വ്യാജ പ്രചാരണം: ജേക്കബ് വടക്കഞ്ചേരിക്കും മോഹനന്‍ വൈദ്യര്‍ക്കുമെതിരെ കേസ്

Posted on: May 23, 2018 9:31 pm | Last updated: May 24, 2018 at 10:17 am

തിരുവനന്തപുരം: നിപ്പ വൈറസ് ബാധയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായതും ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്നതുമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ ജേക്കബ് വടക്കഞ്ചേരിക്കും മോഹനന്‍ വൈദ്യര്‍ക്കുമെതിരെ സൈബര്‍ പോലീസ് കേസെടുത്തു. കേരളത്തിലെ സ്വകാര്യ ആയൂര്‍വേദ ഡോക്ടര്‍മാരുടെ പരാതിയിലാണ് കേസെടുത്തത്. തൃത്താല പൊലീസും ഇവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനും സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്തതിനുമാണു വിവിധ വകുപ്പുകളനുസരിച്ചു കേസെടുത്തിരിക്കുന്നത്.

പ്രകൃതി ചിക്തിസകനെന്ന് അവകാശപ്പെടുന്ന ജേക്കബ് വടക്കഞ്ചേരി നിപ്പ വൈറസ് ബാധയെന്നത് മരുന്നു കമ്പനികളുടെ വ്യാജപ്രചാരണമാണെന്ന തരത്തിലുള്ള സ്‌ന്ദേശമാണ് പ്രചരിപ്പിച്ചിരുന്നത്. നിപ്പ എന്ന സംഭവമേ ഇല്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് ലൈവില്‍ വാദിച്ചു. നിപ്പ വൈറസിനെതിരെ സംസ്ഥാന സര്‍ക്കാറും ആരോഗ്യ വകുപ്പും ത്വരിത ഗതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ജേക്കബ് വടക്കഞ്ചേരി വിചിത്ര വാദങ്ങളുമായി രംഗത്തെത്തിയത്.

നിപ്പാ വൈറസ് ബാധ കണ്ടെത്തിയ സ്ഥലമായ പേരാമ്പ്രയില്‍ നിന്ന് ലഭിച്ച വവ്വാല്‍ കടിച്ച മാമ്പഴവും ചാമ്പങ്ങയുമെന്ന പേരില്‍ ഇവ കഴിക്കുന്ന വീഡിയോ ആണ് ആയൂര്‍വേദ ചികിത്സകനെന്ന് അവകാശപ്പെടുന്ന മോഹനന്‍ വൈദ്യര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. നിപ്പ വൈറസ് ബാധുണ്ടാകുമെന്നതിനാല്‍ വവ്വാലുകള്‍ കടിച്ച ഫലങ്ങള്‍ കഴിക്കരുതെന്ന് ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ഇതിനിടയിലാണ് വവ്വാല്‍ കടിച്ച ഫലങ്ങളെന്ന പേരില്‍ ഇവകഴിക്കുന്ന വീഡിയോ ഇദ്ദേഹം പ്രചരിപ്പിച്ചത്. വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട വീഡിയോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ളതാണ്. ആരോഗ്യ വകുപ്പാണ് നിപ്പാ വൈറസിന് കാരണമെന്നും വവ്വാലുകള്‍ ഭാഗികമായി ആഹരിച്ച കായ്ഫലങ്ങള്‍ കഴിച്ചാല്‍ വൈറസ് ബാധ ഉണ്ടാവില്ല എന്നുമാണ് മോഹനന്‍ വൈദ്യരുടെ വാദം. നിപ്പാ വൈറസ് ബാധ ഗുരുതരമായ സാഹചര്യത്തില്‍ ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് കൂടുതല്‍ ആളുകളെ മരണത്തിലേക്ക് തള്ളിവിടുന്നതാണെന്നണ് മോഹനന്‍ വൈദ്യര്‍ക്കെതിരായ പരാതി.

വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന ആളുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികളാണ് മുഖ്യമന്ത്രിയുടെ ഓഫിസിന് ലഭിച്ചിരുന്നത്. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഐ എം എയും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വ്യാജസന്ദേശങ്ങളില്‍ ജനങ്ങള്‍ കുടുങ്ങരുതെന്നും തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിജിപി നേരത്തേ വ്യക്തമാക്കിയിരുന്നു.