സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റുകളിലും ഇ പോസ് മെഷീന്‍ വരുന്നു

Posted on: May 22, 2018 6:05 am | Last updated: May 22, 2018 at 12:45 am

തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളിലും ഇ പോസ് മെഷീന്‍ സ്ഥാപിക്കും. കേരളത്തിലെ 1,500 ഔട്ട്‌ലെറ്റുകളിലും ഈ സാമ്പത്തിക വര്‍ഷം ഇ പോസ് മെഷീന്‍ സ്ഥാപിക്കാനാണ് തീരുമാനം. റേഷന്‍ കടകളില്‍ ഇ പോസ് മെഷീന്‍ വിജയമായതോടെയാണ് സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റുകളിലും ഇവ സ്ഥാപിക്കാന്‍ പ്രേരണയായിരിക്കുന്നത്. ഇതോടൊപ്പം താലൂക്ക് ആസ്ഥാനങ്ങളിലെ ഔട്ട്‌ലെറ്റുകള്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളായി മാറ്റും. പലവ്യഞ്ജനം, പച്ചക്കറി, ബേക്കറി ഉത്പന്നങ്ങള്‍, മത്‌സ്യം, മാംസം തുടങ്ങി എല്ലാ സാധനങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കുന്ന വിധത്തിലാകും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ സജ്ജീകരിക്കുക.

ഉപഭോക്താക്കളുടെ പരാതി പരിഹാരത്തിനായി പ്രത്യേക ഡയറക്ടറേറ്റ് രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ജില്ല, സംസ്ഥാന തലങ്ങളില്‍ ഉപഭോക്തൃ ഫോറങ്ങളാണുള്ളത്. ഡയറക്ടറേറ്റ് വരുന്നതോടെ ഉപഭോക്താക്കളുടെ പരാതികള്‍ക്ക് വേഗം പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ. മറ്റു പല സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ ഡയറക്ടറേറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 14 ജില്ലകളിലും കണ്‍സ്യൂമര്‍ ഹെല്‍പ് ഡെസ്‌കുകള്‍ സ്ഥാപിക്കും.

തിരുവനന്തപുരം കേന്ദ്രീകരിച്ച് കാള്‍ സെന്ററും പ്രവര്‍ത്തിക്കും. ഉപഭോക്തൃ സംരക്ഷണത്തിനായി പ്രത്യേക മാനദണ്ഡം തയ്യാറാക്കി പ്രസിദ്ധീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.