കേരള പ്രീമിയര്‍ ലീഗ്: എഫ് സി കേരളക്ക് ജയം

Posted on: May 24, 2018 6:02 am | Last updated: May 24, 2018 at 12:49 am

തൃശൂര്‍: കേരള പ്രീമിയര്‍ ലീഗില്‍ സെന്‍ട്രല്‍ എക്‌സൈസിനെതിരെ എഫ് സി കേരളക്ക് വിജയം. ഇന്നലെ തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് എഫ് സി കേരള വെന്നിക്കൊടി പാറിച്ചത്.

എഫ് സിക്കായി ക്രിസ്റ്റി ഡേവിസ്, എം എസ് ജിതിന്‍, ശ്രേയസ്സ് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ മുഹമ്മദ് മസൂദും സൂരജുമാണ് എക്‌സൈസ് നിരയില്‍ നിന്ന് മറുപടി നല്‍കിയത്.

മത്സരം തുടങ്ങി എട്ടാം മിനുട്ടില്‍ തന്നെ എക്‌സൈസിന്റെ വല ചലിച്ചു. പന്തുമായി കുതിച്ച എഫ് സി കേരളയുടെ അണ്ടര്‍ 19 താരം ക്രിസ്റ്റി ഡേവിസ് എതിര്‍ നിരയിലെ രണ്ടു പേരെ മറികടന്ന് പോസ്റ്റിലേക്ക് പ്ലേസ് ചെയ്തപ്പോള്‍ എക്‌സൈസ് ഗോളിക്ക് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ (1-0). 43ാം മിനുട്ടില്‍ ബോക്‌സിന് വെളിയില്‍ നിന്ന് എക്‌സൈസിന്റെ മസൂദ് എടുത്ത ഫ്രീ കിക്കിലൂടെ എഫ് സി സമനില നേടി (1-1).

രണ്ടാം പകുതിയില്‍ കൂടുതല്‍ വേഗതയും പന്തടക്കവും പ്രദര്‍ശിപ്പിച്ച എഫ് സി കേരള 51ാം മിനുട്ടില്‍ വീണ്ടും ഗോള്‍ നേടി. മൈതാന മധ്യത്തില്‍ നിന്ന് വലതു വിങ്ങിലൂടെ ഒറ്റക്കു മുന്നേറിയ കേരളത്തിന്റെ സന്തോഷ് ട്രോഫി താരം എം എസ് ജിതിന്‍ തൊടുത്ത ഇടങ്കാലന്‍ ഷോട്ട് എക്‌സൈസ് പോസ്റ്റില്‍ തറഞ്ഞു കയറി (2-1). എന്നാല്‍, 12 മിനുട്ട് പിന്നിട്ടപ്പോഴേക്കും സൂരജിലൂടെ എക്‌സൈസുകാര്‍ തിരിച്ചടിച്ചു (2-2).

എഫ് സി കേരള താരങ്ങള്‍ തുടര്‍ന്ന് നടത്തിയ നിരന്തര ആക്രമണങ്ങള്‍ ലക്ഷ്യം കാണാന്‍ 81 ാം മിനുട്ട് വരെ കാക്കേണ്ടി വന്നു. ലാലു, ജിതിന്‍, ശ്രേയസ് കൂട്ടുകെട്ടില്‍ നിന്നാണ് ഗോള്‍ പിറന്നത്. ലാലു നല്‍കിയ പാസുമായ മുന്നേറിയ ജിതിന്‍ ബോക്‌സില്‍ നിന്ന് കൈമാറിയ പന്ത് ശ്രേയസ്സ് ലക്ഷ്യത്തിലേക്കു തൊടുത്തു (3-2). രണ്ടു മത്സരങ്ങള്‍ കൂടി ബാക്കിയുണ്ടെങ്കിലും എഫ് സി കേരളക്ക് അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാനാകില്ല.
ഗോകുലം എഫ് സി (18), ക്വാര്‍ട്‌സ് (16) ടീമുകളാണ് ഗ്രൂപ്പില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളത്. ഒമ്പത് പോയിന്റ് മാത്രമാണ് എഫ് സിക്ക് കേരളയുടെ സമ്പാദ്യം.
ഏഴ് മത്സരങ്ങള്‍ കളിച്ച സെന്‍ട്രല്‍ എക്‌സൈസ് ആറാം പരാജയമാണ് ഇന്നലെ ഏറ്റുവാങ്ങിയത്.