കണ്ണുകളെ ഈറനണിയിച്ച് ലിനിയുടെ അവസാന കത്ത്

Posted on: May 22, 2018 12:10 am | Last updated: May 22, 2018 at 1:31 pm

സജീഷേട്ടാ, Am almost on the way…
നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല, sorry…
നമ്മുടെ മക്കളെ നന്നായി നോക്കണേ…
പാവം കുഞ്ഞു. അവനെയൊന്ന് ഗള്‍ഫില്‍ കൊണ്ടുപോകണം….
നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്… please….

ലിനി മരണശയ്യയില്‍ ഭര്‍ത്താവിനെഴുതിയ കത്തിലെ വരികളാണിത്….കണ്ണുകള്‍ ഈറനണിഞ്ഞല്ലാതെ ഇത് വായിക്കാനാവില്ല. നിപ്പാ വൈറസ് ബാധിതരായ രോഗികളെ പരിചരിക്കുന്നതിനിടെ വൈറസ് ബാധിച്ച് മരണമടഞ്ഞ ലിനിയെന്ന മാലാഖയുടെ മനസ്സില്‍ മരണശയ്യയിലും സ്വന്തം ഭര്‍ത്താവും മക്കളുമായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കിടക്കുമ്പോഴാണ് ഇനിയൊരു തിരിച്ചുവരവില്ലെന്ന തിരിച്ചറിവില്‍ ലിനി ഭര്‍ത്താവിനുള്ള കത്ത് എഴുതിവെച്ചത്.

ലിനിയുടെ ഭര്‍ത്താവ് സജീഷ് പ്രവാസിയാണ്. ബഹ്‌റൈനില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്ന സജീഷ് പ്രിയതമക്ക് അപൂര്‍വ രോഗം ബാധിച്ചതറിഞ്ഞ് പറന്നെത്തിയെങ്കിലും ഐ സി യുവിന്റെ ചില്ലിനിപ്പുറം നിന്ന് കാണാനേ കഴിഞ്ഞുള്ളൂ. പേരാമ്പ്രയില്‍ നിപ്പാ വൈറസ് ബാധിച്ച് മരിച്ച മൂന്ന് പേരെ സുശ്രൂഷിക്കുന്നതിനിടയിലാണ് ലിനിക്ക് വൈറസ് ബാധയേല്‍ക്കുന്നത്. ഞായറാഴ്ച്ച രാത്രിയാണ് ലിനി മരണപ്പെട്ടത്. രോഗം പകരുമെന്ന ഭീതിയില്‍ കുടുംബത്തിന്റെ അനുമതിയോടെ ലിനിയുടെ മൃതദേഹം രാത്രിതന്നെ വെസ്റ്റ് ഹില്ലിലെ ഇലക്ട്രിക് ശ്മശാനത്തില്‍ സംസ്‌കരിച്ചു. അവസാനമൊരു നോക്ക് കാണാന്‍ പോലും ഭര്‍ത്താവിനോ മറ്റു ബന്ധുക്കള്‍ക്കോ കഴിഞ്ഞില്ല.


ലിനിയും ഭര്‍ത്താവ് സജീഷും

സാധാരണ കുടുംബത്തില്‍ ജനിച്ച ലിനി ആതുരസേവനം ലക്ഷ്യമിട്ടാണ് വന്‍ തുക വായ്പയെടുത്ത് ബെംഗളൂരുവിലെ പവന്‍ സ്‌കൂള്‍ ഓഫ് നെഴ്‌സിംഗില്‍ നിന്ന് ബി എസ് സി നേഴ്‌സിംഗ് പൂര്‍ത്തിയാക്കിയത്. പഠന ശേഷം കോഴിക്കോട്ടെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്‌തെങ്കിലും വായ്പ തിരിച്ചടക്കാനുള്ള ശമ്പളം പോലും ലഭിച്ചില്ല. ഇതിനിടയില്‍ വടകര സ്വദേശിയായ സജീഷുമായുള്ള വിവാഹവും കഴിഞ്ഞിരുന്നു. ദേശീയ ആരോഗ്യ ദൗത്യം പദ്ധതി പ്രകാരമാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലിക്ക് കയറിയത്. രോഗികളോട് നല്ലനിലയില്‍ പെരുമാറിയിരുന്ന ലിനിയെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ക്ക് നന്മകള്‍ മാത്രമേ പറയാനുള്ളൂ.

വേദനിക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍ മാലാഖയായി പിറവിയെടുത്ത ലിനിയെ വിധി അപഹരിച്ചുവെങ്കിലും സ്വന്തം ജീവന്‍ പണയപ്പെടുത്തി രോഗികളെ പരിചരിച്ച അവരുടെ ഓര്‍മകളെ മലയാളമണ്ണ് മറക്കില്ലെന്നുറപ്പ്.