Connect with us

National

നിപ്പ വൈറസ്: നിയന്ത്രണ വിധേയം, പരിഭ്രാന്തി വേണ്ടെന്നും കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: കേരളത്തില്‍ പതിനൊന്ന് പേരുടെ മരണത്തിനിടയാക്കിയ നിപ്പ വൈറസ് ബാധയില്‍ പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്രം. വൈറസിനെ നിയന്ത്രണ വിധേയമാക്കിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വൈറസ് ബാധ വരുന്നത് ഒരു പ്രദേശത്ത് നിന്നാണ് എന്നും അത് നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചുവെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുധന്‍ അറിയിച്ചു. വൈറസ് ബാധയുടെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മരിച്ചവരുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിരുന്ന ഏഴു പേരുടെ രക്ത സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ അഞ്ചെണ്ണത്തിന്റേയും റിസള്‍ട്ട് നെഗറ്റീവ് ആണ്. രണ്ടെണ്ണത്തിന്റെ റിസള്‍ട്ട് ലഭിക്കാനുണ്ടെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു.

വൈറസ് ബാധ കാരണം മരണപ്പെട്ടവരുടെ പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച മറ്റു 60 പേരുടെ രക്ത സാംമ്പിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും ഇത് ഒരു മഹാമാരിയല്ലെന്നും പ്രീതി സുധന്‍ അറിയിച്ചു. പ്രതിരോധ നടപടികളുടെ ഭഗമായി ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുള്ള മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.