെന്നാണ് ആന്റണി മുമ്പ് പറഞ്ഞത്. കോണ്‍ഗ്രസിന് എത്ര ശക്തിയുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. വെറുതേ മേനി നടിച്ചിട്ട് കാര്യമില്ല. കര്‍ണാടകയില്‍ എംഎല്‍എമാരെ റിസോര്‍ട്ടില്‍ പാര്‍പ്പിക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് സ്വന്തം ദൗര്‍ഭല്യം മറക്കരുതെന്നും ഉള്ളവര്‍ ബിജെപിയിലേക്ക് പോകാതെ നോക്കിയാല്‍ മതിയെന്നും പിണറായി പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളില്‍ കെട്ടിവച്ച കാശുപോലും നേടാനാകാതെ നോട്ടക്ക് പിന്നില്‍പ്പോകുന്ന സിപിഎമ്മാണ് ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നു വീരസ്യം പറയുന്നതെന്ന ആന്റണിയുടെ പരിഹാസത്തിന് മറുപടി പറയുകയായിരുന്നു പിണറായി.

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള ആയി ഒതുങ്ങിയ സിപിഎമ്മിന് ബിജെപിയെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരും ഏതെങ്കിലും കാര്യങ്ങള്‍ക്ക് അഭിനന്ദിച്ചാല്‍ രാജഭക്തന്മാര്‍ക്ക് പട്ടും വളയും ലഭിച്ചതുപോലെ സന്തോഷത്തില്‍ തുള്ളിച്ചാടുകയാണു പിണറായി സര്‍ക്കാരെന്നും ആന്റണി പറഞ്ഞിരുന്നു.