Connect with us

Kerala

ഹജ്ജ് 2018: വെയ്റ്റിംഗ് ലിസ്റ്റിലുള്ള 141 പേര്‍ക്ക് ഹജ്ജിന് അവസരം

Published

|

Last Updated

കൊണ്ടോട്ടി: വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഹജ്ജ് യാത്ര റദ്ദാക്കുക വഴിയും മറ്റു കാരണങ്ങളാലും ഒഴിവു വന്ന സീറ്റുകള്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിഹിതം വെച്ചപ്പോള്‍ കേരളത്തിലെ വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്ന് 141 പേര്‍ക്ക് ഹജ്ജിന് അവസരം ലഭിച്ചു. വെയ്റ്റിംഗ് ലിസ്റ്റ് 1,675 മുതല്‍ 1,816 വരെയുള്ളവര്‍ക്കാണ് അവസരം ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ഇത്തരത്തില്‍ മൊത്തം 1,207 പേര്‍ക്കാണ് അവസരം ലഭിച്ചത്. അവസരം ലഭിച്ചവര്‍ കാറ്റഗറിക്കനുസരിച്ച് മുഴുവന്‍ തുകയും അടച്ചതിന്റെ പേ ഇന്‍സ്ലിപ്, ഒറിജിനല്‍ പാസ്‌പോര്‍ട്ട്, ഫോട്ടോ, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഈ മാസം 30നകം അതാത് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കൈമാറണം.

അതേസമയം, പുതുതായി അവസരം ലഭിച്ചവരുടെ തിരഞ്ഞെടുപ്പ് താത്കാലികാടിസ്ഥാനത്തില്‍ മാത്രമായിരിക്കും. സഊദി സര്‍ക്കാര്‍ വിസ അടിച്ചില്ലെങ്കില്‍ ഹജ്ജ് കമ്മിറ്റിക്കെതിരെ നിയമ നടപടി സ്വീകരിക്കില്ലെന്ന് രേഖാമൂലം എഴുതി നല്‍കേണ്ടതുണ്ട്. ഇങ്ങനെ അവസരം ലഭിക്കുന്നവര്‍ക്കുള്ള താമസം മദീനയുടെ അതിര്‍ത്തിക്ക് പുറത്തായിരിക്കുമെന്നും ഹജ്ജ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. മദീനയുടെ അതിര്‍ത്തിക്ക് പുറത്ത് താമസിക്കാന്‍ തയ്യാറാണെന്നും അവസരം ലഭിച്ചവര്‍ രേഖാമൂലം എഴുതി നല്‍കേണ്ടതുണ്ട്.

മേല്‍ സത്യവാങ്മൂലത്തിനുള്ള പ്രത്യേക ഫോറം ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ 04832710717.