സ്‌പെയിന്‍, ഇംഗ്ലണ്ട് ചിത്രം തെളിഞ്ഞു; സെര്‍ജിയോയും ഹാരി കാനും നായകന്‍മാര്‍

Posted on: May 23, 2018 6:26 am | Last updated: May 23, 2018 at 12:41 am

മാഡ്രിഡ്: ലോകകപ്പിനുള്ള സ്‌പെയ്ന്‍ ടീമിനെ കോച്ച് ജൂലന്‍ ലോപെടേഗി പ്രഖ്യാപിച്ചു. അല്‍വാരോ മൊറാട്ടയെയും വിറ്റോലോയെയും ഒഴിവാക്കി. സെക് ഫാബ്രിഗസും മാര്‍കോസ് അലോണ്‍സോയും ടീമില്‍ ഉള്‍പ്പെട്ടില്ല.

ചെല്‍സി താരമായ മൊറാട്ട ലൊപടേഗിക്ക് കീഴില്‍ നല്ല കളിയാണ് പുറത്തെടുത്ത്. പക്ഷേ, ഈ സീസണില്‍ ചെല്‍സിനിരയില്‍ അപൂര്‍വമായേ അവസരം കിട്ടിയുള്ളൂ. 2017ല്‍ റയല്‍ മാഡ്രിഡില്‍നിന്ന് ചെല്‍സിയിലെത്തിയ മൊറാട്ട 47 കളിയില്‍ 15 ഗോളാണ് നേടിയത്. സ്‌പെയ്‌നിനുവേണ്ടി 23 കളിയില്‍ 13 ഗോള്‍ നേടിയിട്ടുണ്ട്. ഇതില്‍ ലൊപടേഗിക്ക് കീഴില്‍ നേടിയത് ഏഴെണ്ണം. പക്ഷേ, ചെല്‍സിയിലെ പ്രകടനം ടീം തെരഞ്ഞെടുപ്പിനെ ബാധിച്ചു. ദ്യേഗോ കോസ്റ്റ, ഇയാഗോ അസ്പാസ്, റോഡ്രിഗോ മൊറേനോ എന്നിവരെയാണ് ലൊപടേഗി പരിഗണിച്ചത്. മധ്യനിരയില്‍ അത്‌ലറ്റികോ മാഡ്രിഡിന്റെ വിറ്റോലോയെയും പരിഗണിച്ചില്ല. മോശം ഫോമിലാണ് വിറ്റോലോ.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഡേവിഡ് ഡെഗെയ ആണ് ഒന്നാം നമ്പര്‍ ഗോളി. പ്രതിരോധത്തില്‍ റയല്‍ താരം സെര്‍ജിയോ റാമോസും ബാഴ്‌സലോണയുടെ ജെറാര്‍ഡ് പിക്വെയുമുണ്ട്. ഡാനി കര്‍വഹാലും ജോര്‍ഡി ആല്‍ബയുമായിരിക്കും ഇരു വശങ്ങളില്‍. മധ്യനിരയില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ്, ആന്ദ്രേ ഇനിയേസ്റ്റ, ഡേവിഡ് സില്‍വ, ഇസ്‌കോ എന്നിവര്‍ക്കായിരിക്കും പ്രഥമ പരിഗണന. പകരക്കാരുടെ നിരയും ശക്തമാണ്.

പോര്‍ച്ചുഗല്‍, ഇറാന്‍, മൊറോക്കോ ടീമുകള്‍ ഉള്‍പ്പെട്ട ബി ഗ്രൂപ്പിലാണ് സ്‌പെയ്ന്‍. ടീം ഗോള്‍ കീപ്പര്‍മാര്‍: കെപ അറിസബലാഗ (അത്‌ലറ്റികോ ബില്‍ബാവോ), ഡേവിഡ് ഡെഗെയ (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), പെപെ റെയ്‌ന (നാപോളി). പ്രതിരോധം: ജോര്‍ഡി ആല്‍ബ (ബാഴ്‌സലോണ), സെസാര്‍ അസ്പ്ലിക്യുട്ട (ചെല്‍സി), ഡാനി കര്‍വഹാല്‍ (റയല്‍ മാഡ്രിഡ്), നാച്ചോ ഫെര്‍ണാണ്ടസ് (റയല്‍ മാഡ്രിഡ്), നാച്ചോ മോണ്‍റിയല്‍ (അഴ്‌സണല്‍), അല്‍വാരോ ഒഡ്രിയോസോള (റയല്‍ സോഡിഡാഡ്), ജെറാര്‍ഡ് പിക്വെ (ബാഴ്‌സലോണ), സെര്‍ജിയോ റാമോസ് (റയല്‍ മാഡ്രിഡ്).
മധ്യനിര: തിയാഗോ അലസാന്ദ്ര (ബയേണ്‍ മ്യൂണിക്), സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് (ബാഴ്‌സലോണ), ആന്ദ്രേ ഇനിയേസ്റ്റ (ബാഴ്‌സലോണ), ഇസ്‌കോ (റയല്‍ മാഡ്രിഡ്), കോകെ (അത്‌ലറ്റികോ മാഡ്രിഡ്), സോള്‍ നിഗേസ് (അത്‌ലറ്റികോ മാഡ്രിഡ്), ഡേവിഡ് സില്‍വ (മാഞ്ചസ്റ്റര്‍ സിറ്റി).മുന്നേറ്റം: മാര്‍കോ അസെന്‍സിയാ (റയല്‍ മാഡ്രിഡ്), ഇയാഗോ അസ്പാസ് (സെല്‍റ്റ ഡി വിഗോ), ദ്യേഗോ കോസ്റ്റ (അത്‌ലറ്റികോ മാഡ്രിഡ്), റോഡ്രിഗോ മൊറേനോ (വലെന്‍സിയ), ലൂകാസ് വാസ്‌കേസ് (റയല്‍ മാഡ്രിഡ്).

ലണ്ടന്‍: ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ടോട്ടനത്തിന്റെ സ്‌ട്രൈക്കര്‍ ഹാരി കാന്‍ നയിക്കുമെന്ന് കോച്ച് ഗാരത് സൗത്ത്‌ഗേറ്റ്. കഴിഞ്ഞസീസണില്‍ ടോട്ടനത്തിനെ പ്രീമിയര്‍ മൂന്നാംസ്ഥാനത്തെത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഹാരി കാന്റേത്. സീസണില്‍ 41 ഗോളുകളാണ് ഹാരിയുടെ പേരില്‍ കുറിക്കപ്പെട്ടത്. സ്‌കോട്ട്‌ലാന്‍ഡിനെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഹാരി ടീമിനെ നയിച്ചിരുന്നു. കളിയുടെ അവസാനനിമിഷം ടീമിന്റെ സമനില ഗോളും ഹാരികാനില്‍ നിന്നായിരുന്നു. സീനിയര്‍ ടീമിനുവേണ്ടി 23 മത്സരങ്ങളില്‍നിന്ന് 12 ഗോളുകളും നേടിയിട്ടുണ്ട്.